എലിസബത്ത് രാജ്ഞിയെ വീഴ്ത്തിയ കൈമണിക്കാരന്റെ കൗശലം.

ലോകത്തിലെ ഏറ്റവും വലിയ ഭരണാധികാരി എന്ന നിലയിൽ വിഖ്യാതയായിരുന്നു എലിസബത്ത് രാജ്ഞി. അവരുടെ ദിനചര്യകളിലെ പ്രധാനയിനമായിരുന്നു പ്രഭാത സവാരി.

അന്നത്തെ ഇംഗ്ലണ്ടിലെ റോഡുകൾ ഇന്ന് കേരളത്തിലുള്ള കച്ചടാ റോഡുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഇടയ്ക്കിടക്ക് കുണ്ടും കുഴിയും ചെളി വെള്ളവും മഴക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

ഒരു ദിവസം പ്രഭാത സവാരിയ്ക്കിടെ രാജ്ഞിയുടെ ഒരു കാലെങ്കിലും ചെളി വെളളത്തിൽ ചവിട്ടാതെ മുൻപോട്ടു പോകാൻ കഴിയാത്ത അവസ്ഥ. രാജ്ഞിയും പരിവാരങ്ങളും അൽപ്പസമയം ശങ്കിച്ചു നിന്നു.

ഇതെല്ലാം നോക്കിക്കൊണ്ട് ഒരു അപരിചിതൻ നിൽപ്പുണ്ടായിരുന്നു. അയാൾ പെട്ടെന്ന് മുൻപോട്ടുവന്ന് തന്റെ കോട്ട് അഴിച്ച് ചെളി വെള്ളത്തിന് മുകളിൽ വിരിച്ച് രാജ്ഞിയോട് പറഞ്ഞു: ” ഒട്ടും മടിക്കാതെ ഈ കോട്ടിന്റെ മുകളിൽ ചവുട്ടി യാത്ര തുടരുക. ” അല്പം മടിച്ചു നിന്ന എലിസബത്ത് രാജ്ഞിയോട് നവാഗതൻ വീണ്ടും പറഞ്ഞു: ‘ എന്തിനു മടിക്കണം, ഞാനല്ലേ പറയുന്നത്. എന്റെ കോട്ടിൽ ചവുട്ടി ദേവി സസന്തോഷം മുൻപോട്ടു പോയാട്ടെ’

ഈ അപരിചിതന്റെ നിരന്തരമായ പ്രോൽസാഹനത്തിനു വഴങ്ങി രാജ്ഞി ആ കോട്ടിൽ ചവുട്ടി അപ്പുറം കടന്നു. അതിനുശേഷം തോഴികളോട് ആ വസ്ത്രമെടുത്ത് കൊട്ടാരത്തിൽ കൊണ്ടു പോയി കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ട് നാളെത്തന്നെ അദ്ദേഹത്തിന് തിരിച്ച് ഏൽപ്പിക്കണമെന്നും കല്പ്പിച്ചു.

തികച്ചും അപ്രതീക്ഷിതമായ ഒരു പ്രതികരണമാണ് അപ്പോൾ അപരിചിതനിൽ നിന്നും ഉണ്ടായത്. ഒറ്റക്കുതിപ്പിന് തോഴിമാരിൽ നിന്നും ആ കോട്ട് പിടിച്ചു വാങ്ങി. അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ‘മഹാരാജ്ഞിയുടെ പാദമുദ്ര പതിഞ്ഞ ഈ കോട്ട് ഇതേ രൂപത്തിൽ എന്റെ അലമാരയിൽ എന്നെന്നും സൂക്ഷിക്കുന്നതാണ്.. എനിക്ക് ദിവസവും കണി കാണാനുള്ള ഒരു അലങ്കാര വസ്തുവായി ഇത് നിലനിൽക്കും.’

എലിസബത്ത് രാജ്ഞിയെന്ന ഹിമശൈലം ഉരുകാൻ തുടങ്ങി. അവർ ചോദിച്ചു: ‘ അങ്ങാരാണ്?അങ്ങയുടെ പേരെന്ത് ? ‘ ഇതിന്റെ മറുപടി ‘എലിസബത്ത് മഹാരാജ്ഞിയെ ആരാധിക്കുന്ന ജന ലക്ഷങ്ങളിൽ ഒരുവൻ മാത്രമാണ് ഞാൻ. ഇത് എന്റെ ജീവിതത്തിലെ ധന്യമുഹൂർത്തമാണ് ‘ .

രാജ്ഞി ചോദിച്ചു: ‘ അങ്ങേയ്ക്ക് വൈകുന്നേരം ആറുമണിക്ക് കൊട്ടാരത്തിൽ വരുന്നതിന് തടസ്സമൊന്നുമില്ലല്ലോ? ‘ ‘മഹാരാജ്ഞി കൽപ്പിച്ചാൽ എവിടെയും വരാൻ ഞാൻ സന്നദ്ധനാണ് ‘ : അയാൾ പ്രതിവജിച്ചു.

അന്ന് വൈകുന്നേരം കൃത്യം 6 മണിക്കുതന്നെ ആ അപരിചിതൻ കൊട്ടാരത്തിൽ ഹാജരായി. തോഴിമാരോടൊത്ത് മഹാരാജ്ഞി തന്നെയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. രാജ്ഞി ചോദിച്ചു: ‘ അങ്ങ് ആരാണ്? അങ്ങേയ്ക്ക് എന്തു സഹായമാണ് ഞാൻ ചെയ്യേണ്ടത്? ധൈര്യമായി ചോദിച്ചു കൊള്ളൂ. എന്തും അങ്ങേയ്ക്ക് ലഭ്യമാണ്.’

വിനയപൂർവ്വമായ മറുപടി ഇതായിരുന്നു: ‘ ഞാനാണ് കുപ്രസിദ്ധനായ കടൽ കൊള്ളക്കാരൻ – വാൾട്ടർ റാലി. എനിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് രാജ്ഞി ആഗ്രഹിക്കുന്നെങ്കിൽ എനിക്കു വേണ്ടത് ഇത്രമാത്രമാണ് ഫ്രഞ്ച് കപ്പലുകൾ കൊള്ളയടിക്കുന്നതിന് ബ്രിട്ടീഷ് നേവിയുടെ സഹായം ലഭ്യമാക്കിയാൽ വലിയ ഉപകാരമായിരുന്നു..’ ഫ്രാൻസ് നമ്മുടെ ശത്രു രാജ്യമാണല്ലോ.

‘ഇതിനാണോ ഇത്ര വിഷമം’

രാജ്ഞി അതിനുള്ള ഏർപ്പാടുകൾ ചെയ്തു.

ഫ്രഞ്ച് കപ്പലുകൾ നിർബാധം കൊള്ളയടിക്കുന്നതിന് വാൾട്ടർ റാലിക്ക് കഴിഞ്ഞു എന്നു മാത്രമല്ല അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ കടൽ കൊള്ളക്കാരൻ എന്ന ബഹുമതിയും നേടി. രാജ്ഞിയുടെ ഔദാര്യം നിമിത്തം താമസം വിനാ അദ്ദേഹത്തിന് ‘സർ വാൾട്ടർ റാലി’ എന്ന പദവി ലഭിച്ച് പ്രഭുസ്ഥാനീയനായി.

ഇദ്ദേഹമാണ് ഇംഗ്ലണ്ടിലേക്ക് ആദ്യമായി ഉരുളക്കിഴങ്ങും പുകയിലയും കൊണ്ടുവന്നത്. ഉരുളക്കിഴങ്ങ് ഇംഗ്ലണ്ടിലെ ഭക്ഷ്യവിഭവങ്ങളിൽ പ്രാധാന്യം നേടിയപ്പോൾ ചുരുട്ടും സിഗരറ്റും അവരുടെ ദേശീയ സ്വഭാവമായി. അദ്ദേഹം സമ്പന്നരിൽ സമ്പന്നനായി.

ഒരിക്കൽ ഇദ്ദേഹം ചുരുട്ടു വലിക്കുന്നതുകണ്ട് യജമാനനു തീ പിടിച്ചതാണെന്നു ഭയന്ന ഭൃത്യൻ ഒരു ബക്കറ്റു വെള്ളം തലയിൽ ചൊരിഞ്ഞ കഥ പ്രസിദ്ധമാണ്.

കഥയുടെ പൊരുളിതാണ്. കൈമണിയടിച്ച് എന്തും നേടാമെന്ന് ഈ കഥ വ്യക്തമാക്കുന്നു..

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക