രണ്ടാം “പിണറായി സർക്കാരിൻ്റെ ” രണ്ടാം നൂറു ദിന പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു . ഫെബ്രുവരി 10 നു തുടങ്ങി മെയ് 20 ന് അവസാനിക്കുന്ന പരിപാടിയിൽ ഉൾപ്പെടുത്തിയത് 1557 പദ്ധതികളും 17183 കോടി രൂപയും. കേൾക്കാൻ സുഖമുണ്ട്…! പ്രഖ്യാപനങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നടത്തിയിരിക്കുന്നു. അതിൽ ഉൾപ്പെടാത്തത് ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കും എന്നു മാത്രമാണ്. കഴിഞ്ഞ ജൂൺ 11 നും ഇതുപോലൊരു 100 ദിന പദ്ധതിയുടെ പ്രഖ്യാപനം നടന്നിരുന്നു. പക്ഷെ കാര്യങ്ങൾ പലതും നടന്നു കണ്ടില്ല. അന്നത്തെ പ്രഖ്യാപനങ്ങളിൽ പ്രധാനം 20 ലക്ഷം പേർക്ക് തൊഴിൽ രൂപരേഖയുണ്ടാക്കും എന്നതായിരുന്നു. അതിനു ശേഷം കെ സിസ്കിൻ്റെ സഹായത്തോടെ സർക്കാർ ഒരു കണക്കെടുത്തു. അത് പ്രകാരം കേരളത്തിൽ 45 ലക്ഷം വിദ്യാസമ്പന്നർ തൊഴിൽ രഹിതരാണ്. സർക്കാർ മലർപൊടിക്കാരൻ്റെ സ്വപ്നം പോലെ പദ്ധതികൾ പലതും പ്രഖ്യാപിക്കും. കഴിഞ്ഞ 100 ദിന പരിപാടിയിൽ 100 ദിവസം കൊണ്ട് 77350 പേർക്ക് തൊഴിൽ നൽകും എന്ന് പ്രഖ്യാപിച്ചിരുന്നു. ? അതെന്തായി? തദ്ദേശ സ്ഥാപനങ്ങൾ വഴി 1000 ൽ 5 പേർക്ക് തൊഴിൽ നൽകും എന്ന് പറഞ്ഞത് നടന്നുവോ? 50000 ലാപ്ടോപ്പും, 12000 പട്ടയവും അന്നും പറഞ്ഞു കേട്ടിരുന്നു. പലതും ഇല്ലത്ത് നിന്ന് പുറപ്പെട്ട് അമ്മാത്ത് എത്താത്ത സ്ഥിതിയിലാണ്.കേരളത്തിൻ്റെ സമഗ്രപുരോഗതിക്കുതകുന്ന ഭാവനാസമ്പന്നമായ യാതൊരു പ്രഖ്യാപനവും ഇടതു സർക്കാരിൻ്റെ ഭാഗത്തു നിന്ന് വരുന്നില്ല. എന്നാൽ സ്വജനപക്ഷപാതത്തിൻ്റെയും പിൻവാതിൽ നിയമനത്തിൻ്റെയും അഴിമതിയുടേയും കഥകൾ പൊളിഞ്ഞു വരുന്നുണ്ട്. കുടുംബശ്രീ മുതൽ സർവകലാശാലകൾ വരെയുള്ള നിയമന അഴിമതിയുടെ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായി.
നാട്ടിലാകെ റോഡും തോടും ഒരു പോലെയാണ്. കുടിവെള്ളമില്ല. ദളിത് മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും അവതാളത്തിലാണ്. പണക്കാർ തടിച്ച് കൊഴുക്കുന്നു. നായനാർ സർക്കാർ തുടങ്ങി വച്ച ലോകായുക്തയിൽ പോലും സർക്കാർ കൈവച്ചു. അഴിമതി പെരുകുന്നു. ഡിജിറ്റൽ സാക്ഷരത ഇപ്പോഴും പഴയപടി തന്നെ , . പാവങ്ങൾക്ക് അപേക്ഷ പൂരിപ്പിക്കാനോ കാര്യങ്ങൾ തിരക്കാനോ കമ്പ്യൂട്ടർ ഒരു പൊതിയാതേങ്ങയാണ്. ജനവിരുദ്ധമായ കെ റെയിൽ പരിസ്ഥിതിക്കു പോലും ആപത്തുണ്ടാക്കും. പിന്നെ എന്തിനാണിത്ര ധൃതിയും ശാഠ്യവും ? ക്രമസമാധാന രംഗത്ത് തികഞ്ഞ ജാഗ്രതക്കുറവും ഉണ്ട്. ഗുണ്ടാ ആക്രമണങ്ങൾ കൂടുന്നു. വട്ടിപ്പലിശയ്ക്കും ക്വട്ടേഷനും പിടിച്ചുപറിക്കും ഒട്ടും കുറവില്ല ‘ പലപ്പോഴും പോലീസ് നിഷ്ക്രിയരാവുന്നു. സ്കൂളുകൾക്ക് പുതിയ കെട്ടിടം വരുന്നു. അത് നല്ല കാര്യം . എങ്കിലും കുട്ടികൾ ക്ലാസുകളിൽ എത്താൻ ഇനിയും കാലം എടുക്കും. വിഷാദ രോഗം കുട്ടികളെ ബാധിച്ചിരുക്കുന്നു. അത് മാറ്റാൻ ശാസ്ത്രീയ മാർഗങ്ങൾ വേണം” ‘ . പദ്ധതികളുടെ പ്രഖ്യാപനമല്ല – സുതാര്യമായ നടത്തിപ്പും പൂർത്തീകരണവും പ്രധാനമാണ്. നമുക്ക് വേണ്ടത് നല്ല നാളെയുടെ നല്ല കേരളമാണ്. അതിന് പ്രായോഗിക സമീപനം ആവശ്യമാണ്. ഇതൊക്കെ നിൽക്കുമ്പോഴും കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ തീർച്ചയായും ഒറ്റക്കെട്ടായി എതിർക്കണം. . പ്രൊഫ ജി ബാലചന്ദ്രൻ