ചെറിയാന്‍ ഫിലിപ്പ് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. രാഷ്ട്രീയത്തിലെ നിര്‍ഭാഗ്യവാന്‍. യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ യൂണിയന്‍ ചെയര്‍മാനായി മത്സരിക്കുന്ന സമയം. നിക്കറിട്ട ഒരു കൊച്ചു കുട്ടി സൈക്കിളില്‍ വന്നത് ഞാന്‍ ഓര്‍ക്കുന്നു. സെന്‍റ് ജോസഫ് സ്കൂളില്‍ നിന്ന് കെ.എസ്.യു. വികാരം മൂത്ത് വന്നതാണ്. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.കാര്‍ ചെറിയാന്‍ ഫിലിപ്പിനെ മാളികപ്പുറത്തു നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. നട്ടെല്ലു തകര്‍ന്നു. പലപ്പോഴും പോലീസിന്‍റെയും എസ്.എഫ്.കാരുടേയും മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം വിട്ടുമാറുകയില്ല. ആരോഗ്യം പോയി.,
യൂണിവേഴ്സിറ്റി യൂണിയന്‍റെ ആഭിമുഖ്യത്തില്‍ ഫിലിപ്പോസ് തോമസും ചെറിയാന്‍ ഫിലിപ്പും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ ഒരു സാഹിത്യ ക്യാമ്പിലേക്ക് എന്നെയും ഭാര്യ ഇന്ദിരയേയും ക്ഷണിച്ചിരുന്നു. ചരല്‍ക്കുന്നില്‍ വച്ചു നടത്തിയ ആ ക്യാമ്പില്‍ ഞങ്ങള്‍ പങ്കെടുത്തു. കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ സാഹിത്യകാരന്‍മാര്‍ പങ്കെടുത്ത ക്യാമ്പായിരുന്നു അത്. ഞാനായിരുന്നു ക്യാമ്പിന്‍റെ കോഓര്‍ഡിനേറ്റര്‍.
ഏ.കെ. ആന്‍റണിയുടെ വിശ്വസ്ത അംബാസിഡറായിരുന്നു ചെറിയാന്‍. കേരള ദേശീയ വേദി രൂപീകരിച്ചു. അസംബ്ലി തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. പക്ഷെ പരാജയപ്പെട്ടു. ജയിക്കാത്ത സീറ്റില്‍ മത്സരിപ്പിച്ചതില്‍ കുപിതനായി അദ്ദേഹം കോണ്‍ഗ്രസ്സ് വിട്ടു മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു. ചെറിയാന്‍ ഫിലിപ്പിനെ ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിപ്പിച്ചു. ജയിക്കാനായില്ല. കല്ലൂപ്പാറയിലും, വട്ടിയൂർകാവിലും ഇടതു പിന്തുണയോടെ അങ്കം കുറിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് കെ.ടി. ഡി.സി . ചെയര്‍മാനായി. . ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ദുഃഖം മാത്രം മിച്ചം. കുടുംബമില്ല, സമ്പാദ്യമില്ല. ഇതിനിടയില്‍ ഏഴു പുസ്തകങ്ങള്‍ എഴുതി. അതുമാത്രമാണ് ജീവിതത്തിലെ സമ്പാദ്യം. “ബാലചന്ദ്രന്‍ സാര്‍ എത്ര ഭാഗ്യവാനാണ് ഞാനോ? ” ചെറിയാന്‍ പറയും. അതു കേള്‍ക്കുമ്പോള്‍ എനിക്കും സങ്കടം തോന്നും. തിരുവനന്തപുരത്തു താമസമാക്കിയപ്പോഴും ഞാന്‍ വല്ലപ്പോഴുമൊക്കെ ഫോണില്‍ വിളിക്കും. ഇപ്പോള്‍ ആത്കഥയെഴുതുവാനുള്ള ശ്രമത്തിലാണ്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആവുമോ . കാത്തിരുന്നു കാണാം:
പ്രൊഫ ജി ബാലചന്ദ്രൻ (ഇന്നലെയുടെ തീരത്ത് )