തമിഴകത്തെ കുടുംബിനികളാരും അവരുടെ ഭർത്താക്കന്മാരുടെ പേര് പറയാറില്ല. അത് നിഷിദ്ധമായിട്ടാണ് അവർ കരുതുന്നത്. ഈ ആചാരത്തെപ്പറ്റി അറിയാത്ത ആരെങ്കിലും ഒരു തമിഴ് സ്ത്രീയോട് അവരുടെ ഭർത്താവിന്റെ പേര് ചോദിച്ചാൽ ഉടനടി കിട്ടുന്ന ഉത്തരം ഇതായിരിക്കും. “എങ്കൾ വീട്ടു പുരുഷൻ പേര് ശൊല്ലമാട്ടെ” ചോദ്യകർത്താവിന്റെ അജ്ഞതയാണ് ഈ ചോദ്യത്തിന് പിന്നിലെന്ന് അറിയാവുന്ന ആ സ്ത്രീ ചോദ്യകർത്താവിനെക്കൊണ്ടു തന്നെ വളരെ തന്മയത്വമായി ആ പേര് പറയിക്കുന്നത് രസകരമാണ്. ഉദാഹരണമായി ആ വീട്ടുടമസ്ഥന്റെ പേര് ഷൺമുഖൻ എന്നാണെന്നു കരുതുക. ആ സ്ത്രീ ഒരു ചെറു പുഞ്ചിരിയോടെ ചോദ്യകർത്താവിനോട് ചോദിക്കും. ‘എന്നാ പഴനിയാണ്ടവൻ പേരു തെരിയാതാ’? ഒരു ക്ലൂ കിട്ടിയ സന്തോഷത്തിൽ അയാളുടെ പ്രതികരണം ഇങ്ങനെയായിരിക്കും. ‘എന്നാ? മുരുകനാ ‘ ‘അല്ല’ എന്നാകും മറുപടി ‘വേലായുധനാ?’ അയാളുടെ അടുത്ത ചോദ്യം.’ അല്ല”സുബ്രഹ്മണ്യനാ”അല്ല”ഷൺമുഖനാ”ആമാങ്കെ-ആമാങ്കെ’.എത്ര തന്മയത്വമായാണ് ചോദ്യകർത്താവിനെ ശരിയായ ലക്ഷ്യത്തിലേക്ക് അവർ നയിക്കുന്നത് ? ഇനി മറ്റൊരു അനുഭവം പറയാം. സീതാംബൾപുരം എന്ന ഗ്രാമത്തിലെ ഒരു നല്ല കർഷകനെ സന്ദർശിക്കാനുള്ള ശ്രമത്തിലായിരുന്നു ഒരു വളം വ്യാപാരി. ഗ്രാമസേവകൻ നൽകിയ വിവരങ്ങൾ വെച്ച് വീട് കണ്ടെത്തി. പക്ഷേ ഗൃഹനാഥന്റെ പേര് ഓർമ്മയിൽ വന്നില്ല. വീടിന്റെ മുൻവശത്ത് രണ്ട് സ്ത്രീകൾ ഇരിപ്പുണ്ട്. അവരോട് ഗൃഹനാഥന്റെ പേര് അന്വേഷിച്ചു. ഗൃഹനാഥന്റെ പേര് പറയുകയില്ല എന്നായിരുന്നു സ്ത്രീയുടെ പ്രതികരണം. അയാളുടെ വിഷമം മനസ്സിലാക്കിയ അവർ ഒരു ക്ലൂ തന്നു. ‘ശ്രീരാമനുക്കു തമ്പിയാര്?” ‘ ലക്ഷ്മണൻ’ അയാൾ പറഞ്ഞു.” ആമാങ്ക, ആനാൽ നാങ്ക ‘ബ്രാഹ്മിൻസ്’. അവർ പേരിൽ അയ്യർ കൂടി ചേർക്കും. വന്നയാൾ പറഞ്ഞു-ലക്ഷ്മണയ്യർ ശരി താനെ?”‘ റൊമ്പ കറക്ട്’ഇങ്ങനെ പല പേരുകളിലേക്കും ചോദ്യകർത്താവിനെ നയിക്കാനുള്ള സാമർത്ഥ്യം തമിഴ് കുടുംബിനികൾക്കു മാത്രമുളളതാണ്. ചില തമിഴ് കുടുംബങ്ങളിൽ ഉപ്പ് എന്ന പദപ്രയോഗം നിഷിദ്ധമാണ്. ഇവിടെ ഗൃഹനാഥൻ സുബ്രഹ്മണ്യനോ, സുബ്രഹ്മണ്യശാസ്ത്രികളോ ആയിരിക്കും എന്ന് തീർച്ച. സുബ്രഹ്മണ്യൻ എന്ന പേരിന്റെ സംക്ഷിപ്ത രൂപം ‘ ശുപ്പു’ എന്നാണ്. ശുപ്പു എന്ന പേരിലാണ് അയാൾ പരക്കെ അറിയപ്പെടുന്നത്. ശുപ്പു, ഉപ്പ് എന്നീ വാക്കുകൾക്ക് ശബ്ദസാമ്യം ഉള്ളതുകൊണ്ട് അത്തരം ഭവനങ്ങളിൽ ഉപ്പ് എന്ന പ്രയോഗം വിലക്കപ്പെട്ടിരിക്കുന്നു. കുട്ടികൾ ആരെങ്കിലും ഓർക്കാതെ ഉപ്പ് എന്നു പറഞ്ഞു പോയാൽ അമ്മമാരിൽ നിന്ന് പൊരിഞ്ഞ അടി കിട്ടും. അപ്പോൾ രസത്തിലോ സാമ്പാറിലോ ഉപ്പ് അല്പം കുറഞ്ഞു പോയാൽ എന്തു ചെയ്യുമെന്നല്ലേ? അവിടെ സഹായത്തിനെത്തുന്നത് ഉപ്പിന്റെ സംസ്കൃത രൂപമായ ‘ലവണം’ എന്ന വാക്കാണ്. ‘കൊഞ്ചം ലവണം തേവൈ’ എന്ന് പറഞ്ഞാൽ കുറച്ച് ഉപ്പു കൂടിവേണം എന്നാണർത്ഥം. നോക്കണേ തമിഴ് നാട്ടിലെ ആചാര വിശേഷം.
പ്രൊഫ.ജി.ബാലചന്ദ്രൻ
#എൻ_പുരുഷൻ_പേരു_ശൊല്ലമാട്ടെ