പിണറായി സർക്കാരിന്റെ ദുഷ്പ്രഭുത്വവും അഴിമതിയും കൊണ്ട് മടുത്ത ജനങ്ങൾ എങ്ങനെയെങ്കിലും മാർക്സിസ്റ്റ് ഭരണത്തെ താഴെയിറക്കാൻ പ്രതിജ്ഞയെടുത്തിരിക്കയാണ്. തല്ലണ്ടമ്മാവാ ഞങ്ങൾ നന്നാവില്ല എന്ന് പറഞ്ഞു കൊണ്ട് തമ്മിൽ തല്ലി ഗ്രൂപ്പും ക്ലിക്കും വിഭാഗീയതയും പരസ്യമാക്കി ഹോട്ടൽ മുറിയിൽ യോഗം കൂടി പരസ്പരം പഴിചാരി കൊമ്പുകോർത്തു നില്ക്കുന്നു. ഏയും ഐയും ഒന്നിച്ചുവത്രേ. അപ്പോൾ പിന്നെ ഒരു മൂന്നാം ഗ്രൂപ്പിനെതിരായിട്ടാണ് യുദ്ധം. അതുകൊണ്ടും അരിശം തീരാഞ്ഞ് വീടിനു ചുറ്റും മണ്ടി നടന്നു എന്നു കുഞ്ചൻ നമ്പ്യാർ പറഞ്ഞതു പോലെ ഹൈക്കാമാന്റിനു ചുറ്റും റാകിപ്പറക്കുകയാണ്.
കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായതിനു ശേഷം പാർട്ടിയിൽ പുന:സംഘടന ഉടനുണ്ടാകുമെന്നു പല പ്രാവശ്യം പ്രഖ്യാപിച്ചിട്ടു രണ്ടു വർഷമായി. അതിനു വേണ്ടി തലങ്ങും വിലങ്ങും ചർച്ച ചെയ്തു കൊണ്ടേയിരുന്നു. ഒടുവിൽ ബ്ലോക്ക് പ്രസിഡന്റന്മാരുടെ പേരു പ്രഖ്യാപിച്ചു. ചില ഞരങ്ങലും മൂളലുമേ ഉണ്ടായുള്ളു. അപ്പോഴാണ് വെടിപൊട്ടിച്ചു കൊണ്ട് പരാതിപ്പെട്ടിയുമായി ഹൈക്കാമാന്റിലേക്കു പോകാൻ ചുറ്റിക്കറങ്ങുന്നത്.
ഇനിയും കടമ്പകളേറെയുണ്ട്. മണ്ഡലം പ്രസിഡന്റന്മാരെയും ബൂത്ത് പ്രസിഡന്റന്മാരെയും ഡി.സി.സി. ഭാരവാഹികളെയും തെരഞ്ഞെടുക്കണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു വാതുല്ക്കൽ നില്ക്കുന്നു. ഒരു മെയ്യോടെ ഒരേ മനസ്സോടെ സംഘടന ശക്തമാക്കിയാലേ കുറച്ചെങ്കിലും പിടിച്ചു നില്ക്കാനാവൂ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സിറ്റു കിട്ടിയത് ശബരിമല പ്രശ്നവും രാഹുൽ ഗാന്ധി കേരളത്തിൽ വന്നു മത്സരിച്ചതു കൊണ്ടുമാണ്. ആ സാഹചര്യമല്ല ഇപ്പോഴുള്ളത്. സി.ദിവാകരന്റേയും മുൻ ഡി.ജി.പി. ഏ.ഹേമചന്ദ്രന്റേയും സോളാർ വെളിപ്പെടുത്തുകളെ ഒറ്റക്കെട്ടായി നേരിടാൻ പോലും കോൺഗ്രസ്സിനു കഴിയുന്നില്ല.
കെ.റെയിൽ, കെ. ഫോൺ,തട്ടിപ്പും വെട്ടിപ്പും കൈക്കൂലിയുമായി മാർക്സിസ്റ്റു പാർട്ടി നിറഞ്ഞാടുന്നു. S.F.I ക്കാരുടെ ആൾമാറാട്ടവും പരീക്ഷയെഴുതാതെ ജയിക്കുന്ന ജാല വിദ്യയും ഒരു കറക്കു കമ്പനി പോലെ ഇവിടെ പടരുന്നു. വിദ്യാഭ്യാസമല്ല വിദ്യ- ആഭാസമാണ് നടക്കുന്നത്. ഈ സർക്കാരിനെതിരെ ജനങ്ങൾ ഒരവസരം പാർത്തിരിക്കയാണ്. മുഖ്യമന്ത്രിയും പരിവാരങ്ങളും അമേരിക്കയിലേക്കും ക്യൂബയിലേക്ക് വിമാനം കയറിട്ടുണ്ട്.
ശ്രീ ചെന്നിത്തലയും ബെന്നി ബഹ് നാനും എം.എം. ഹസ്സനും പാർട്ടിക്കെതിരെ ഗ്രൂപ്പിന് പരസ്യമായി ആഹ്വാനം ചെയ്തത് ശരിയായില്ല. ജീവനും രക്തവും ചിന്തി പാർട്ടിക്കു വേണ്ടി രാപകൽ പ്രവർത്തിക്കുന്ന പാർട്ടിക്കാരുണ്ട്. അവരുടെ ആത്മാവ് പാർട്ടിയാണ്. കെ.കരുണാകരന്റേയും ഏ.കെ ആന്റണിയുടേയും ഉമ്മൻ ചാണ്ടിയുടേയും കാലത്തുണ്ടായിരുന്ന ഗ്രൂപ്പിന് ഇനി പ്രസക്തിയില്ല. എല്ലാ അവസരങ്ങളും ഉപയോഗിച്ചിട്ട് ഇപ്പോൾ നിസ്സാര കാര്യം പറഞ്ഞ് ഗ്രൂപ്പുകളിക്കിറങ്ങിയത് ചൂറും ചൂരുമുള്ള ഒരു പാർട്ടി പ്രവർത്തകനും പൊറുക്കുകയില്ല. ഇനി മണ്ഡലം പ്രസിഡന്റന്മാരും തീരുമാനിക്കപ്പെടേണ്ടതുണ്ട്. അതിലും തർക്കവും കുതർക്കവും ഉയർത്തി പാർട്ടിക്കകത്ത് കലാപക്കൊടി ഉയർത്തുന്നത് നീതിയല്ല. മാർക്സിസ്റ്റു പാർട്ടിക്കും ബി.ജെ.പി.യ്ക്കുമെതിരെ ശബ്ദമുയർത്തേണ്ട നേരത്ത് പാർട്ടിക്കാർ തമ്മിൽ കലഹിക്കുന്നത് വിരോധാഭാസമാണ്. ഗ്രൂപ്പിസം കൊണ്ട് സഹികെട്ടപ്പോഴാണ് ഞാൻ കേവലം പാർട്ടി മെമ്പർഷിപ്പിൽ മാത്രമൊതുങ്ങി സജീവ രാഷ്ട്രിയ പ്രവർത്തനത്തിൽ നിന്ന് പിൻവാങ്ങിയത്. അങ്ങനെ എത്രയോ പാവങ്ങളാണ് മനംനൊന്ത് പാർട്ടിയിൽ കഴിയുന്നത്. ഈ ഗ്രൂപ്പു മാനേജരന്മാർക്ക് ഇനിയെങ്കിലും സൽ ബുദ്ധി തെളിയട്ടെ.
കോൺഗ്രസ്സിനകത്ത് വിഘടനവാദം മുറുകുമ്പോൾ പിണറായി സർക്കാർ കോൺഗ്രസ്സ് നേതാക്കളായ സതീശനേയും സുധാകരനെയും കേസിന്റെ കുരുക്കിട്ട് മുറുക്കുന്നു.
ഏ.ഐ. ഗ്രൂപ്പു സമവാക്യം ഒരു പുതിയ പാർട്ടി രൂപീകരണത്തിലേക്ക് വഴി തുറക്കുമെന്നാണ് എന്റെ നിഗമനം.
ഗ്രൂപ്പ് വേണ്ടാ എന്നു പ്രഖ്യാപിക്കുന്നവരുടെ സമ്മേളനം വിളിച്ചാൽ പതിനായിരങ്ങൾ പങ്കെടുക്കും.
കാരപ്പഴം പഴുത്തപ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ് എന്നതു പോലെയാണ് കേരളത്തിൽ കോൺഗ്രസ്സിന്റെ സ്ഥിതി. ഗ്രൂപ്പും ക്ലിക്കും വിഭാഗീയതയും നിൻ വിധികല്പിതമാണ് തായേ.
പ്രൊഫ.ജി.ബാലചന്ദ്രൻ