ആലപ്പുഴയുടെ സാംസ്കാരിക പൈതൃകം വൈവിദ്ധ്യമാർന്നതാണ് പേരെടുത്തവരും പേരറിയാത്തവരുമായ എത്രയോ പ്രതിഭാശാലികളും മഹാരഥന്മാരും ചേർന്നാണ് ആ പൈതൃകത്തെ രൂപപ്പെടുത്തിയത്. അവരുടെ പാദസ്പർശം കൊണ്ട് എൻ്റെ നാടിൻ്റെ ആത്മാവിൽ കോറിയിട്ട പരിവർത്തനത്തിൻ്റെ തിരുശേഷിപ്പുകൾ അനന്തമാണ്. ഐതിഹ്യങ്ങളും, കെട്ടുകഥകളും, അർദ്ധ സത്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭൂമിക. അതിജീവനത്തിൻ്റെയും അതി സാഹസികതയുടേയും വീരേതിഹാസ കഥകൾ ഹൃദയത്തിലേറ്റുന്നവരാണ് ആലപ്പുഴക്കാർ. ദിവാൻ സർ സി.പി . രാമസ്വാമി അയ്യർക്കും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെയുള്ള സമരത്തിന് ആദ്യം തീ കൊളുത്തിയത് ആലപ്പുഴയിൽ നിന്നാണ്. നവോത്ഥാനത്തിൻ്റെ പുതുവെളിച്ചം പരന്നപ്പോൾ’ സമത്വത്തിനു വേണ്ടി പൊരുതി ജയിച്ച ജനത. അതിലെ ഒരു കണ്ണിയാണല്ലോ ഞാനും എന്നോർക്കുമ്പോൾ മനസ്സ് അഭിമാനപൂരിതമാകുന്നു. കിഴക്കിൻ്റെ വെനീസിന് ഇനിയും ഏറെ കാതങ്ങൾ മുന്നേറാനുണ്ട്. കയറിനും കൃഷിക്കും ഉണ്ടായിരുന്ന പഴയ പ്രതാപം നഷ്ടപ്പെട്ടു. മനുഷ്യാധ്വാനത്തിൻറെ വിള ഭൂമിയാണ് ആലപ്പുഴയും കുട്ടനാടും ‘ രാജാകേശവദാസൻ രൂപകല്പന ചെയ്ത നഗരമാണിത്. “ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു” എന്ന് പറഞ്ഞതു പോലുള്ള അവസ്ഥയാണ് ഇപ്പോൾ. ആലപ്പുഴയ്ക്ക് ഒരു പുനർജനി വേണ്ടിവരും.
പ്രൊഫ ജി ബാലചന്ദ്രൻ