അഭിമാനത്തിന്റെ സംഗീതവും കുസൃതിയുടെ ആനക്കുട്ടിയും ഓസ്കാർ പുരസ്ക്കാര വേദിയിൽ ആഹ്ലാദത്തിന്റെ ആരവമുയർത്തി . 14 വർഷങ്ങൾക്കു ശേഷമാണ് ഓസ്കാർ വേദിയിൽ ഇന്ത്യ വീണ്ടും വിജയതിലകം ചാർത്തിയത്. “ഗോൾഡൻ ഗ്ലോബ്” പുരസ്ക്കാരത്തിൻ്റെ ആഹ്ലാദം ഒഴിയും മുമ്പെയാണ് കീരവാണി സംഗീതത്തിന്റെ മന്ത്രധ്വനിയിലൂടെ അത്ഭുതം കുറിച്ചത്. ജനകോടികൾ നെഞ്ചേറ്റിയ ‘നാട്ടു നാട്ടു’ വിൻ്റെ ഈരടികൾക്ക് ഗാന രചയിതാവ് ചന്ദ്രബോസും അവാർഡിനർഹനായി. ഡോക്യൂമെന്ററിയിലൂടെ ഹ്രസ്വ ചിത്രത്തിനുള്ള വിശ്വോത്തര പുരസ്കാരം ” ദ എലിഫെന്റ് വിസ്പറേഴ്സ് ” നേടിയത് ഇന്ത്യക്ക് ഇരട്ടി മധുരമായി. സംഗീതത്തിന്റെ പെരുന്തച്ചൻ നീണ്ട സർഗ്ഗാന്വേഷണത്തിനൊടുവിലാണ് “നാട്ടു നാട്ടു” എന്ന മികച്ച ഗാനത്തിന് ഈണവും താളവും നല്കിയത്.
എസ്സ്.എസ്സ്. രാജമൗലിയുടെ തെലുങ്കു സിനിമയായ RRR ൽ ചന്ദ്രബോസ് രചിച്ച “നാട്ടു നാട്ടു” ഈരടികൾക്ക് കീരവാണി നല്കിയ ഈണവും, താളവും നർത്തകരുടെ നൃത്തച്ചുവടുകളും ലോകത്തിന് രോമഹർഷം സമ്മാനിച്ചു. . 95മത് പുരസ്കാര വേദിയിൽ നാലു മിനിട്ടു മാത്രമുളള ” നാട്ടു നാട്ടു” രാഹുലും കാല ഭൈരവയും ചേർന്നാലപിച്ച്, ജൂനിയർ എ.റ്റി. ആറും രാം ചരണും സംഘവും ചടുലമായ ദ്രുതതാളത്തിൽ നൃത്തച്ചുവടുകൾ വച്ചപ്പോൾ സദസ്സാകെ കോരിത്തരിച്ചു. കീരവാണി മലയാള സിനിമാ ഗാനങ്ങൾക്കും സംഗീതം നല്കി തൻ്റെ സ്വതസിദ്ധമായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.. . ബ്രീട്ടീഷ് ഭരണകൂടത്തിനെതിരെ 1920 കളിൽ വിപ്ലവം നയിച്ച അല്ലൂരി സീതാരാമ രാജു , കോമരം ഭീം എന്നീ ഇന്ത്യൻ വിപ്ലവകാരികളുടെ ജീവിത കഥയാണ് “ആർ.ആർ ആറിൽ ” ആഖ്യാനം ചെയ്തത്. ചരിത്രപരമായി ഈ ചിത്രത്തിന് പ്രാധാന്യമേറെയുണ്ട്.
ഇരുപതു ഭാഷകളിൽ 250 ലേറെ പാട്ടുകൾക്കു സംഗീതം നല്കിയ കീരവാണി ഇപ്പോൾ സംഗീത സമ്രാട്ടായിത്തീർന്നിരിക്കുന്നു. ഓസ്ക്കാർ അവാർഡുകൾ ഭാരതത്തിന് പെരുമയും ഗരിമയും സമ്മാനിച്ചു.
മുതുമല ദേശീയോദ്യാനത്തെ പശ്ചാത്തലമാക്കിയുള്ള “എലിഫെന്റ് വിസ്പറേഴ്സ് ” ബൊമ്മനും ബെല്ലിയും ആനക്കുട്ടിയും ചേർന്നഭിനയിച്ച ഹ്രസ്വ ചിത്രത്തിനാണ് മറ്റൊരു അവാർഡ്. പ്രകൃതിയും ജീവജാലങ്ങളും തമ്മിലുളള സഹാനുഭൂതിയാണ് ഈ ചെറു ചിത്രത്തിന്റെ പ്രമേയം.
അന്തർദേശീയ തലത്തിൽ ഇന്ത്യൻ സിനിമയെ ആകാശത്തോളം ഉയരത്തിലെത്തിച്ച, അഭ്രപാളികളിൽ വിസ്മയം സൃഷ്ടിച്ച കലാകാരന്മാർ ഭാരതത്തിന്റെ അഭിമാനമാണ് . അവർക്ക് ശതകോടി നമസ്കാരം.
പ്രൊഫ ജി ബാലചന്ദ്രൻ