തകഴിയുടെ ആദ്യ നോവലാണ് ത്യാഗത്തിനു പ്രതിഫലം . 1934 ൽ തിരുവനന്തപുരത്ത് പ്ലീഡർ പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരുന്ന കാലത്ത് എഴുതിയത്. നോവലിന്റെ പശ്ചാത്താലം തിരുവനന്തപുരം നഗരത്തിലെ നന്തൻകോടാണ്. ചാലക്കമ്പോളത്തിൽ നിന്നും നെല്ലുവാങ്ങി പുഴുങ്ങിക്കുത്തി, അരിയാക്കി വിറ്റ് ഇല്ലായ്മയുടെ വറുതിയിൽ ജീവിച്ചിരുന്ന കുടുംബത്തെ തകഴി അടുത്തറിഞ്ഞു. അവരിലൊരാളെ കഥാപാത്രമാക്കി നോവൽ എഴുതി. അച്ഛനമ്മമാർ മരിച്ചുപോയി. അവശേഷിച്ചത് സഹോദരി പാറുക്കുട്ടിയും സഹോദരൻ ഗോപിയും. ഗോപിയെ പഠിപ്പിച്ചു വലിയ ആളാക്കണം. പാറുക്കുട്ടിയുടെ മോഹം അതുമാത്രമായിരുന്നു. പക്ഷേ പണമില്ല. ആ നിസ്സഹായതയിൽ അവൾ വേദനിച്ചു. പണമുണ്ടാക്കാൻ ഒരു വഴിയേ അവൾക്കുമുന്നിൽ ഉണ്ടായിരിന്നുള്ളു. ശരീരം വില്ക്കുക. സഹോദരി തനിക്കു നൽകുന്ന പണത്തിന്റെ ഉറവിടം ഗോപി അന്വേഷിച്ചില്ല. വലിയ വലിയ ആളുകളുടെ മക്കളുമായിട്ടായിരുന്നു അവന്റെ ചങ്ങാത്തം. ചീഫ് സെക്രട്ടറിയുടെ മകൻ ഭാസ്കരൻ നായരും സഹപാഠിയായ ഗോപാലൻ നായരും പല വിധത്തിൽ ഗോപിയുടെ ഉറക്കം കെടുത്തി. സ്വന്തം സഹോദരി വേശ്യയാണെന്നറിഞ്ഞപ്പോൾ അവൻ പൊട്ടിത്തെറിച്ചു. അവൾ എന്തിനാണ് വേശ്യയായത് എന്ന് ഗോപി അന്വഷിച്ചില്ല. സഹോദരനുവേണ്ടി സ്വയം മറന്നു ജീവിച്ച സഹോദരിയുടെ ‘ ത്യാഗത്തിനു കിട്ടിയ പ്രതിഫലം ” കൃതഘ്നതയാണ്. പാറുകുട്ടി ക്ഷയരോഗിണിയായി. ഗോപി പഠിച്ചു വലിയ ആളായി. സഹോദരന്റെ ഉയർച്ചയിൽ പാറുക്കുട്ടിക്കു സന്തോഷവും അഭിമാനവും തോന്നി. വേശ്യയായ സഹോദരിയോട് ഗോപിക്കു വെറുപ്പും പുച്ഛവുമാണ്. സാഹചര്യങ്ങളാണ് ഓരോരുത്തരേയും ദുഷിപ്പിക്കുന്നത് എന്നൊരു സന്ദേശം തകഴി ഈ കൃതിയിലൂടെ നൽകുന്നുണ്ട്. ത്യാഗത്തിനു പ്രതിഫലം മറ്റുള്ളവരുടെ ദൃഷ്ടിയിൽ ഒരശ്ളീല കഥയായിരുന്നു.
ലോ കോളേജ് വിദ്യാർത്ഥിയായ ഒരുത്തൻ ഇങ്ങനെയൊരു തെറിക്കഥയെഴുതുകയോ? മള്ളൂർ ഗോവിന്ദപ്പിള്ള എന്ന പ്രഗത്ഭനായ പ്രിൻസിപ്പാൾ ഇതെങ്ങനെ സഹിക്കും? കോട്ടയത്തുനിന്നും തിരുവനന്തപുരത്തെത്തി എതു കാര്യത്തിനും ഒന്നാംപന്തിയിൽ സ്ഥാനമുറപ്പിച്ച ആളായിരുന്നു മള്ളൂർ . മന:ശാസ്ത്രപരമായി ആളുകളെ കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തി. വക്കീലെന്ന നിലയിൽ അപാരമായ സിദ്ധിവിശേഷങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. മള്ളൂരിന്റെ ക്രിമിനൽ ക്ലാസ്സുകൾ അങ്ങേയറ്റം ആസ്വാദ്യമായിരുന്നു. അരീശം കൊണ്ടിരിക്കുന്നവർ പോലും അദ്ദേഹത്തെ കണ്ടാൽ എഴുന്നേറ്റു പോകും എല്ലാറ്റിലും ഒന്നാമനായിരുക്കണമെന്ന നിർബ്ബന്ധം വച്ചു പുലർത്തുന്നയാൾ. ഒരു സാഹിത്യഗ്രന്ഥം പോലും രചിച്ചിട്ടില്ലെങ്കിലും പല സാഹിത്യ പരിഷത്തുകളിലും അദ്ദേഹം അദ്ധ്യക്ഷനായിരുന്നു. അങ്ങനെയുള്ള സാക്ഷാൽ മള്ളൂർ പ്രഖ്യാപിച്ചു . ഇതു പോലൊരു പുസ്തകം എഴുതിയതിനു നിന്നെ ഞാൻ കോളേജിൽ നിന്നു പുറത്താക്കും. കുന്തം പോലെ തളിനില്ക്കുന്ന തെറി ആ പുസ്തകത്തിലുണ്ട് കെ.പി.ശങ്കര മേനോൻ ദേഷ്യം അടക്കാൻ കഴിയാതെ തകഴിയുടെ മുന്നിൽ വച്ചു തന്നെ പുസ്തകം വലിച്ചു കീറി. മറ്റു ചിലരും അവരവരുടെ മനോഗതിക്കനുസരിച്ചു വിമർശിച്ചു. ഒന്നും തകഴിയെ ഏശിയില്ല. മാത്രമല്ല അതോടെ താൻ ഒരു നോവലിസ്റ്റായി അറിയപ്പെട്ടു എന്നാണ് തകഴി പറഞ്ഞത്.
പ്രെഫ ജി ബാലചന്ദ്രൻ