സി.പി. ഐ. എമ്മിൻ്റെ ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിനുള്ള “രാഷ്ട്രീയ സംഘടനാ പ്രമേയം” പാർട്ടി പുറത്തിറക്കിക്കഴിഞ്ഞു. മൊത്തം 81 പേജുകളാണ് പ്രമേയത്തിനുള്ളത്. ദേശീയ സാർവ്വദേശീയ വിഷയങ്ങളെ വിലയിരുത്തുന്ന രേഖ പതിവുപോലെ , സാമ്രാജ്യത്വ അമേരിക്കയെ തല്ലുകയും, കമ്യൂണിസ്റ്റ് ചൈനയെ തലോടുകയും ചെയ്യുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും ആഗോള സാമ്പത്തിക രംഗത്ത് ചൈന കുതിച്ചതിലുള്ള സന്തോഷം സി.പി.എം. മറച്ചു വെച്ചിട്ടില്ല . അമേരിക്കയുമായുള്ള അസ്വാരസ്യവും , റഷ്യയുമായുള്ള ചങ്ങാത്തവും , ചൈനക്കെതിരെ ഇന്ത്യയും , അമേരിക്കയും, ജപ്പാനും, ആസ്ത്രേലിയയും ചേർന്നുള്ള കുറു മുന്നണിയോടുള്ള എതിർപ്പും പാർട്ടി രേഖയിൽ ഇടം പിടിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിലും, പശ്ചിമേഷ്യയിലും, ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലുമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റിയെല്ലാം പാർട്ടി പ്രതിപാദിക്കുന്നുണ്ട്.
സമീപ കാലത്തെ ഇന്ത്യാ ചൈനാ സംഘർഷ സമയത്ത് ഞങ്ങൾ രാജ്യത്തോടൊപ്പം നിന്നു എന്ന് വീണ്ടും വീണ്ടും പറയുമ്പോൾ പെരുന്തച്ചൻ്റെ ഉളി മകനു നേരെ വീണതു പോലെ തോന്നും. ഇതൊക്കെ ചെയ്തിട്ടും ഞങ്ങളെ നിങ്ങൾ ചൈനാ പക്ഷക്കാർ എന്നു വിളിച്ചില്ലേ എന്ന് പാർട്ടി സമൂഹമാധ്യമങ്ങളോട് വിലപിക്കുന്നുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ BJP യുടെ അപ്രമാദിത്വവും, കോൺഗ്രസിൻ്റെ തകർച്ചയും എടുത്തു പറയുന്നുണ്ട്. ബംഗാളിലും ത്രിപുരയിലും ചെങ്കൊടി അടിപടലം തകർന്നെന്ന കുറ്റസമ്മതം “സത്യസന്ധമാണ്. എതിരാളിയുടെ അടി പേടിച്ച് പലരും അവിടെ പാർട്ടി മാറുന്നു എന്ന് സി.പി. എം മനസിലാക്കിയിട്ടുണ്ട്. ഇടതു തകർച്ചക്കിടയിലും കേരളം ഒരു തുരുത്തായതയിൽ അഭിമാനിക്കുന്ന പാർട്ടി കേരളത്തിൽ തിരുത്താൻ കാര്യമായൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല. ജനവിരുദ്ധ വികസനവും, നിയമനിർമാണവും എല്ലാം വിമർശിക്കപ്പെടുമ്പോഴും പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ പറ്റി ഇക്കാര്യങ്ങളിൽ പാർട്ടി രേഖ നിശബ്ദമാണ്.
ഹിന്ദുത്വ അജണ്ടയെ നേരിടലാണ് പ്രധാന ലക്ഷ്യം എന്നു പറയുമ്പോഴും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനോട് അയിത്തമാണോ അടുപ്പമാണോ എന്ന് ഖണ്ഡിതമായി പറയാൻ പാർട്ടിക്കാവുന്നില്ല. ബി.ജെ.പി യെ തോൽപ്പിക്കാൻ ഇടതു പക്ഷത്തെ ശക്തിപ്പെടുത്തുക എന്നത് തന്നെയാണ് സി.പി. എം. പറയുന്നത്. മറ്റൊരു കാര്യം പാർട്ടിയെ ശക്തിപ്പെടുത്തുക എന്നുമാണ്.
5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നു. പതിനെട്ടാം ലോക സഭയിലേക്ക് ഇനി അധികം കാലം ഇല്ല. കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ കക്ഷികളെ അകറ്റിയുള്ള കരട് പ്രമേയം ഊരാകുടുക്കാകുമോ എന്നതാണ് ഇനി കാണേണ്ടത്. സമയമുണ്ട്. കണ്ണൂരിൽ നടക്കുന്ന ” പാർട്ടി കോൺഗ്രസിൽ ” കോൺഗ്രസ് വേണമോ ? വേണ്ടയോ എന്നതു തന്നെയാവും പ്രധാന ചർച്ച.. മിക്കവാറും കോൺഗ്രസുമായി സഖ്യം ദേശീയ തലത്തിൽ വേണ്ട എന്നും പ്രാദേശികമായി സഹകരിച്ചാൽ മതി എന്നാവും പാർട്ടി കോൺഗ്രസ് എത്തുന്ന ധാരണ. എല്ലാ തവണയും പാർട്ടി കോൺഗ്രസിൽ വി.എസ് പറയുന്ന അഭിപ്രായങ്ങൾ ചർച്ചയാകാറുണ്ട്. ഇത്തവണ ഇനി പിണറായി പറയും. കേന്ദ്ര നേതൃത്വം കേൾക്കും. പാർട്ടി ജനറൽ സെക്രട്ടറിയായി തുടരുന്നതിന് സീതാറാം യെച്ചൂരിക്ക് മുന്നിൽ നിലവിൽ യാതൊരു തടസ്സങ്ങളും ഇല്ലതാനും…
പ്രൊഫ ജി ബാലചന്ദ്രൻ