കലാ-സാഹിത്യ-രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ ലോകപ്രശസ്തരായ അനേകം പ്രതിഭാധനന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് ആലപ്പുഴ. മലയാള സാഹിത്യരംഗത്തെ അതികായരായ തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, പാറപ്പുറം, സി. മാധവന്‍പിള്ള, എന്‍.പി. ചെല്ലപ്പന്‍ നായര്‍, ഐ.സി. ചാക്കോ, കൈനിക്കര കുമാരപിള്ള, സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ള എന്നിവരുടെ രചനകളെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു മലയാളിക്കും കഴിയില്ല. സിനിമാരംഗത്തെ ശക്തിസ്രോതസ്സുകളാണ് കുഞ്ചാക്കോ, നവോദയ അപ്പച്ചന്‍, ജോണ്‍എബ്രഹാം, ശശികുമാര്‍, ഫാസില്‍ തുടങ്ങിയവര്‍. നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കാമ്പിശ്ശേരി കരുണാകരനും, തോപ്പില്‍ ഭാസിയും എസ്.എല്‍ പുരം സദാനന്ദനും. ഓട്ടംതുള്ളലിലും കഥകളിയിലും നൃത്തത്തിലും നാടകാഭിനയത്തിലും പ്രശസ്തിയുടെ സോപാനങ്ങള്‍ ചവുട്ടിക്കയറിയ ചെങ്ങന്നൂര്‍ രാമന്‍പിള്ള, ഗുരു കുഞ്ചുക്കുറുപ്പ്, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, ഗുരു ഗോപിനാഥ്, രാമുണ്ണി, ഓച്ചിറ വേലുക്കുട്ടി, മുതുകുളം രാഘവന്‍ പിള്ള, നെടുമുടി വേണു എന്നിവരെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. കാവ്യരംഗത്ത് വെന്നിക്കൊടി പാറിച്ച മഹാരഥന്മാരാണ്, വയലാര്‍ രാമവര്‍മ്മ, കാവാലം നാരായണപ്പണിക്കര്‍, കെ. അയ്യപ്പപ്പണിക്കര്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍. ചിത്രരചനാരംഗത്ത് ആഗോള പ്രശസ്തരായ രാജാ രവിവര്‍മ്മയും, കാര്‍ട്ടൂണിസ്റ്റ് ശങ്കറും, ലാരിയൂസ് സാറും ആലപ്പുഴയുടെ അഭിമാനങ്ങളാണ്. സംഗീതത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചവരാണ് ദക്ഷിണാമൂർത്തിയും , എം.ജി. രാധാകൃഷ്ണനും ഡോ. ഓമനക്കുട്ടിയും എം.ജി. ശ്രീകുമാറും കാവാലം ശ്രീകുമാറുമെല്ലാം. നാദസ്വര കലയില്‍ വിസ്മയം സൃഷ്ടിച്ചവരാണ് അമ്പലപ്പുഴ ബ്രദേഴ്സും തിരുവിഴാ ജയശങ്കറും. ചരിത്രകാരനും ഭരണാധികാരിയും സാഹിത്യകാരനുമായ സര്‍ദാര്‍ കെ.എം. പണിക്കര്‍ ഇന്ത്യ മുഴുവന്‍ പ്രശസ്തനായ വ്യക്തിയാണ്. കായല്‍ നികത്തി കൃഷി ചെയ്ത് വിളവെടുപ്പ് നടത്തിയ ചരിത്രപുരുഷനാണ് ജോര്‍ജു മുരിക്കന്‍. ചാവറ കുര്യാക്കോസ് ഏലിയാസ്, പി.എന്‍. പണിക്കര്‍, ഡോക്ടര്‍ സ്വാമിനാഥന്‍, പുതുമന തന്ത്രികള്‍, ഇട്ടി അച്ചുതന്‍ തുടങ്ങിയവരുടെ പേരുകള്‍ സ്വര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. രാഷ്ട്രീയ രംഗത്ത് വീരചരിതം കുറിച്ച കെ.കെ. കുഞ്ചുപിള്ള, എന്‍. ശ്രീകണ്ഠന്‍ നായര്‍, ടി.എം. വര്‍ഗ്ഗീസ്, ടി.കെ. മാധവന്‍, ആര്‍. സുഗതന്‍, റ്റി.വി. തോമസ്സ്, കെ.ആര്‍. ഗൗരിയമ്മ, ഏ.കെ. ആന്‍റണി, വയലാര്‍ രവി, രമേശ് ചെന്നിത്തല, വാടപ്പുറം ബാവ, കെ.സി.എസ്. മണി, കുന്തക്കാരന്‍ പത്രോസ്, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ആലപ്പുഴ രാഷ്ട്രീയത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ചവരാണ്. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായി എത്രയോ പ്രതിഭാശാലികള്‍ ചേര്‍ന്നാണ് ആലപ്പുഴയുടെ സാംസ്കാരിക പൈതൃകത്തെ രൂപപ്പെടുത്തിയത്. അവരുടെ കര്‍മ്മപഥങ്ങള്‍ ഈ നാടിന്‍റെ ആത്മാവില്‍ കോറിയിട്ട പരിവര്‍ത്തനത്തിന്‍റെ തിരുശേഷിപ്പുകളേറെയാണ്.
നവോത്ഥാനത്തിന്‍റെ പുതുവെളിച്ചം പരന്നപ്പോള്‍ സമത്വത്തിനുവേണ്ടി പൊരുതി ജയിച്ച ജനത. അതിലെ ഒരു കണ്ണിയാണല്ലോ ഞാനും എന്നോര്‍ക്കുമ്പോള്‍ മനസ്സ് അഭിമാനപൂരിതമാകുന്നു.
പ്രൊഫ ജി ബാലചന്ദ്രൻ