ഒരു തുള്ളി രക്തം പോലും ചിന്താതെ നേടിയ നവോത്ഥാനം

ഒരു തുള്ളി രക്തം പോലും വീഴാതെ കേരളത്തിൽ നവോത്ഥാനത്തിൻ്റെ ദീപശിഖ തെളിച്ച മഹാ മനീഷിയാണ് ശ്രീ നാരായണ ഗുരു. ജാതീയമായ അടിമത്തത്തിനും അടിച്ചമർത്തലുകൾക്കും വിധേയരായ ഒരു ജനതയ്ക്ക് അറിവിൻ്റെയും സ്വാഭിമാനത്തിൻ്റെയും വിവേകത്തിൻ്റേയും ജീവവായുവേകിയത് ഗുരുവാണ്. ജീവിക്കാൻ മാത്രമല്ല , വഴിനടക്കാനും ആരാധിക്കാനും അവസരമില്ലാതിരുന്ന പാർശ്വവൽകൃത പിന്നോക്ക വിഭാഗത്തിന് രക്ഷകനായി ശ്രീ നാരായണ ഗുരു സ്വാമികൾ അവതരിച്ചു. ഏതെങ്കിലും പ്രത്യേക വിഭാഗത്തിൻ്റെ ജന്മാവകാശമാണ് ക്ഷേത്രാരാധനയും വിഗ്രഹ പ്രതിഷ്ഠയും എന്ന മൂഢവിശ്വാസത്തെ ശ്രീ നാരായണൻ ഉടച്ചു വാർത്തു. അരുവിപ്പുറം മുതൽ മംഗലാപുരം വരെയുള്ള വിഗ്രഹ പ്രതിഷ്ഠകൾക്ക് പുതു മുദ്രയുണ്ടാക്കി. ദൈവങ്ങൾക്ക് ജാതി ഭേദമില്ലെന്നും മാടനും മറുതയും യക്ഷിയും മാത്രമല്ല ശിവനും കൃഷ്ണനും സരസ്വതിയുമെല്ലാം എല്ലാവരുടേതുമാണെന്ന ഗുരുവിൻ്റെ പുതു നവോത്ഥാന പ്രഖ്യാപനം വിപ്ലവകരമായിരുന്നു. ” വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക ” “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” തുടങ്ങീയ മഹത് വചനങ്ങളാൽ ഗുരു കേരളീയ മനസ്സിന് പുതിയ ദിശാബോധം നൽകി. സാർവ്വജനീനമായ ആദർശങളുടെ പ്രകാശ ഗോപുരമായിരുന്നു ഗുരു സ്വാമികൾ . എന്നും ലളിതമായ ഭാഷയിലാണ് ഗുരു സംസാരിച്ചത്. കവിത്വത്തിൽ ശ്രേഷ്ഠനായ അദ്ദേഹത്തിന്റെ കൃതികൾക്ക് ആഴമേറിയ ഗഹനതയുണ്ട്. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി”യെന്ന അദ്ദേഹത്തിന്റെ മൊഴി മാനവ സമത്വത്തിന്റെ ആധാര ശിലയാണ്. കാലദേശങ്ങൾക്കതീതമായ് മനുഷ്യരാശിക്ക് ആചന്ദ്രതാരം വെള്ളിവെളിച്ചം നൽകുന്നവയാണ് ഗുരുദേവദർശനങ്ങൾ . അന്ധവിശ്വാസത്തേയും അനാചാരങ്ങളെയും പുണർന്ന മണ്ണിനെ ഗുരു നവീകരിച്ചു. മലയാളത്തിലും സംസ്കൃതത്തിലും അപാര പണ്ഡിത്യം നേടിയ ഗുരുദേവൻ മാനവ സ്നേഹത്തിലൂന്നിയ ഒട്ടനവധി മഹത് ഗ്രന്ഥങ്ങൾ രചിച്ചു. സ്വാമി വിവേകാനന്ദൻ പോലും ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച മലയാളത്തിൻ്റെ ജാതിമത ബോധത്തെ മനുഷ്യ ബോധമാക്കി മാറ്റുന്നതിൽ നേതൃത്വപരമായ പങ്ക് ഗുരുദേവൻ വഹിച്ചു. അതു കൊണ്ട് തന്നെയാണ് മഹാകവി ടാഗോറും, മഹാത്മജിയുമെല്ലാം ഗുരുസന്നിധിയിലെത്തിയത്. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ , ടി കെ മാധവൻ, നടരാജ ഗുരു തുടങ്ങിയ മാഹാരഥൻമാർ അദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു. . ചിമിഴിൽ അടച്ചുതു പോലെയുള്ള ഗുരുദേവാദർശങ്ങളുടെ മൊഴി മുത്തുകൾ കൊച്ചു കുട്ടികൾക്കു പോലും മന:പാഠമാണ്. ” ഒരു പീഡയെറുമ്പിനും വരു-

ത്തരുതെന്നുള്ളനുകമ്പയും സദാ

കരുണാകര” എന്ന അദ്ദേഹത്തിൻ്റെ ഹൃദയ മന്ത്രം ദേശാതിർത്തികൾ കടന്ന് വിശ്വം മുഴുക്കെ വ്യാപിച്ചു. ചെമ്പഴന്തിയിൽ സാധാരണ കുടുംബത്തിൽ ജനിച്ച് ശിവഗിരിയിൽ സമാധിയായ ഗുരുദേവൻ സ്ഥാപിച്ച എസ് എൻ ഡി പി യോഗം ഇന്ന് ഒരു വൻവടവൃക്ഷയായി പടർന്ന് പന്തലിച്ചിട്ടുണ്ട്. ധാരാളം സാധ്യതകളും പ്രവർത്തന മേഖലയുമുള്ള എസ്.എൻ.ഡി. പിക്ക് ഗുരുദേവന്റെ ആദർശങ്ങൾ നടപ്പിലാക്കാൻ കഴിയുന്നുണ്ടോ എന്ന് ഒരു ആത്മ പരിശോധന നടത്തേണ്ട സമയമാണിത്. ശ്രീനാരായണ ആദർശങ്ങളിൽ നിന്ന് വഴിമാറി പോകുന്ന നയവും നടപടിയും സംഘടനയ്ക്ക് അഭികാമ്യമല്ല. ഇന്ന് ഇത് എഴുതുമ്പോൾ മലയാളത്തിൻ്റെ മണ്ണിലും വിണ്ണിലും വിദ്വേഷത്തിൻ്റെ കനലെരിയുന്നുണ്ട്. പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവന, വിരലിലെണ്ണാവുന്നവർ മാത്രം പുലർത്തുന്ന താലിബാൻ അനുകൂല നിലപാടുകൾ, മലബാർ കലാപ ചർച്ചകൾ എന്നിവയൊന്നും കേരളത്തിൻ്റെ സമൂഹ മന:സാക്ഷിക്ക് മുറിവേൽപ്പിച്ചു കൂടാ. അവിടെയാണ് സ്നേഹമില്ലാതെ സാഹോദര്യവും സാഹോദര്യമില്ലാതെ സ്നേഹവും സാധ്യമല്ല എന്ന ഗുരുദേവൻ്റെ വിശ്വമാനവ ദർശനത്തിൻ്റെ പ്രസക്തി. അപരന് വേണ്ടിയാകണം നമ്മുടെ ഹൃദയം തുടിക്കേണ്ടത് എന്നും അന്യവൽക്കരിക്കപ്പെട്ടവന് വേണ്ടിയാണ് കണ്ണീരൊഴുക്കേണ്ടത് എന്നുമുള്ള ജാതി മത ചിന്തകൾക്കതീതമായ ഗുരുദർശനങ്ങൾ മനുഷ്യരിലേക്ക് പകരാൻ എസ് എൻ ഡി പിക്ക് കഴിയണം . അനൈക്യത്തിന്റെ കരിമരുന്ന് ശാലയ്ക്ക് തീ കൊളുത്തുന്നവരെ ഒറ്റപ്പെടുത്തി സർവ്വ മത സഹോദര്യം സംസ്ഥാപിക്കാൻ എസ് എൻ ഡി പി യോഗം ഉൾപ്പെടെയുള്ള സംഘടനകൾ മുൻ കൈ എടുക്കണം. ശ്രീനാരായണീയ ദർശനങ്ങൾ ലോകത്തോട് പറയാൻ ശ്രീ നാരായണ സർവ്വകലാശാല യാഥാർത്ഥ്യമാവണം. മാനവിക പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതെ ഐക്യത്തിൻ്റെ കർമ്മ മണ്ഡലം തുറക്കാൻ സമാധി ദിനാചരണം മുതൽ സമാരംഭം കുറിക്കണമെന്നാണ് എന്റെ അഭിപ്രായം.

പ്രെഫ ജി ബാലചന്ദ്രൻ

#SreeNarayanaGuru

#ശ്രീനാരായണഗുരു

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക