പ്രിയ വേണു .. ഇങ്ങനെയൊരു യാത്രാമൊഴി എഴുതേണ്ടി വന്നു.. അതും നിറഞ്ഞ കണ്ണുകളോടെ …. എൻ്റെ പ്രതിഭാധനനായ ശിഷ്യനായിരുന്നു വേണു .. അതു കൊണ്ട് തന്നെ കഴിഞ്ഞ അദ്ധ്യാപക ദിനത്തിൽ ഞാൻ ഓർത്തെടുത്തത് വേണുവിനെയായിരുന്നു. : SD കോളേജിലെ ബി.എ. പഠനത്തിന് എത്തുന്നതും കലാപ്രകടനം കണ്ട് പാർത്ഥസാരഥി അയ്യങ്കാർ വിസ്മയിച്ചതും ഒന്നും എനിക്ക് മറക്കാൻ കഴിയില്ല. എൻ്റെ ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന ” ഇന്നലെയുടെ തീരത്ത് ” എന്ന ആത്മകഥയിൽ വേണുവിൻ്റെ എസ്. ഡി. കോളേജ്കാലം അതുപോലെ പകർത്തി വെച്ചിട്ടുണ്ട് . ഒരു ശിഷ്യനുള്ള സ്നേഹസമ്മാനമായി. . ഒരിക്കൽ മുഖപുസ്തകത്തിൽ പങ്കുവെച്ചതാണ് എങ്കിലും വീണ്ടും എഴുതുന്നു… എൻ്റെ പ്രിയ ശിഷ്യൻ വേണുവിനെ സ്നേഹപൂർവ്വം സ്മരിച്ചു കൊണ്ട് .. ആലപ്പുഴ സനാതന ധർമ്മ കോളേജിൽ അദ്ധ്യാപകനായിരിക്കെ, ഒരിക്കൽ ബി.എ. ക്ലാസിലെ ഒരു പെൺകുട്ടിയോട് Get Out പറയേണ്ടി വന്നു… . അന്ന് ഞാൻ ഉച്ചയൂണ് കഴിഞ്ഞ് കോളേജിൽ എത്തിയപ്പോൾ കണ്ട കാഴ്ച തന്നെയാണ് എനിക്ക് നെടുമുടി വേണുവിനെ പറ്റി പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്നത്. കുട്ടികളുടെ കൂടെ നിന്ന് നെടുമുടി എന്നെ അനുകരിച്ച് അഭിനയിക്കുകയാണ്. എൻ്റെ ശബ്ദവും ഭാവവും എല്ലാം പുറത്തെടുത്ത് വേണു കസറുകയാണ്! അഭിനയം കണ്ട് ഞാൻ ചിരിച്ചു പോയി. ആ ശബ്ദം കേട്ട വേണു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ നിൽക്കുന്നു!! . അയ്യോ ബാലചന്ദ്രൻ സാർ !! എന്നു പറഞ്ഞ് വേണു ഓടി മറഞ്ഞു. മറ്റൊരിക്കൽ ആകാശവാണിയിൽ ഒരു പരിപാടിക്ക് ഞാനും കൊമേഴ്സിലെ സുബ്രഹ്മണ്യൻ സാറും, വേണുവും, ഫാസിലും ഉൾപ്പെടെ അഞ്ച് പേർ ഒരു നാടകവും പാട്ടും ചിട്ടപ്പെടുത്തി പോയി. ആകാശവാണിക്കാർ പറഞ്ഞു. ചിരിപ്പിക്കാൻ വകയുള്ളതെന്തെങ്കിലും വേണം. ഉടനെ ഫാസിലും ( സംവിധായകൻ) വേണുവും ചടപടാന്ന് ഒരു സ്കിറ്റ് ഉണ്ടാക്കി അവതരിപ്പിച്ചു. വേണു മണ്ടൻ മുസ്തഫയും, ഫാസിൽ ചേട്ടനുമായി. വളരെ നല്ല പ്രതികരണമായിരുന്നു അതിന്. നെടുമുടിയുടേയും ഫാസിലിൻ്റെയും കന്നി അരങ്ങേറ്റമായിരുന്നു അത്. പിന്നീട് വേണു അഭിനയ കുലപതിയായി . വളർച്ചയുടെ വെന്നിക്കൊടികൾ കീഴടക്കുമ്പോഴും വേണു എന്നെ മറന്നില്ല. കൂടിക്കാഴ്ച്ചകൾ കുറഞ്ഞുവെങ്കിലും ഹൃദയബന്ധങ്ങൾ സൂക്ഷിച്ചു. വേണു യാത്രയാവുമ്പോൾ നെടുമുടി എന്ന ദേശം അനശ്വരമാവുന്നു. എങ്കിലും എൻ്റെ ഹൃദയ ദു:ഖം വേദനയായ് അവശേഷിക്കുന്നു .. വേണുവിന് കണ്ണീർ പ്രണാമം.”
പ്രൊഫ ജി ബാലചന്ദ്രൻ