ലോക്സഭാ തെരഞ്ഞെടുപ്പ് വന്നു തലയിൽ കയറി, ബി.ജെ.പി. ചുവർ ബുക്കു ചെയ്തു തുടങ്ങി. മാർക്സിസ്റ്റ് പാർട്ടി സ്വയം തിരുത്തി സുസജ്ജമാകാൻ അണികൾക്കു നിർദേശം നല്കിക്കഴിഞ്ഞു. അപ്പോഴാണ് വീണ്ടും യൂത്ത് കോൺഗ്രസ്സിൽ ഏ.ഐ.വിഭാഗങ്ങൾ നേർക്കു നേർ പോർവിളിയും ഗ്രൂപ്പു മാറ്റങ്ങളും. അവസരത്തിനൊത്തുയരാൻ കോൺ ഗ്രസ്സിന് കഴിയാത്തതെന്തുകൊണ്ടാണ്.? ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനത്തെച്ചൊല്ലി ഉടലെടുത്ത തർക്കം എരിഞ്ഞടങ്ങുന്നില്ല.. ദളിത് വിഭാഗത്തേയും മഹിളാ കോൺഗ്രസ്സിനേയും അവഗണിച്ചു എന്ന പരാതിയുമുണ്ട്. മറ്റു ചിലർ നീതി തേടി കോടതിയിലേക്കും പോയിരിക്കുന്നു. ബ്ലോക്ക് പ്രസിഡന്റന്മാരുടെ യോഗം ഏ.ഐ. നേതാക്കൾ ബഹിഷ്ക്കരിച്ചത് ഭംഗീയായില്ല.. വൈകാരിക ഐക്യമില്ലെന്നും പരസ്പര സ്നേഹമില്ലെന്നും കോൺഗ്രസ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും KPCC പ്രസിഡന്റ് പ്രസ്താവിച്ചത് എത്രയോ ശരി.
കഴിഞ്ഞ ദിവസം കോൺഗ്രസ് വൈരത്തെക്കുറിച്ച് ഞാൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പ് ഇരുപതിനായിരത്തിൽ പരം പേർ കണ്ടു. നൂറുകണക്കിന്നു കമന്റുകളും വന്നു. അതിൽ ചിലർ ചോദിച്ചിരിക്കുന്നു എന്നെക്കുറിച്ച് അറിയാൻ താല്പര്യമുണ്ടെന്ന്.
കോൺഗ്രസ്സിനെ വിമർശിക്കാൻ എനിക്ക് അർഹതയും അവകാശവുമുണ്ട്. അറുപതു വർഷത്തിലേറെയായി ഞാൻ കോൺഗ്രസ്സിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു. ഏ.കെ. ആന്റണി KSU പ്രസിഡന്റായിരുന്നപ്പോൾ ഞാൻ വൈസ് പ്രസിഡന്റായിരുന്നു. ആലപ്പുഴ എസ്.ഡി.കോളേജിലേയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേയും ആദ്യത്തെ KSU യൂണിയൻ ചെയർമാനായിരുന്നു. മുല്ലപ്പള്ളിയോടൊപ്പം യൂത്ത് കോൺഗ്രസ്സ് സ്റ്റേറ്റ് കൺവീനറായിരുന്നു. ആലപ്പുഴ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി. എ.ഐ.സി.സി അംഗമായിരുന്നു. ശാസ്താംകോട്ട ക്യാമ്പിലെ പഠന ക്ലാസ്സും യൂത്ത് കോൺഗ്രസ്സ് ഇലക്ഷനും ഇന്നും ഓർക്കുന്നു. കൊട്ടറ ഗോപാലകൃഷ്ണനും കെ.സി.ജോസഫും, കെ.സി. രാജനും ഉമ്മൻചാണ്ടിയും ഷണ്മുഖദാസും സി.വി.വിജയനുമൊക്കെ പങ്കെടുത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും ഞാനും തമ്മിലായിരുന്നു മത്സരം. സമവായത്തിലൂടെ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാമെന്ന് ലീഡറും ചാണ്ടി സാറും കൽപ്പിച്ചു. എന്നോട് പിന്മാറണമെന്നു ചാണ്ടി സാർ നിർദ്ദേശിച്ചു. മനസ്സില്ലാ മനസ്സോടെ ഞാൻ പിന്മാറി. മുല്ലപ്പളളിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
അറുപതു വയസ്സായ ആർ.ശങ്കറിനോട് ഇനിയെങ്കിലും കളമൊഴിഞ്ഞു പൊയ്ക്കൂടേ എന്നു ചോദിച്ച അന്നത്തെ യൂത്ത് കോൺഗ്രസ്സിന്റെ ആർജ്ജവം കൊണ്ടാണ് വയലാർ രവിയും മുല്ലപ്പള്ളി രാമചന്ദ്രനും കടന്നപ്പളളി രാമചന്ദ്രനും ഷണ്മുഖദാസും ഏ.കെ. ശശീന്ദ്രനും. വി.എം. സുധീരനും ഉമ്മൻ ചാണ്ടിയും ഏ.കെ.ആന്റണിയുമൊക്കെ ജനപ്രതിനിധി സഭയിലേക്കു കടന്നു വന്നത്. അതൊക്കെ ‘അന്തകാലം.’
കോൺഗ്രസ്സ് വിട്ടു പോയ ഏ.കെ.ആന്റണിയും സംഘവും നിരുപാധികമായി ഇന്ദിരാ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ്സിൽ ലയിച്ചത് മഹാ സംഭവമായിരുന്നു. പിന്നെ ഏറെക്കാലം കോൺഗ്രസ്സിൽ ഗ്രൂപ്പില്ലായിരുന്നു. എന്നാൽ തിരുത്തൽ വാദം തുടങ്ങിയപ്പോഴാണ് ഗ്രൂപ്പു കലഹം രൂക്ഷമായത്.
കെ.എസ്സ് യൂക്കാരും യൂത്ത് കോൺ ഗ്രസ്സുകാരും സമത്തിലേക്ക് എടുത്തു ചാടി പോലീസിന്റെ ലാത്തിയടിയേയും ജലപീരങ്കിയേയും നേരിട്ടു കൊണ്ട് ബാരിക്കേടുകളുടെ മുകളിലൂടെ ചാടിക്കടക്കുന്നത്. ആ ചുണ കുട്ടന്മാരുടെ ആത്മവീര്യം തകർക്കരുത്.
KSU വും യൂത്ത് കോൺഗ്രസ്സും കോൺഗ്രസ്സും എല്ലാം ഒറ്റക്കെട്ടായി നില്ക്കണം. പക്ഷെ യൂത്ത് കോൺഗ്രസ്സിൽ മത്സരം നടക്കുമെന്നു തീർച്ചയായി. വലിയൊരു അപകടത്തിലേക്കാണ് അത് വഴി വയ്ക്കുന്നത്. കെ.സി വേണുഗോപാലിന്റെ തണലിൽ പല നേതാക്കളും അഭയം തേടിയിരിക്കുന്നു. ഇലക്ഷൻ കഴിഞ്ഞാൽ ജയിച്ചവരും തോറ്റവരും കണ്ടാൽ മിണ്ടാതാകും. എല്ലാവരും ഒരേ സ്വരത്തിൽ ഒരേ മനസ്സോടെ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതാണ്.
പിണറായി സർക്കാർ അവസാനത്തെ യുദ്ധമുറ സ്വീകരിച്ചിരിക്കുന്നു. കെ.എസ്സ്.യുകാർക്കെതിരെയും മാദ്ധ്യമ പ്രവർത്തകർക്കെതിരെയും കേസെടുത്ത് പക തീർക്കുന്നു. മാത്രമല്ല കെ.സുധാകരനെയും സതീശനെയും കേസ്സിൽ കുടുക്കിയിരിക്കുന്നു. അവയെ നേരിട്ടില്ലെങ്കിൽ മറ്റു പല നേതാക്കൾക്കെതിരെയും കേസെടുക്കും. എന്നാൽ എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കേസ്സുകൊടുക്കാൻ എത്രയോ പഴുതുകളുണ്ടായിട്ടും ഗ്രൂപ്പുകളിക്കാനാണ് കോൺഗ്രസ്സുകാർക്കു താല്പര്യം. മാർക്സിസ്റ്റു ഭരണത്തെ ജനങ്ങൾ മുച്ചൂടും വെറുത്തിരിക്കുന്നു. അവർക്കെതിരെ ജനരോഷമുണ്ടായിരിക്കുന്നു.
2024-ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറച്ചു സീറ്റെങ്കിലും ജയിക്കുന്നതിന് കോൺഗ്രസ്സ് കരുക്കൾ നീക്കണം. പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുകയാണ്. അപ്പോഴാണ് ഇവിടെ ബ്ലോക്ക് പ്രസിഡന്റുന്മാരുടെ നോമിനേഷനെച്ചൊല്ലി തർക്കം. യൂത്ത് കോൺഗ്രസ്സ് ഇലക്ഷനെച്ചൊല്ലി വിഭാഗീയത. ഏക്കാർ വേറെ, ഐക്കാർ വേറെ കെ.പി.സി. നിഷ്പക്ഷം. ഇവിടെ ഗൂപ്പുകാരെയല്ല വേണ്ടത്, കോൺഗ്രസ്സിനെയാണ്. ജനാധിപത്യവും മതേതരത്വവും സ്വാതന്ത്യവും ഭരണ ഘടനയും അപകടത്തിലാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് തിരിച്ചുവരിന് ഭഗീരഥ ശ്രമം നടത്തുകയാണ്. ഇവിടെ നിന്ന് ഹൈക്കാമാന്റിനു തലവേദനയുണ്ടാക്കരുത്. കോൺഗ്രസ്സ് തോറ്റമ്പിയപ്പോഴൊക്കെ യഥാർത്ഥ കോൺഗ്രസ്സുകാർ ഉള്ളുരുകി വേദനിച്ചിട്ടുണ്ട്. ഗ്രൂപ്പു തിരിഞ്ഞ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയ സന്ദർഭങ്ങളുണ്ട്. ഞാനും അതിനിരയായി..
കോൺഗ്രസ്സിന്റെ ആറു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങൾ ഞാൻ എന്റെ ആത്മകഥയിലൂടെ പങ്കുവച്ചിട്ടുണ്ട് ഞാൻ അനുഭവിച്ച യാതനകളും വേദനകളും “ഇന്നലെയുടെ തീരത്ത് ” എന്ന എന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. എന്നെക്കുറിച്ചറിയാൻ അര നൂറ്റാണ്ടു കാലത്തെ കോൺഗ്രസ്സിനെക്കുച്ചറിയാൻ ഡി.സി.ബുക്സ് പ്രസിദ്ധികരിച്ച ഇന്നലെയുടെ തീരത്ത് എന്ന എന്റെ ആത്മകഥ വായിക്കുന്നത് നന്നായിരിക്കും. അനുഭവങ്ങളാണല്ലോ ജീവിത പാഠം.
പ്രൊഫ.ജി.ബാലചന്ദ്രൻ