രാജാ കേശവദാസനാണ് ആലപ്പുഴ നഗരത്തിന്‍റെ ശില്‍പ്പി . ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ജീവിതരേഖയാണ് രാജാ കേശവദാസന്‍റേത്. കൊട്ടാരക്കരയ്ക്കടുത്ത് കുന്നത്തൂര്‍ കീര്‍ത്തിമംഗലത്ത് 1745 മാര്‍ച്ച് 17-ന് മാര്‍ത്താണ്ഡന്‍ പിള്ളയുടേയും കാളിയമ്മപ്പിള്ളയുടേയും മകനായി കേശവപിള്ള ജനിച്ചു. മരുമക്കത്തായമായതുകൊണ്ട് അമ്മാവന്‍ രാമൻ പിള്ളയാണ് വളര്‍ത്തിയത്. മുഴുവന്‍ പേര് രാമന്‍ കേശവപിള്ള എന്നായിരുന്നു. അച്ഛന്‍മാര്‍ത്താണ്ഡന്‍പിള്ള രാജസൈന്യത്തില്‍ നിന്ന് പിരിഞ്ഞതിനുശേഷം സന്യാസം സ്വീകരിച്ച് കാശിക്കു പോയി. കുടുംബഭാരം മുഴുവന്‍ കൊച്ചു കേശവപിള്ളയുടെ തലയിലായി. കണക്കില്‍ അതി സമര്‍ത്ഥനായിരുന്നു കേശവപിള്ള. ഉയരങ്ങങ്ങളിലേക്ക് പറക്കുന്നു ലക്ഷ്യത്തിനുവേണ്ടി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. പോക്കു മൂസ്സാ മരയ്ക്കാരുടെ കടയില്‍ കണക്കെഴുതാന്‍ കൂടി. പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള പയ്യന്‍’ പോക്കുമൂസായുടെ കണക്കെല്ലാം കൃത്യമായി കൂട്ടി എഴുതി. . കപ്പല്‍ വ്യാപാരത്തിനു വേണ്ടിയുള്ള എഴുത്തുകുത്തുകളും നടത്തി. പോക്കു മൂസാ, തൻ്റെ മിടുക്കനായ കണക്കപ്പിള്ളയെക്കുറിച്ച് രാജാവിനോട് പറഞ്ഞു. രാജാവ് ആ ബാലന് നീട്ടെഴുത്തു ഉദ്യോഗം നല്‍കി. കേശവ പിള്ള ഹിന്ദിയും ഇംഗ്ലീഷും ഡച്ചും മെനക്കെട്ടിരുന്നു പഠിച്ചു . രാജാവിന്‍റെ വ്യാപാരസംബന്ധമായ കത്തുകള്‍ കേശവപിള്ള തന്നെ അയച്ചു. രായസം ഉദ്യോഗസ്ഥനായതോടെ കേശവപിള്ളയ്ക്ക് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. വിശ്വസ്തതയും ഇച്ഛാശക്തിയുമായിരുന്നു കേശവപിള്ളയുടെ കൈമുതല്‍. ദിവാന്‍ ചെമ്പകരാമന്‍പിള്ളയ്ക്കുശേഷം കേശവപിള്ള ദിവാനാവുകയും രാമവര്‍മ്മ രാജാവിന്‍റെ വലംകൈയ്യായിത്തീരുകയും ചെയ്തു. ബ്രിട്ടീഷ് ഗവര്‍ണ്ണര്‍ കേശവപിള്ളയ്ക്ക് രാജാസ്ഥാനം നല്‍കി. അങ്ങനെ കേശവപിള്ള “ദിവാന്‍ രാജാകേശവദാസനായി “. വലിയ ദിവാന്‍ജി എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. ഒരിക്കൽ
നാടു ചുറ്റി പരിശോധിക്കുന്നതിനിടയിലാണ് കാടും പടലും കറുകപ്പുല്ലും കുരങ്ങും മൂര്‍ഖന്‍ പാമ്പും എല്ലാം നിറഞ്ഞ ആലപ്പുഴ പ്രദേശം ദിവാൻ കണ്ടത്. പടിഞ്ഞാറുവശം വിശാലമായ കടല്‍, കിഴക്ക് വേമ്പനാട്ടു കായല്‍, അതിനു നാനാ കൈവഴികള്‍. അദ്ദേഹത്തിന്‍റെ മനോമുകുരത്തില്‍ നാമ്പിട്ട ആശയമാണ് ഒരു തുറമുഖനഗരം. തിരുവനന്തപുരം മുതല്‍ അങ്കമാലി കറുകുറ്റിവരെയുള്ള ദേശീയപാതയ്ക്ക് അദ്ദേഹം രൂപം നല്‍കി. ആ കവലയ്ക്ക് കേശവദാസപുരം എന്ന് പേരുവീണു. പല ദേശത്തുനിന്ന് കണക്കപ്പിള്ളമാരെയും വ്യാപാരികളെയും ആലപ്പുഴയില്‍ വരുത്തി. ജാതിമത വ്യത്യാസമില്ലാതെ ഭൂമിയും സൗകര്യവും കൊടുത്ത് ബോംബെയോടു കിടപിടിക്കുന്ന ഒരു തുറമുഖനഗരമാക്കി ആലപ്പുഴയെ മാറ്റി.
പതിന്നാലു വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് ബാലരാമവര്‍മ്മ രാജസ്ഥാനം ഏറ്റത്. ബാലരാമ വർമ്മയുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ജയന്തന്‍ നമ്പൂതിരി അസൂയ മൂത്ത് കേശവദാസനെതിരായി കരുക്കള്‍ നീക്കി. ഒരു നാടിന്‍റെ സര്‍വ്വതോമുഖമായ അഭിവൃദ്ധിക്കു രാപകല്‍ അദ്ധ്വാനിച്ച ആ ചരിത്രപുരുഷനെ, രാജാ കേശവദാസനെ, അന്‍പത്തിനാലാം വയസ്സില്‍ ജയന്തൻ നമ്പൂതിരിയുടെ ആൾക്കാർ വിഷം കൊടുത്തു കൊന്നു. ഇപ്പോള്‍ കളര്‍കോട് എസ്.ഡി. കോളേജിനു എതിര്‍വശം രാജാ കേശവദാസന്‍റെ ഒരു പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്‍റെ സ്മാരകമായി തലയുയര്‍ത്തി നില്‍ക്കുന്നു. ആലപ്പുഴയുടെ ഉയർച്ചക്കായി ഉയിരുനൽകി ഉണർന്നു പ്രവർത്തിച്ച ആ കർമ്മയോഗിയെ ചതിച്ചു കൊന്നത് തന്നെയാവാം പിന്നീടുള്ള ആലപ്പുഴയുടെ ദുർഗതിക്ക് കാരണം