തകർന്നടിയുന്ന ലോകകമ്മ്യൂണിസത്തിൻ്റെ അന്തിത്തിരിയാണ് കേരളത്തിൽ എരിഞ്ഞു തീരുന്നത്. ഏഴു കോടി ജനങ്ങളെ നിഷ്കരുണം കശാപ്പുചെയ്ത്കൊണ്ട് സറ്റാലിൻ കമ്യൂണിസത്തിൻ്റെ തേരോട്ടം നടത്തി. മാർക്സിസത്തിന് തിരുത്തലുകളൊ കൂട്ടിച്ചേർക്കലുകളൊ നടത്താതെ മാർക്സ് വിഭാവനം ചെയ്ത സ്വപ്ന ഭൂമികയിലേക്ക് പല രാജ്യങ്ങളും എടുത്ത് ചാടി. പക്ഷെ കാലോചിതമല്ലാത്ത ആശയധാര പിൻപറ്റിയവരെയെല്ലാം കാലം പിഴുതെറിഞ്ഞു. കാലക്രമേണ മാർക്സിസം ഫാസിസത്തിന് വഴിമാറി. ഇപ്പോൾ മുതലാളിത്ത രാഷ്ട്രങ്ങളുടെ ദയാദാക്ഷിണ്യത്തിലാണ് റഷ്യയും ചൈനയും കഴിയുന്നത്. പല ബുദ്ധിജീവികളും കലാകാരൻമാരും സൈദ്ധാന്തികരും കമ്യൂണിസത്തെ ത്യജിച്ചു. പോളണ്ട്, യുഗോസ്ളോവ്യ, ഹംഗറി, കിഴക്കൻ ജർമനി, ചെക്കോസ്ളോവാക്യ എന്നിവിടങ്ങളിലെല്ലാം കമ്യൂണിസ്റ്റ് ഭരണം എരിഞ്ഞടങ്ങി. പടിഞ്ഞാറൻ ബംഗാളിൽ 35 വർഷത്തെ മാർക്സിസ്റ്റ് ദുർഭരണം മടുത്ത് ആ സർക്കാരിനെ ജനങ്ങൾ തൂത്തെറിഞ്ഞു. അവിടെ പിന്നെ ചെങ്കൊടിക്ക് വേരോട്ടം ഉണ്ടായില്ല. സലീം ഗ്രൂപ്പ് എന്ന വ്യവസായ ഭീമനു വേണ്ടി നന്ദിഗ്രാമിൽ നടത്തിയ നരനായാട്ട് പാർട്ടിയെ ബംഗാളിൽ നിന്നും ചുരുട്ടി കെട്ടി. ബംഗാളിൽ ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എം പച്ച തൊട്ടില്ല. ത്രിപുരയിലാകട്ടെ പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ പാർട്ടി നിലംപരിശായി.
.കേരളത്തിലേക്ക് വന്നാൽ സാക്ഷാൽ പിണറായി വിജയൻ്റെ രണ്ടാം ഊഴം അരങ്ങേറിയപ്പോഴാണ് അഴിമതിയുടെ “കെ- മോഡൽ” ഘോഷയാത്ര തുടങ്ങിയത്. കിട്ടുന്നിടത്തു നിന്നെല്ലാം കടം വാങ്ങി സഫലമാകാത്ത പദ്ധതികൾക്ക് കല്ലുകളിട്ടു. കെ റെയിൽ, എ ഐ ക്യാമറ, കെ ഫോൺ , ഭൂമിയുടെ ഡിജിറ്റൽ സർവ്വെ എന്നിവയുടെ പേരിൽ കോടികൾ തട്ടി. ധൂർത്തും, അനധികൃത നിയമനയവും, വ്യാജ ഡിഗ്രികളും സാർവ്വത്രികമായി . വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടം അടിയറ വച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് വില വാണം പോലെ കുതിച്ചുയർന്നു.ഭരണകൂടത്തിൻ്റെ അഴിമതികളെ തുറന്നു കാട്ടുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കാൻ ശ്രമിച്ചു. നല്ല നിലയിൽ പ്രവർത്തിച്ച ഫാക്ടറികൾ സി.ഐ.ടി.യുകാർ പൂട്ടിക്കുന്ന ദുരവസ്ഥയുണ്ടായി. കോട്ടയത്ത് ഒരു ബസ്സുകാരൻ്റെ പിന്നാലെ കുന്തവും കൊണ്ട് ഓടി വികസന വിരുദ്ധതയുടെ മാതൃക കാട്ടി ! .ഭീഷണിയും കഠാരയും കൊണ്ട് എസ്.എഫ്.ഐ ക്കാർ കലാശാലകളെ കലാപശാലകളാക്കി മാറ്റി. പാർട്ടി സഖാക്കൾ സെൽ ഭരണം പുനരാരംഭിച്ചു. . പിണറായി സർക്കാരിനെതിരെ വാർത്തകൾ നൽകുന്ന ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും സർക്കാർ നിരന്തരം വേട്ടയാടുന്നു. കൈക്കൂലിക്കു ചൂട്ടു പിടിക്കുന്ന പോലീസ് മേധാവികളെ പ്രധാന സ്ഥലങ്ങളിൽ അവരോധിക്കുന്നു . സ്യൂട്ട് കേസ് പണവും കൈതോല പായയും എവിടേക്കോ പോയി. പോലീസ് പട്ടിയെ വാങ്ങുന്നതിനും തീറ്റ വാങ്ങുന്നതിനും അഴിമതി നടത്തിയതിൻ്റെ പേരിൽ ഒരു DYSP യെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇതിനിടയിലാണ് നിയമസഭയിൽ LDF നടത്തിയ അക്രമങ്ങളും തുടരന്വേഷണവും വിചാരണയും കോടതിയിൽ ഉയർന്നു വന്നിരിക്കുന്നത്. എല്ലാ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മുഖ്യമന്ത്രി മൗനത്തിൽ മുങ്ങാംകുഴിയിടുന്നു. വലതുപക്ഷ വ്യതിയാനത്തിൻ്റെയും അമേരിക്കൻ വിരുദ്ധതയുടേയും ലോക ബാങ്കിൻ്റെയും കൊടിയ വിമർശകരായ പാർട്ടിയെ സാമ്രാജ്യത്വത്തിൻ്റെ ആലയിൽ കെട്ടി എന്ന ഗുഡ് സർട്ടിഫിക്കറ്റ് പിണറായിക്ക് സ്വന്തമാണ്. വിപ്ളവാവേശത്തിൽ പിണറായിയിലെ പാറപ്പുറത്ത് തുടങ്ങിയ തീജ്വാലയുടെ കനലെരിഞ്ഞടങ്ങുവാൻ ഒരു പിണറായിക്കാരൻ തന്നെ കാരണമാവുമോ എന്ന് കണ്ടറിയണം?. അമേരിക്കയിലെ ബൂർഷ്വാ ചന്തയിൽ വരെ കേരളത്തിൻ്റെ “നമ്പർ 1 മഹത്വം” എത്തിച്ച പിണറായി സർക്കാരിന് നല്ല നമസ്കാരം.
പ്രൊഫ ജി ബാലചന്ദ്രൻ