ഈസ്റ്റർ ദിന ചിന്തകൾ

യേശുദേവൻ്റെ പീഡാനുഭവങ്ങളുടെയും കുരിശുമരണത്തിൻ്റെയും ഉയിർപ്പിൻ്റെയും ഓർമ പുതുക്കി ലോകം വിശുദ്ധവാരം ആചരിക്കുകയാണ്. പെസഹ വ്യാഴത്തിലെ അവസാനത്തെ അത്താഴാനന്തര പ്രാർത്ഥനക്കു ശേഷമാണ് വിശ്വമാനവികതയുടെ പ്രവാചകനെ റോമൻ പടയാളികൾ തടവിലാക്കിയത്. ഭരണകൂടം നീട്ടിയ 30 വെള്ളിക്കാശിനു മുന്നിൽ യൂദാസിന് മനമിളകിയപ്പോൾ സ്നേഹത്തിൻ്റെ തമ്പുരാൻ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു. ക്രിസ്തു ദേവൻ്റെ ആത്മീയ യാത്രയിൽ നിഴൽ പോലെ കൂടെ നിന്ന് അദ്ദേഹത്തിൻ്റെ വചനങ്ങളുടെയും അത്ഭുതങ്ങളുടെയും കരുത്തറിഞ്ഞ യൂദാസ്, ദൈവപുത്രനെ ഒറ്റിക്കൊടുത്തത് ചുംബനം നൽകിയായിരുന്നു. കൂടെയുള്ളവൻ ഒറ്റുകാരനെന്നറിഞ്ഞിട്ടും പാദം കഴുകി അപ്പം നൽകുന്ന ഹൃദയവിശാലത അപ്പോഴും കൈ വെടിഞ്ഞില്ല. പീഡാനുഭവങ്ങളുടെ ദു:ഖവെളളിയിൽ കുരിശിലേറ്റപ്പെട്ട് പിടയുമ്പോഴും ദൈവപുത്രൻ ഒന്നേ പറഞ്ഞുള്ളൂ.. “പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ”. സംഭവ ബഹുലവും സമര സജ്ജവുമായിരുന്ന ആ ജീവിതം എന്നെന്നേക്കുമായി അവസാനിച്ചുവെന്ന് കരുതി ആരവങ്ങൾ നടത്തിയവരുടെ കണക്കുകൾ തെറ്റി. കുരിശു മരണത്തിൻ്റെ മൂന്നാം നാൾ ഈസ്റ്റർ ദിനത്തിൽ ദൈവപുത്രൻ ഉയിർത്തെണീറ്റു. ഹൃദയത്തിലും ആത്മാവിലും നന്മയും കരുണയും കാത്തു വെയ്ക്കുന്നവരെ പ്രപഞ്ചശക്തികൾക്ക് കൈവിടാനാവില്ലല്ലോ !’ തന്നെ ഒറ്റിയ യൂദാസിനു പോലും പുനർവിചിന്തനമുണ്ടാക്കുന്ന സനേഹവും ലാളിത്യവും കരുണയുമായിരുന്നു യേശുവിൻേറത്. പിന്നീട് യൂദാസിന് എന്ത് സംഭവിച്ചു എന്ന് പുതിയ കാലത്തെ അഭിനവ യൂദാസുമാർ യേശുദേവനിൽ നിന്നും പഠിക്കണം. ഒപ്പമുള്ളവരെ കുരിശിൽ തറച്ച്, ഒറ്റിയും കാലുവാരിയും ഉല്ലാസ നൃത്തം ചവിട്ടുന്ന മത രാഷ്ട്രീയ സാമൂഹിക രംഗത്തെ എല്ലാവരും യേശുദേവനെ പാഠ പുസ്തകമാക്കണം. തൻ്റെ വ്യക്തിത്വവും നിശ്ചയദാർഢ്യവും ഒരു ഒറ്റുകാരനു മുന്നിലും തളർന്നു പോവില്ലെന്നും പീഡാനുഭവങ്ങൾക്കു മുന്നിൽ പതറി നിൽക്കില്ലെന്നും യേശുദേവൻ വീണ്ടും വീണ്ടും നമ്മെ ഓർമപ്പെടുത്തുന്നു. ഈ വിശുദ്ധവാരം പുനർ വിചിന്തനത്തിൻ്റെയും ആത്മപരിശോധനയുടെയും നല്ല നാളുകൾ കൂടിയാവണം. ലാളിത്യത്തിനും കാരുണ്യത്തിനും സർവ്വോപരി വിശ്വസ്നേഹത്തിനും ഊന്നൽ നൽകിയ യേശുദേവൻ്റെ പിൻ തലമുറയ്ക്ക് അദ്ദേഹത്തിൻ്റെ ജീവിത സന്ദേശം യാഥാർദ്ധ്യമാക്കുന്നതിൽ വലിയ ബാധ്യതയുണ്ട്. വിശന്നു കരയുന്ന കുഞ്ഞുങ്ങളും, മഹായുദ്ധങ്ങൾ അനാഥരാക്കിയവരും, ഭീകരവാദത്താൽ നാടു നഷ്ടപ്പെട്ടവരും , പ്രകൃതി ദുരന്തങ്ങളാൽ പിഴുതെറിയപ്പെട്ടവരുമായ ഒരു വലിയ വിഭാഗത്തിന്റേതു കൂടിയാണ് ഈ ലോകം. അവരോട് ഐക്യപ്പെടാനും കണ്ണീരൊപ്പാനും കൂടിയുള്ള അവസരമാണ് ഈ വ്രത തപ കാലം. വിശന്നിരിക്കുന്നവൻ്റെയും ആലംബഹീനൻ്റെയും വർത്തമാനം പഠിക്കാതെ പുണ്യ ഗ്രന്ഥങ്ങളിലെ വിശുദ്ധ വാക്യങ്ങൾ മാത്രം തിരഞ്ഞതുകൊണ്ട് നമ്മളൊന്നും മനുഷ്യരാവില്ല .

പീഡാനുഭവങ്ങളാൽ കുരിശിലേറ്റപ്പെട്ടവൻ്റെ കൂടെ നിന്ന് ഉയിർത്തെണീപ്പിക്കാൻ നമുക്കും ഉത്തരവാദിത്തമുണ്ട്. അതിനായുള്ള പ്രാർത്ഥനയാവണം ഈ വിശുദ്ധവാരത്തിൽ ഉയർന്നു കേൾക്കേണ്ടത്. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ .

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക