‘ സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ സഹായിച്ച ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ ഉപജ്ഞാതാവ് ബ്രിട്ടീഷുകാരനായ അലൻ ഒക്ടോവിയൻ ഹ്യൂം ആയിരുന്നു. ഒരിക്കൽ ഗോപലകൃഷ്ണ ഗോഖലെ പറഞ്ഞു: ” ഹ്യൂം എന്ന മഹനായ ഇംഗ്ലീഷ് സിവിൽ സർവ്വീസുകാരനില്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന ഉണ്ടാകുമായിരുന്നില്ല.”
കൽക്കട്ട സർവ്വകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ A O ഹ്യൂം പറഞ്ഞു: ” സമർത്ഥരായ നിങ്ങൾ സുഖ സൗകര്യങ്ങൾ ഉപേക്ഷിച്ചു നാടിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറായില്ലെങ്കിൽ സദ്ഭരണം ഇന്ത്യയ്ക്ക് ലഭിക്കുകയില്ല” ‘ ‘ കർമ്മ രംഗത്തേക്ക് സ്വാഭിമാനികളും സ്വാശ്രയരും സ്വാതന്ത്ര്യ പ്രേമികളുമായ യുവാക്കളെ ആകർഷിക്കാനുള്ള. അഹ്വാനമായിരുന്നു അത്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ ബംഗാളിൽ ജോലി നോക്കിയിരുന്ന പിതാവ് ജോസഫ് ഹ്യൂമിലൂടെയാണ് അദ്ദേഹം ഇന്ത്യയെന്ന മഹാരാജ്യത്തെക്കുറിച്ചറിയുന്നത്. . സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ഹ്യൂം ഇന്ത്യയിൽ തൻ്റെ കർമ്മപഥത്തിന് തുടക്കമിട്ടത്. ഹ്യൂം ഉത്തർപ്രദേശിൽ മാത്രം 181 സ്ക്കൂളുകൾ ആരംഭിച്ചു. അദ്ദേഹം നിരവധി ജനപ്രിയ പദ്ധതികളിലൂടെ ജനമനസ്സുകളിൽ ഇടം നേടി. ഹ്യൂമിൻ്റെ ഇന്ത്യയോടുള്ള സ്നേഹാധിക്യം കാരണം അദ്ദേഹം മേലധികാരികളുടെ കണ്ണിലെ കരടായി. എങ്കിലും വൈസ്രോയ് ഡഫറിൻ ഉൾപ്പെടെയുള്ള അപൂർവ്വം ചിലർ ഇന്ത്യക്കാരിൽ ജനാധിപത്യ അവബോധം വളർത്താനായി ഹ്യൂം നിർദ്ദേശിച്ച സംഘടനയെ സ്വാഗതം ചെയ്തു. അങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ യോഗം 1885 ഡിസംബർ 28ാം തീയതി പൂനയിൽവച്ച് നടത്താൻ തീരുമാനിച്ചു. എന്നാൽ പ്ലേഗ് മഹാമാരി കാരണം യോഗം ബോംബെയിലേക്ക് മാറ്റി. തുടർന്ന് കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം ബോബയിലെ ഗോകുൽദാസ് തേജ് പാൽ സംസ്കൃത കോളേജ് ഹാളിൽ വെച്ച് നടന്നു . ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുള്ള 72 രാജ്യസ്നേഹികൾ പങ്കെടുത്തു. പ്രസ്തുത സമ്മേളനത്തിൽ ഏ. ഒ. ഹ്യൂം ആണ് WC ബാനർജിയെ കോൺഗ്രസ് അദ്ധ്യക്ഷനായി നിർദ്ദേശിച്ചത്. ദേശീയോദ്ധാരണത്തിന് പ്രാധാന്യം നൽകിയ പ്രഥമ സമ്മേളനം
A.O ഹ്യൂം നെ ജനറൽ സെക്രട്ടറിയായി നിശ്ചയിച്ചു.. സ്വാതന്ത്ര്യദാഹികളായ എല്ലാ ജനങ്ങളുടെയും വികാരവും പ്രാതിനിധ്യവും കോൺഗ്രസ് ഉറപ്പാക്കണമെന്ന് തീരുമാനിച്ചു. എന്നാൽ വിറളിപൂണ്ട ബ്രിട്ടീഷ് അധികാരികൾ
രാഷ്ട്രിയ കാര്യങ്ങളിൽ കോൺഗ്രസ്സ് കൈകടത്തുന്നത് ആപത്താണെന്ന് മുന്നറിയിപ്പ് നൽകി. പക്വതയില്ലാത്ത രാഷ്ട്രീയ കിറുക്കനാണ് ഹ്യൂം എന്നു വരെ അക്ഷേപം ഉണ്ടായി. അദ്ദേഹത്തെ ഇന്ത്യയിൽ നിന്ന് നാടുകടത്തണമെന്നും കോൺഗ്രസ്സിനെ നിരോധിക്കണമെന്നും മുറവിളിയുയർന്നു. അതിന് ബ്രിട്ടീഷ്കാർക്ക് കുറേ ഇന്ത്യൻ ഏറാൻമൂളികളുടെ പിന്തുണയും കിട്ടി. . എന്നാൽ ഹ്യൂമിന് ലോകമാന്യ തിലകൻ സർവ്വാത്മനാ പിന്തുണ പ്രഖ്യാപിച്ചു. 1894 ൽ പെൻഷൻ പറ്റിയതിനു ശേഷം ഹ്യൂം ബ്രിട്ടനിലേക്ക് തിരികെപ്പോകാൻ തീരുമാനിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽവെച്ച് ഹ്യൂമിന് ഇന്ത്യൻ ജനത സ്നേഹനിർഭരമായ യാത്രയപ്പുകൾ നൽകി. ഇംഗ്ലണ്ടിലെത്തിയിട്ടും ഹ്യൂം ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിച്ചു. “ഇന്ത്യ” എന്ന വാരികയുടെ പ്രസാധക ചുമതലയും അദ്ദേഹം ഏറ്റെടുത്തു. ഏതൊരു ദേശ സ്നേഹിയേക്കാളും ഇന്ത്യയെ സ്നേഹിച്ച ആ മഹാൻ ഒരു ഇതിഹാസ പുരുഷനാണ്. അദ്ദേഹത്തിന്റെ കരങ്ങളാലാണ് കോൺഗ്രസ് ഒരു വൻ വടവൃക്ഷമായി പടർന്ന് പന്തലിച്ചത്.
സർവ്വപ്രതാപങ്ങളോടെ അരങ്ങുവാണ വംശങ്ങൾക്കും പ്രസ്ഥാനങ്ങൾക്കുമെല്ലാം വൃദ്ധിക്ഷയമുണ്ടായിട്ടുണ്ട്. യദുകുലനാശം മുതൽ മുഗളരുടെ തകർച്ചവരെയും ,അധിനിവേശത്തിലൂടെ എല്ലാം സ്വന്തമാക്കിയ ഡച്ചുകാർ പോർട്ടുഗിസുകാർ , ഇംഗ്ലീഷുകാർ എന്നിവരുടെ ഉയർച്ചതാഴ്ച്ചയും നമ്മൾ അറിഞ്ഞതാണല്ലോ . ഒന്നേകാൽ നൂറ്റാണ്ടിലധികം പ്രായമുള്ള കോൺഗ്രസ്സും ക്ഷീണാവസ്ഥയിലേക്ക് ഇന്ന് നിങ്ങുകയാണോ ?. ഒരു കയറ്റത്തിന് ഒരു ഇറക്കം: അതൊരു പ്രകൃതി നിയമമാണ് .
പ്രൊഫ ജി ബാലചന്ദ്രൻ