ദീപാവലി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആഘോഷിക്കുന്നു. ഇന്ത്യയിൽ പൊതുവെയും വടക്കേ ഇന്ത്യയിൽ വിശേഷിച്ചും ദീപാവലി ദോശീയോത്സവം കൂടിയാണ്. എല്ലാ ആഘോഷങ്ങളെപ്പോലെ ദീപാവലിക്കു പിന്നിലും വാമൊഴിയായും വരമൊഴിയായും പകർത്തിവച്ച കുറെ നാടോടിക്കഥകളുണ്ട്.
14 വർഷത്തെ കാനന വാസത്തിനു ശേഷം തിരിച്ചെത്തുന്ന രാമലക്ഷ്മണൻമാരെയും സീതാദേവിയേയും അയോധ്യാ വാസികൾ നിറദീപങ്ങളോടെ വരവേല്ക്കുന്ന ആഘോഷമായിട്ടും ദീപാവലി സങ്കല്പിക്കപ്പെടുന്നു. ദശരഥ പുത്രൻമാരുടെ വനവാസം ഉദ്വേഗജനകവും സംഭവബഹുലമായിരുന്നുവല്ലോ. ലങ്കാധിപതിയായ രാവണനെ വധിച്ച് സീതയെ വീണ്ടെടുത്തു വരുന്ന ശ്രീരാമൻ ഭക്തർക്ക് പുണ്യ പുരുഷനാണ്.
ശ്രീരാമനില്ലാതെ അദ്ദേഹത്തിന്റെ മെതിയടി സിംഹാസനത്തിൽ വച്ച് രാജ്യ ഭാരം നടത്തിയ ഭരതൻ, ശ്രീരാമൻ വന്നയുടനെ ഭരണമൊഴിഞ്ഞ് രാജ്യഭാരം ജ്യേഷ്ഠനെ ഏല്പിച്ചു.രാമന്റെ നിഴൽ പോലെ പിന്തുടർന്ന ലക്ഷ്മണനും ഭർത്താവിനോടൊപ്പം താനുമുണ്ടാകുമെന്ന ശഠിച്ച സീതയും ഉത്തമ മാതൃകയുടെ നിറകുടങ്ങളാണ്. അസത്യത്തിൻ്റെ അന്ധകാരത്തിൽ നിന്ന് സത്യത്തിൻ്റെ പ്രകാശത്തിലേക്കുള്ള പ്രയാണത്തിന് ദീപം കൊളുത്തിയ സത്യബോധത്തിൻ്റെ ശ്രീരാമ സ്മരണകളുമായി ദീപാവലി ഇന്നും ആഘോഷിക്കപ്പെടുന്നു. നരകാസുരനെ കൃഷ്ണൻ വധിച്ചതിന്റെ ആഘോഷവും കൂടിയാണിതെന്ന വിശ്വാസവും നിലവിലുണ്ട്.
ദീപാവലിക്കാലത്ത് ദശലക്ഷക്കണക്കിന് ദീപങ്ങളാൽ നാടും നഗരവും ക്ഷേത്രാങ്കണങ്ങളും അലംകൃതമാവും. ദീപാവലി രാവുകളിലെ പ്രകാശവലയത്തിന്റെ ഘോഷയാത്ര കണ്ണിനും മനസ്സിനും ആനന്ദകരമാണ്. മധുര പലഹാര വിതരണവും, ആകാശത്ത് നക്ഷത്രപ്രഭ തീർക്കും വിധം പൂവും പൂത്തിരിയും മത്താപ്പും കത്തിക്കലും, പടക്കം പൊട്ടിക്കലും നൃത്തനൃത്യങ്ങളും ആഘോഷത്തിൻ്റെ ഭാഗമാണ്.
ജാതി മത വ്യത്യാസമില്ലാതെ പരസ്പരം മധുരം കൈമാറുന്ന ദീപാവലിക്കാലം മത സാഹോദര്യത്തിന്റെ നിദർശനം കൂടിയാണ്. ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും തിരിച്ചു വരവിന്റേയും മൂഹൂർത്തം ആഘോഷമാക്കിയ ദീപാവലിയുടെ പ്രകാശം നമ്മുടെ മനസ്സിൽ തെളിയട്ടെ.
പ്രൊഫ.ജി.ബാലചന്ദ്രൻ

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി