28 ദിനരാത്രങ്ങൾ, 32 ടീം, 864 താരങ്ങൾ, ലോകത്തിലെ ഏറ്റവും വലിയ കായികമത്സരത്തിൻ്റെ കലാശക്കൊട്ടിൽ ഫ്രഞ്ചു പടയെ പിടിച്ചുകെട്ടി അർജൻറീന വിശ്വ വിജയികളായിരിക്കുന്നു. ലോകമഹായുദ്ധത്തിൻ്റെ പ്രതീതി ജനിപ്പിച്ചുവെങ്കിലും ആവേശത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും ഒരുമിപ്പിക്കലിൻ്റെയും പോരാട്ടമായിരുന്നു മത്സരം. ഖത്തറിലാണ് കളി നടന്നതെങ്കിലും ലോകജനതയുടെ കണ്ണും കരളും കാതും ഈ പോരാട്ടത്തിൽ ബദ്ധശ്രദ്ധമായിരുന്നു. അർജൻറീനക്ക് 36 വർഷത്തിന് ശേഷമാണ് കിരീടം ലഭിക്കുന്നത്. മെസ്സിയുടെ മികവിലൂടെ തന്നെയാണ് ഫിഫാ ലോകകപ്പ് ഫുട്ബോളിൽ മറഡോണയുടെ പിൻമുറക്കാർ മുത്തമിട്ടത്.ഫൈനലും സെമി ഫൈനലുമെല്ലാം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ആഫ്രിക്കൻ രാജ്യമായ മൊറോക്കൊ സെമിയിലെത്തിയതും കളിക്കളത്തിൽ പൊരുതി നോക്കി പരാജയപ്പെട്ട ഏഷ്യൻ രാജ്യമായ ജപ്പാൻ്റെ വരവും എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഫ്രാൻസിനെ കീഴടക്കാൻ അർജൻറീനക്ക് പെനാൽറ്റിവരെ കാത്തിരിക്കേണ്ടി വന്നു. കളിയുടെ തുടക്കം ആധിപത്യം നേടാനായില്ലെങ്കിലും മെസ്സിപ്പടയെ നേരിടാൻ തങ്ങൾ ഒട്ടും മോശമല്ലെന്ന് ഫ്രാൻസും തെളിയിച്ചു. എംബാപെയുടെ ഗോൾഡൻ ബൂട്ട് കൊണ്ട് ഫ്രാൻസും മെസ്സിയുടെ ഗോൾഡൻ ബോൾ കൊണ്ട് അർജൻറീനയും ഒരിക്കൽ കൂടി കായികലോകത്തിൻ്റെ ഹൃദയാദരങ്ങൾ നേടി. ലോകകപ്പ് ഫുട്ബോൾ സമാധാനപരമായും മികവുറ്റ രീതിയിലും നടത്തി ഖത്തറും സംഘാടനത്തിലെ മിടുക്കരായി. 176 മത്സരങ്ങൾ നയിച്ച് വീര പോരാളിയായ മെസ്സി കളിക്കളത്തിൽ നിന്നും വിട വാങ്ങുന്നത് വേദനാജനകമാണ. അദ്ദേഹത്തിന് സ്നേഹാഭിവാദ്യങ്ങൾ. ലോകകപ്പ് ഫുട്ബോളിലെ ഇന്ത്യൻ അരങ്ങേറ്റത്തിന് ഇനി എത്ര നാൾ കാത്തിരിക്കണമാവോ ?
പ്രൊഫ ജി ബാലചന്ദ്രൻ