തമിഴ് നാട്ടിൽ ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ പൊണ്ടാട്ടിയും വെപ്പാട്ടിയും ഉണ്ടായിരുന്നു. മഹാലക്ഷ്‌മി മാതിരി ഒരു പൊണ്ടാട്ടിയിരുന്താലും കുരങ്ങു മാതിരിയാവത് ഒരു വെപ്പാട്ടിയിരിക്കണം. അതാണ് തമിഴന്റെ വിശ്വാസ പ്രമാണം. തമിഴകത്തെ സ്റ്റാറ്റസ് സിംബൽ ആണ് വെപ്പാട്ടി(സ്റ്റെപ്പിനി). തമിഴിൽ വ്യവസായമെന്നാൽ കൃഷിയെന്നാണർത്ഥം. വ്യവസായി കൃഷിക്കാരനും. കൃഷി ഭൂമിയുടെ വ്യാപ്തിക്കനുസ്സരിച്ച് ഒരാളുടെ സ്റ്റാറ്റസ് അംഗീകരിച്ചിരുന്നു. തമ്പിക്കോട്ട മൈനറും ചെങ്കിൽപ്പെട്ട സെമിൻന്താറും ആഢ്യത്വത്തിന്റെ പര്യായങ്ങളാണ്. പല ഗ്രാമങ്ങളിലായി കൃഷിഭൂമികളും അവിടെയെല്ലാം ഓരോ വീടും ഓരോ വെപ്പാട്ടിയുമായിക്കഴിഞ്ഞാൽ അയാൾ ഒരു മൈനറോ, സെമീൻന്താരോ ആയിത്തീരും. പലപ്പോഴും പാർശ്വവർത്തികളുടെ പ്രചരണ ജിഹ്വയാണ് ഒരാളെ ആ പദവിലേക്കുയർത്തുന്നത്. അയൽപ്പക്കത്തെ സ്ത്രീകൾ തമ്മിൽ ശണ്ഠ കൂടുമ്പോൾ വീമ്പിളക്കുന്നതു കേൾക്കാം. ‘ഉൻ പുരുഷനുക്ക് ഒരു വെപ്പാട്ടിതാൻ ഇരുക്ക്. എൻ പുരുഷനുക്ക് അഞ്ച് വെപ്പാട്ടിയിരുക്ക് തെരിയുമാ? ‘ വീമ്പിളക്കുന്നത് സെമീൻന്താരുടെ അഗ്നിസാക്ഷിയായി തിരുമണം ചെയ്ത ധർമ്മപത്നി. അഞ്ചു വെപ്പാട്ടിക്കാരന്റെ മുന്നിൽ ഒരു വെപ്പാട്ടിക്കാരൻ തൃണം മാത്രമാണ്. ഇതിനു സമാനമായ ചില സമ്പ്രദായങ്ങൾ കേരളത്തിലും അപൂർവ്വമായി കണാമായിരുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ