അതിരുകളില്ലാത്ത ആഹ്ലാദവും ആഘോഷവുമാണ് ഓണം എന്ന വികാരം ലോക മലയാളികൾക്കു സമ്മാനിക്കുന്നത്. ഭൂത കാലത്തു സംഭവിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഒരു മിത്തിന്റെ പുനരാവിഷ്ക്കാരമാണ് ഓണക്കാലത്ത് കളിയാടുന്നത്. കാണം വിറ്റും ഓണമുണ്ണണമെന്ന വിചാരം മലയാളിക്കു പണ്ടു മുതലേ ഉള്ളതാണ്. അതിരുകളില്ലാത്ത ആകാശത്തിലേക്കു ആലപ്പുഴക്കാരന്റെ നേതൃത്വത്തിൽ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ വിജയ മുദ്ര ചാർത്തിയ മാസം കൂടിയാണ് ഈ പൊന്നിൻ ചിങ്ങമാസം. വഴക്കും വക്കാണവും രാഷ്ട്രീയ വൈരവും ജാതി-മതവെറിയുമൊക്കെ ഒരു ഭാഗത്തു നടക്കും. അതൊക്കെ വിസ്മരിക്കാനും വർത്തമാനകാലത്തു ഒത്തു കൂടാനും സ്നേഹം പങ്കു വയ്ക്കാനും കഴിയുന്ന ഈ ഓണത്തിന് ഒത്തിരി സന്ദേശമുണ്ട്. മഹാമാരിക്കും പ്രളയത്തിനും ശേഷം ഈ വർഷമാണ് ഓണം ഉഷാറായത്. വാമനനും മഹാബലിയും മിത്തിന്റെ മുദ്ര ചാർത്തുമ്പോൾ ശാസ്ത്രം ചന്ദ്രനിൽ അഭിമാനാക്ഷരം കുറിച്ചിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല ഭൂതകാലം കേരളത്തിൽ ഉണ്ടായിരുന്നു എന്ന ഓർമ്മ തന്നെ എത്ര മനോഹരമാണ്. ധർമ്മ രാജാവായ മഹാബലി എന്ന അസുര ചക്രവർത്തിയെ ദേവനായ വാമനൻ വേഷപ്രച്ഛന്നനായി വന്ന് പാതാളത്തിലേക്കു ചവുട്ടിത്താഴ്ത്തിയതിൽ നമുക്കു ധാർമ്മികരോഷമുണ്ട്. എന്തു ചെയ്യാം ഇന്നു നടക്കുന്നതും അതുതന്നെ. കാലചക്രം ഉരുളുകയാണ്. മാറ്റം അതൊന്നു മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. ഭരണരീതിയും സാമ്പത്തിക സ്ഥിതിയും മാറി. നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും ആഘോഷവൈവിദ്ധ്യം അരങ്ങേറി. ഒരു നല്ല ഭാവിയെ സ്വപ്നം കാണുക സന്തോഷകരമാണല്ലോ. എല്ലാവർക്കും ഓണത്തിന്റെ ആഹ്ലാദാശംസകൾ
പ്രൊഫ.ജി.ബാലചന്ദ്രൻ