ഏറ്റേലിയ സംസ്കാര സമ്പന്നമായ യവന രാജ്യമാണ് ഏതയൂസ് എന്ന പ്രസിദ്ധനും നയതന്ത്രജ്ഞനുമായ രാജാവായിരുന്നു. ഭാര്യ ആൽത്തയാ രജ്ഞി. ഭാര്യാ ഭർത്താക്കന്മാർ നല്ല ജോഡി തന്നെ. അവർക്ക് ബഹു സമർത്ഥനായ ഒരു പുത്രൻ ജനിച്ചു. മെലയാഗർ. അക്കാലത്ത് രാജ്ഞിയ്ക്കു ഒരു ദർശനമുണ്ടായി; ഒപ്പം ഒരശരീയും. “അടുപ്പിൽ കത്തിയെരിയുന്ന തീക്കൊള്ളി കത്തിയെരിഞ്ഞു തീർന്നാൽ നിന്റെ പുത്രൻ മരണമടയും.അത് കത്തിയെരിയാതിരുന്നാൽ അവൻ പ്രശസ്തനായി ജീവിക്കും.” രാജ്ഞി അടുക്കളയിലേക്കു ഓടി. തീക്കൊള്ളി ആളിപ്പിടിച്ച് കത്തിയെരിയുന്നു. ആരും കണ്ടില്ല. ആ വിറകു കൊള്ളി വലിച്ചൂരിയെടുത്ത് വെള്ളമൊഴിച്ച് കെടുത്തി ഭദ്രമായി സൂക്ഷിച്ചുവച്ചു. ആരോടും ഇക്കാര്യം പറഞ്ഞതുമില്ല.
മെലയാഗർ രാജകുമാരൻ ഏവരുടേയും കണ്ണിലുണ്ണിയായി വളർന്നു. ഏതയൂസ് രാജാവ് ഒരു വലിയ വിരുന്നു സല്ക്കാരം നടത്തി. സ്വർഗ്ഗത്തിലെ ദേവന്മാരും ഭൂമിയിലെ രാജാക്കന്മാരുമെല്ലാം ക്ഷണമനുസരിച്ച് എത്തിച്ചേർന്നു. ആർട്ടിമിസ് ദേവിയെ നിർഭാഗ്യവശാൽ ക്ഷണിക്കാൻ വിട്ടു പോയി. തനിക്കു സംഭവിച്ച മാനഹാനിയിയിൽ ദേവി കോപാകുലയായി. രാജാവിനെ ശിക്ഷിക്കാൻ ഒരു കാട്ടു മൃഗത്തെ സൃഷ്ടിച്ച് കാലിഡോൺ രാജ്യത്തിലേക്ക് അയച്ചു. വലിയ നാശനഷ്ടങ്ങളാണ് ആ മൃഗം ഉണ്ടാക്കിയത്. നാടും നഗരവും തകർന്നടിഞ്ഞു. രാജ ഭടന്മാർ ആയുധധാരികളായി ആ കാട്ടു മൃഗത്തെ കൊല്ലാൻ തയ്യാറായി മുന്നോട്ടു വന്നു. പക്ഷേ മൃഗം തന്റെ തേറ്റ കൊണ്ട് എതിർക്കാൻ വന്ന വരെയൊക്കെ കൊന്നു. ആ കാട്ടു മൃഗം ഒരു പേടി സ്വപ്നമായിത്തീർന്നു. ഒരു ദു:സ്വപ്നം പോലെ നാട് ഭയവിഹ്വലമായി.
ധീരനായ രാജകുമാരൻ മെലയാഗർ മൃഗത്തെ നേരിടാൻ മുന്നോട്ടു വന്നു. രാജ്ഞിയും രാജാവും അന്ധാളിച്ചു. പലരും വിലക്കി. രാജകുമാരൻ ഒരു പ്രതിജ്ഞയെടുത്തു. “ഈ വിപത്തിൽ നിന്ന് രാജാവിന്റെ ധർമ്മ രാജ്യത്തെ മൃഗത്തേക്കൊന്നു രക്ഷിക്കും. കഴിയുന്നില്ലെങ്കിൽ തനിക്കു രാജപദവി വേണ്ട.”
അദ്ദേഹം അനുചരന്മാരെയും കുട്ടി മൃഗത്തെ കൊല്ലാൻ തയ്യാറായി പുറപ്പെട്ടു. മെലയാഗരുടെ മാതൃസഹോദരന്മാരും അറ്റ്ലാന്താ എന്ന സുന്ദരിയും ആ കുട്ടത്തിൽ ഉണ്ടായിരുന്നു. അവൾ അസ്ത്ര വിദ്യയിൽ വിദഗ്ദ്ധയാണ്. ആ യുവതിയെ പുരുഷന്മാർ മാത്രം നടത്തുന്ന നായാട്ടിൽ കൂടെക്കൂട്ടുന്നതിനെ പലരും എതിർത്തു. ഒടുവിൽ അവർ ഒരുമിച്ച് കാട്ടു മൃഗത്തെ വേട്ടയാടാൻ കാട്ടിലേക്കു കയറി. കാടിളക്കി. കാട്ടുമൃഗം മുക്രാ ഇട്ടുകൊണ്ട് പാഞ്ഞു വന്നു. സംഘം നാലുപാടും ചിതറി ഓടിക്കളഞ്ഞു. ചിലർ മരത്തിനുമുകളിൽ കയറി രക്ഷപ്പെട്ടു. അറ്റ്ലാന്തായ്ക്ക് ഒരു കുലുക്കവുമില്ല. അവൾ ഉന്നം പിടിച്ച് മൃഗത്തിന് നേരേ അസ്ത്രം പ്രയോഗിച്ചു. അസ്ത്രം മൃഗത്തിന്റെ നെഞ്ചിൽ തന്നെ തറച്ചു. തുടർന്ന് മാതുലൻ ആഫിയാരുസിന്റെ ഒരസ്ത്രവും മെലയാഗന്റെ അസ്ത്രവും മൃഗത്തിന്റെ മേൽ പതിച്ചു. കാട്ടുപന്നി ഭീകരമായ ഒരലർച്ചയോടെ പിടഞ്ഞു വീണു ചത്തു. കാട്ടുമൃഗത്തിന്റെ ശവമെടുത്ത് മെലയാഗൻ അത്‌ലാന്റായുടെ കാലുകളിൽ വച്ചു. ഇതു കണ്ട് മതൃസഹോദരൻ അഫിയാരിയൂസ് കോപാക്രാന്തനായി. തന്റെ അസ്ത്രം മൃഗത്തിന് മേൽ പതിചതു കണ്ടില്ലേ, ഇതു പക്ഷഭേദമാണ്. ആദ്യ അസ്ത്രം എയ്തു കൊള്ളിച്ചത് അറ്റ്ലാന്തായാണെന്ന് രാജകുമാരൻ പറഞ്ഞു. പക്ഷേ അമ്മാവന്മാർ മെലയാഗറുടെ നേരേ പാഞ്ഞു. അയാളെയും അറ്റ്ലാന്തായെയും കൊല്ലാൻ അവർ ഒരുമ്പെട്ടു. അത് ക്ഷമിക്കാനാവാതെ രാജകുമാരാൻ അമ്മാവന്മാരെ വധിച്ചു.
കൊട്ടര മുറ്റത്ത് തന്റെ സഹോദരന്മാരെ തന്റെ മകൻ കൊന്നിട്ടിരിക്കുന്നതു കണ്ട് രാജ്ഞി കോപം കൊണ്ട് ജ്വലിച്ചു. രാജ്ഞി അന്തപുരത്തിനുള്ളിലേക്ക് ഓടിപ്പോയി. ഒളിച്ചു വച്ചിരുന്ന വിറകു കക്ഷണം എടുത്ത് അടുപ്പിൽ വച്ചു. ആ വിറകുകൊളളി ആളിക്കത്തി തത്ക്ഷണം രാജകുമാരൻ മരണം വരിച്ചു. തന്റെ പുത്രന്റെ മരണ വാർത്ത കേട്ടപ്പോഴാണ് ആൽത്താ രാജ്ഞിയ്ക്ക് പരിസരബോധമുണ്ടായത്. താൻ ചെയ്ത ക്രൂരതയോർത്ത് അവർ പശ്ചാത്തപിച്ചു. ഒടുവിൽ ദുഃഖം സഹിക്കാനാവാതെ രാജ്ഞി ആത്മഹത്യ ചെയ്തു.
ഒരു വിറകു കൊള്ളി ഗുണത്തേക്കാളേറെ ദോഷം ചെയ്തു.
(ഒരു ഗ്രീക്ക് കഥ)
പ്രൊഫ.ജി.ബാലചന്ദ്രൻ