മുഖപുസ്തകത്തിൽ സജീവമായിട്ട് ഇന്നേയ്ക്ക് 75 ദിവസം തികയുന്നു. 65 ചെറുകുറിപ്പുകൾ കൊണ്ട് തിരിച്ചുപിടിച്ച ബന്ധങ്ങൾ വളരെ വലുതാണ്. . . . ഞാൻ എഴുതിയ ചെറിയ ഓർമ്മകളും അനുഭവങ്ങളും എല്ലാം 73804 ൽപരം സുഹൃത്തുക്കളിലേക്ക് “എത്തി ” എന്നറിയുമ്പോൾ ഈ എഴുപത്തിയഞ്ചുകാരന് വലിയ സന്തോഷം. രാജ്യങ്ങളുടെ മതിലുകളും ആകാശവും എല്ലാം ഭേദിച്ച വലിയ ഒരു പരിചയ നിര! വീണുപോയ മഞ്ചാടിക്കുരു വീണ്ടെടുക്കുമ്പോൾ ഒരു കൊച്ചു കുട്ടിക്കുണ്ടാകുന്ന സന്തോഷമുണ്ടല്ലോ ! ?അത് തന്നെയാണ് ഞാൻ Fb യിലൂടെ തിരിച്ചുപിടിച്ചത്. . മഹാമാരി എല്ലാവരെയും തമ്മിലകറ്റി, മാനസികമായി തളർത്തി.? അപ്പോൾ പ്രായം 75 പിന്നിട്ടവരുടെ കാര്യം പറയേണ്ടല്ലോ ? :’ അടച്ചുപൂട്ടൽ എല്ലാവരെയും വീട്ടുതടങ്കലിലാക്കി.. എങ്കിലും വെറുതെ ഇരുന്നില്ല. ഓർമകൾ എല്ലാം കണ്ണിമുറിയാതെ ഒരു നൂലിൽ കോർത്തു. “ഇന്നലെയുടെ തീരത്ത് ” എന്ന ആത്മകഥാ രചന പൂർത്തിയാക്കി, എന്നിട്ടും സമയം ബാക്കി… … നാല് മണിയുടെ ബെല്ല് കേട്ടാൽ ജനൽ ചാടി ഓടുന്ന ആ പഴയ സ്കൂൾ കാലത്തെ ഓർത്ത് അസൂയപ്പെട്ടു, അപ്പോഴാണ് മുഖപുസ്തകത്തിലൂടെ സംവദിക്കാം എന്ന ആശയം ഉള്ളിലുദിച്ചത്. ഹരിശ്രീ കുറിച്ച് തുടങ്ങിയപ്പോൾ ഭാര്യ ഇന്ദിരയും മകളും സർവ്വാത്മനാ പിന്തുണച്ചു. അപ്പൂപ്പൻ്റെ പുതിയ പഠനം കണ്ട എൻ്റെ കൊച്ചുമകൻ ചിരിച്ചു .! ആദ്യമാദ്യം കുറിപ്പുകൾക്ക് വരുന്ന Like ഉം share ഉം നോക്കി നിന്നു. വിത്ത് വിതച്ചാൽ മുള വരുന്നത് നോക്കി നിൽക്കുന്ന കർഷകനെ പോലെ. പിന്നെ അതൊരു ഹരമായി .. ആയിരവും പതിനായിരവും പേരിലേക്ക് നമ്മൾ എഴുതുന്ന ഹൃദയവികാരങ്ങൾ എത്തുന്നു എന്നറിയുമ്പോൾ വലിയ ആവേശം. പഴയ മടിയും ഒറ്റപ്പെടലും മുഷിപ്പും എല്ലാം മാറി. പ്രായം കുറഞ്ഞതായ ഒരു തോന്നൽ… ആൾകൂട്ടത്തിനിടയിൽ കഴിയുന്ന സന്തോഷം.. ! പുതിയ കുറിപ്പുകളുമായ് പുതിയ പുതിയ സൂര്യോദയത്തിന് കാത്ത് നിൽക്കും. എന്നും ഗൃഹപാഠം ചെയ്യും. അക്ഷരവും ആശയവും തെറ്റിയാൽ കൂട്ടിനെത്തുന്ന “കുട്ടികളോട് ” കണ്ണുരുട്ടും. FB വഴങ്ങുമെന്നായപ്പോൾ ട്വിറ്ററും, ഇൻസ്റ്റാഗ്രാമും, യൂട്യൂബും, ബ്ലോഗും, അതിലെല്ലാമുപരി വെബ് സൈറ്റും ഒരു കൈ നോക്കാമെന്നായി. എന്തായാലും വിട്ടു പോയ ബന്ധങ്ങൾ , പഴയ ചങ്ങാത്തങ്ങൾ, നല്ല ഓർമ്മകൾ എല്ലാം തിരികെ എത്തി. പഴയ ശിഷ്യരും, സഹപ്രവർത്തകരും, സഹപാഠികളും എല്ലാം നാനാ ദേശങ്ങളിൽ നിന്നായ് സ്നേഹ സന്ദേശങ്ങൾ കൈമാറി. ആദ്യാക്ഷരം പകർന്നവർ മുതൽ ആത്മവിശ്വാസം നൽകിയവർ വരെയുള്ള ഒരു വലിയ ഗുരപരമ്പരയെ നവ മാധ്യമം കൊണ്ട് പ്രണമിക്കാനായി… ചെന്നിത്തലയും, , സുധീരനും, സതീശനും, സി.വി യും , പന്തളവും, സമ്പത്തും , താമരാക്ഷൻ സാറും ……. എല്ലാം പഴയ ബന്ധങ്ങൾ പുതുക്കി .. നിലയ്ക്കാത്ത ഫോൺ വിളികൾ കൂടിയായപ്പോൾ പുതിയ ഉന്മേഷം ‘ … എഫ്. ബി പോസ്റ്റുകൾക്ക് മറുകുറിയായി എത്രയെത്ര കമൻ്റുകൾ ‘,, പലതും ഹൃദയാക്ഷരങ്ങൾ .. സ്നേഹാശംസകൾ, സംശയങ്ങൾ! ചിലർ സത്യസന്ധമായി വിമർശിച്ചു … വിരലിലെണ്ണാവുന്നവർ പരിഹസിച്ചു… എങ്കിലും പരിഭവമില്ല.. തികഞ്ഞ ആത്മസംതൃപ്തി. . പല ഓൺലൈൻ മാധ്യമപ്രവർത്തകരും ഉപദേശ നിർദ്ദേശങ്ങൾ നൽകി സഹകരിച്ചു. .. എഴുതുന്നത് പൊതുജന സമക്ഷം ആണെങ്കിലും ഞാൻ നിലപാടുകളിൽ നിന്ന് അണുകിട പിൻമാറിട്ടിയില്ല.. കാരണം എൻ്റെ എഴുത്തുകൾ എൻ്റെ ബോധ്യങ്ങളാണ്.. എൻ്റെ ശരികളും. .. ഒരു പൊതു പ്രവർത്തകന് ഒരിക്കലും ജനങ്ങളുമായ് ദീർഘകാലം സംവദിക്കാതിരിക്കാൻ കഴിയില്ല. : അതിനുള്ള സാധ്യതയാണ് നവമാധ്യമങ്ങൾ .. ആദ്യ 75 ദിവസത്തെ സന്തോഷവും നന്ദിയും എൻ്റെ കുറിപ്പുകൾ കണ്ട 73804 പേരെയും സ്നേഹപൂർവ്വം അറിയിക്കുന്നു .. സ്നേഹ ബന്ധങ്ങൾ തുടരണം..
പ്രൊഫസർ ജി ബാലചന്ദ്രൻ