സ്കേനേയൂസ് രാജാവ് വീര ശൂര പരാക്രമിയായിരുന്നു. തനിക്കു ഒരാൺ കുഞ്ഞ് ജനിക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. എന്നാൽ പിറന്നത് പെൺകുഞ്ഞ്. രാജാവിന് ദേഷ്യമായി. നിരാശനായ രാജാവ് കുഞ്ഞിനെ (അറ്റ്ലാന്തായെ) പാർത്തേനിയൻ പർവ്വതത്തിന്റെ താഴ്‌വരയിൽ നിഷ്ക്കരുണം ഉപേക്ഷിച്ചു. ആ കുഞ്ഞ് പർവ്വത പംക്തിയിൽ ആരോരുമില്ലാതെ കിടന്നു കരഞ്ഞു. ദീന വിലാപം കേട്ട് ഒരു പെൺ കരടി ആ വഴി വന്നു. ആ ജന്തുവിന് മനുഷ്യക്കുഞ്ഞിനെക്കണ്ട് അലിവു തോന്നി. അറ്റിലാന്തായ്ക്ക് കരടി സ്വന്തം പാൽ കൊടുത്തു വളർത്തി. മറ്റു കരടിക്കുഞ്ഞുങ്ങളോടൊപ്പം വളർന്ന അവൾ കരടിയെപ്പോലെ കരുത്തും ആവേശവുമുള്ളവളായി. വർഷങ്ങൾ കടന്നു പോയി. ഒരിക്കൽ കുറെ നായാട്ടുകാർ ആ വഴി വന്നു. കരടിക്കുഞ്ഞുങ്ങളോടൊപ്പം ഒരു മനുഷ്യക്കുഞ്ഞിനെക്കണ്ട് അവർ അത്‌ഭുതപ്പെട്ടു. അവർ അറ്റ്ലാന്തായെ രക്ഷപ്പെടുത്തി.
ആദ്യമൊക്കെ അറ്റ്ലാന്റാ സംസാരിച്ചില്ല. നാലുകാലിൽ നടന്നു. കരടിയെപ്പോലെ ശബ്ദം പുറപ്പെടുവിച്ചു.
നായാട്ടുകാർ അവളെ പിരിശീലിപ്പിച്ചു. ക്രമേണ മനുഷ്യ സ്വഭാവം കൈവന്നു. രണ്ടു കാലിൽ നടക്കാനും, പിന്നെ സംസാരിക്കാനും തുടങ്ങി. അറ്റ്ലാന്റാ ആർട്ടിമിസ് ദേവിയുടെ ഭക്തയായിത്തീർന്നു. ദേവി അവളെ അസ്ത്ര വിദ്യ പഠിപ്പിച്ചു കുന്തപ്രയോഗം പരിശീലിപ്പിച്ചു.
അറ്റ്ലാന്റാ വിവാഹം കഴിക്കാൻ മടിച്ചു. പുരുഷന്മാരോട് അവൾക്ക് കടുത്ത വൈരമായിരുന്നു. അവർ വഞ്ചകരാണെന്നാണ് അവൾ വിചാരിച്ചത്. അവളെ വിവാഹം കഴിക്കാൻ പലരും മുന്നോട്ടു വന്നു. വിവാഹാർത്ഥികളോട് അവൾ ഒരു വ്യവസ്ഥ വച്ചു. “ഓട്ട മത്സരത്തിൽ തന്നെ തോല്പിക്കണം”. വന്നവർ വന്നവർ തോറ്റു തുന്നം പാടി. തോൽവി അടഞ്ഞവരെ കുന്തമുനയിൽ അവൾ കുത്തി നിർത്തും അനേകം പേർ മരണമടഞ്ഞു.
അക്കാലത്താണ് ഏനയൂസ് രാജാവിന്റെ പ്രിയ പുത്രൻ മെലയാഗർ അറ്റ്ലാന്തായെ വിവാഹം കഴിക്കാനെത്തിയത്. അറ്റ്ലാന്റാ പറഞ്ഞു: “വ്യവസ്ഥ അറിയാമല്ലോ,എന്നെ തോല്പിച്ചാൽ ഞാൻ അങ്ങയുടേതാകും. താങ്കൾ തോറ്റാൽ എന്റെ കുന്തമുനയിൽ ജീവിതം അവസാനിപ്പിക്കേണ്ടിവരും സമ്മതിച്ചു.”
അറ്റ്ലാന്താ ഒരു ആപ്പിൾ കൊതിച്ചിയാണെന്ന് മെലയാഗർ മനസ്സിലാക്കി. ഏതാനും ആപ്പിൾ അയാൾ കീശയിൽ കരുതിയിരുന്നു. മത്സരം ആരംഭിച്ചു. വാശിയായ ഓട്ടം. ഓട്ടത്തിൽ മുൻപിലെത്തുന്ന അറ്റ്ലാന്തായുടെ മുൻപിലേക്കു ഓരോ ആപ്പിൾപ്പഴം എറിഞ്ഞു കൊടുക്കും. അവൾ അത് കുനിഞ്ഞെടുത്ത് കടിച്ചു തിന്നുന്ന നേരത്ത് മെലായഗർ ഓടി മുന്നിലെത്തും. അങ്ങനെ പല പ്രാവശ്യം മെലയാഗർ ആപ്പിൾ എറിഞ്ഞു കൊടുത്തു. അവൾ അതു പെറുക്കിയെടുത്ത് കടിച്ചു തിന്നു തുടങ്ങി. സൂത്രം ഫലിച്ചു. മെലയാഗർ അറ്റ്ലാന്തയെ തോല്പിച്ച് ഓടി മുന്നിലെത്തി. കുന്തത്തിന് മുകളിൽ കരുതി വച്ചിരുന്ന വരണമാല്യം അവൾ കമിതാവിനു ചാർത്തി, കുന്തം വലിച്ചു ദൂരെയെറിഞ്ഞു. അവർ ഭാര്യാഭർത്താക്കന്മാരായി.
അതു കഴിഞ്ഞ് നാടിനെ നടുക്കിയ ഒരു കാട്ടുപന്നിയെ നേരിടാൻ മെലയാഗർ തയ്യാറായി. നായാട്ടു സംഘത്തിൽ പുരുഷന്മാരോടൊപ്പം അറ്റ്ലാന്തായുമുണ്ടായിരുന്നു. കാട്ടുപന്നിയുടെ നേരേ ഉന്നം വച്ച് അറ്റ്ലാന്താ അസ്ത്രമെയ്തു. അത് കാട്ടുപന്നിയുടെ നെഞ്ചിൽ തറച്ചു. മെലയാഗറിന്റെയും മാതുലന്റേയും അസ്ത്രങ്ങളും കാട്ടുപന്നിയുടെ മേൽ പതിച്ചു. കാട്ടുപന്നിയെ ആരാണ് കൊന്നതെന്ന തർക്കമായി. അറ്റ്ലാന്റായുടെ അസ്ത്രമാണ് പന്നിയെ കൊല്ലാൻ ഉപകരിച്ചതെന്ന് മെലയാഗർ അറിഞ്ഞു. കാട്ടുപന്നിയുടെ ശവ ശരീരം മെലയാഗർ അറ്റ്ലാന്റായുടെ കാല്ക്കൽ വച്ചു. അത് വലിയ കുടുംബ കലഹത്തിനു ഇടയായി. മാതുലൻ മെലയാഗിറിനു നേരെ കുന്തമുയർത്തി. ഒട്ടും താമസിച്ചില്ല മെലയാഗർ മാതൃസഹോദരനെ വധിച്ചു.
സ്വന്തം സഹോദരനെ വധിച്ച സ്വന്തം മകനോട് ആൽത്തായ രാജ്ഞി കോപന്ധയായി. രാജ്ഞി മകന്റെ മരണത്തിന് വഴിവച്ചു.
ഒരു സ്ത്രീയ്ക്ക് മകനാണോ സഹോദരനാണോ വലുത്? അതൊരു ആലോചനാ വിഷയമാണ്.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി