പ്രിയമുള്ളവരെ, ഏഴര പതിറ്റാണ്ടു കാലത്തെ എന്റെ ജീവിതത്തിന്റെ ഓര്‍മ്മപ്പുസ്തകമാണിത്. സ്‌നേഹത്തിന്റെ പനിനീര്‍പ്പൂക്കളും വിദ്വേഷത്തിന്റെ കാരമുള്ളുകളും എന്റെ യാത്രാപഥങ്ങളില്‍ പലരും വാരി വിതറി. തറവാടിത്തമോ പാരമ്പര്യമോ അവകാശപ്പെടാനില്ല. ശൂന്യതയില്‍ നിന്നാണ് ജീവിതം തുടങ്ങിയത്. നേര്‍വഴി പറഞ്ഞുതരാനോ നിയന്ത്രിക്കാനോ ഉപദേശിക്കാനോ ആരും ഉണ്ടായിരുന്നില്ല. പൂജ്യത്തില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത എന്റെ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതമാണ്. എങ്ങനെ ഇവിടെവരെയെത്തി! പ്രതികരിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും എതിര്‍പ്പുകളെ വകഞ്ഞു മാറ്റിയും—. മലവെള്ളപ്പാച്ചില്‍ പോലെയാണ് വേദനകളും ദുരന്തങ്ങളും ജീവിതത്തില്‍ ചൂഴ്ന്നു നിന്നത്. ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുക എന്നതായിരുന്നു എന്റെ നയം. ഞാന്‍ കണ്ടു വളര്‍ന്നത് പാവങ്ങളെയാണ്. അക്കൂട്ടത്തില്‍ എന്നെ സ്‌നേഹിച്ചവരും ദ്രോഹിച്ചവരും ഉണ്ട്. എന്റെ ജ്യേഷ്ഠന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോഴും സഹോദരി അകാലമരണം പ്രാപിച്ചപ്പോഴും അച്ഛന്‍ അഗ്നിയില്‍ എരിഞ്ഞടങ്ങിയപ്പോഴും എങ്ങനെയാണ് പിടിച്ചുനിന്നതെന്ന് എനിക്കുപോലും അറിയില്ല. വേദന മറക്കാനുള്ള ഉപാധികളായിരുന്നു എനിക്ക് പഠനവും രാഷ്ട്രീയവും. ഞാന്‍ അപമാനിതനായിട്ടുണ്ട്. എന്നെ ചെളിയില്‍ ചവിട്ടിത്താഴ്ത്താന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. കോളേജില്‍ ജോലി കിട്ടിയതും ഇന്ദിരയെ ഭാര്യയായി ലഭിച്ചതും നല്ല രണ്ടു മക്കള്‍ പിറന്നതും എന്റെ സൗഭാഗ്യങ്ങളാണ്. രാപകല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു. അവസരങ്ങള്‍ പലപ്പോഴും നിഷേധിക്കപ്പെട്ടു. ആദര്‍ശം കൈവിട്ടു കളിക്കാനും തയ്യാറായില്ല. എന്റെ ശരീരഭാഷയും സംസാര രീതിയും ധിക്കാരവും രാഷ്ട്രീയത്തില്‍ കുറച്ചേറെ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. സ്വത്വം അറിഞ്ഞുകൊണ്ട് കൈകള്‍ കളങ്കപ്പെടാതെ ജീവിക്കാനാണ് ശ്രമിച്ചത്. ആരേയും നോവിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ ശ്രമിച്ചിട്ടില്ല. അര നൂറ്റാണ്ടു കാലത്തെ കലാലയ ജീവിതവും രാഷ്ട്രീയ-സാഹിത്യ രംഗത്തെ പ്രവര്‍ത്തനവും ഞാന്‍ കണ്ടറിഞ്ഞ നേതാക്കളുടേയും ഗുരുനാഥന്മാരുടേയും മഹത്വവും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സൗഹൃദങ്ങളും കോറിയിട്ടിട്ടുണ്ട്. എന്റെ സഹധര്‍മ്മിണി ഇന്ദിരയാണ് പുസ്തകത്തിന്റെ രചനയില്‍ എന്നെ സഹായിച്ചത്. അവതാരിക എഴുതി തന്ന സാനുമാഷിനോടുള്ള നന്ദി പറഞ്ഞാല്‍ തീരാത്തതാണ്. സ്നേഹത്തോടെ..
പ്രൊഫ ജി ബാലചന്ദ്രൻ.