മണ്ണാർകുടിയിൽ വച്ച് അത്യാഡംബര പൂർവ്വം ആഘോഷിക്കപ്പെട്ട ഡി.എം.കെ.യുടെ സംസ്ഥാന സമ്മേളനം. കാലം 1970. വിളവെടുപ്പുകഴിഞ്ഞ് ഉണങ്ങിവരണ്ട നെല് പാടങ്ങൾ. അവിടം അതിമനോഹരവും വൈദ്യുത ദീപാലംകൃതവുമായ സമ്മേളന വേദിയായി അതിശീഘ്രം രൂപപ്പെട്ടു.. ഒരേ രൂപത്തിലും വലിപ്പത്തിലുമുള്ള കസേരകൾ വിശിഷ്ടാതിഥികൾക്കുവേണ്ടി വേദിയിൽ സജ്ജമാക്കിയിരുന്നു. മുഖ്യമന്ത്രിയും ഡി.എം.കെ. പ്രസിഡന്റുമായ കരുണാനിധിക്കുവേണ്ടി മദ്ധ്യത്തിൽ സിംഹാസന തുല്യമായ ഇരിപ്പിടവും സജ്ജീകരിച്ചിരുന്നു. വേദിയിലേക്കുവരുന്ന പ്രമുഖരെയെല്ലാം കരഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. നേതാക്കളെല്ലാം കസേരകളിൽ ഉപവിഷ്ഠരായപ്പോൾ എം ജി.ആർ. മാത്രം വേദിയിൽ അല്പം മാറ്റിയിട്ടുന്ന ഒരു ക്യാൻവാസ് കസേരയിലിരുന്നാണ് വിശ്രമിച്ചത്. അദ്ദേഹം സദസ്സിനെ വീക്ഷിക്കുമ്പോഴെല്ലാം വെടിക്കെട്ടുപോലെ കരഘോഷം ഉയർന്നിരുന്നു.
എം.ജി.രാമചന്ദ്രനും കരുണാനിധിയ്ക്കും വമ്പിച്ച ജനപിൻന്തുണയും ജനപ്രീതിയുമാണ് ഉണ്ടായിരുന്നത്. എന്നാൽ അവർ തമ്മിൽ വളർന്നുവന്ന ഒരു അഭിപ്രായഭിന്നതയുടെ പ്രാരംഭ ഘട്ടത്തിലാണ് ഈ സമ്മേളനം നടന്നത്. ഭാവിയിൽ എപ്പോഴെങ്കിലും എം.ജി.ആർ. തനിക്കൊരു പ്രതിയോഗിയായിത്തീർന്നേക്കുമെന്നും അതുകൊണ്ട് അദ്ദേഹത്തെ ഡി.എം.കെ. യിൽ നിന്നു ഉച്ചാടനം ചെയ്യുകയാവും ഏറ്റവും നല്ലത് എന്ന് തന്ത്രശാലിയായ കരുണാനിധി നിശ്ചയിച്ചു. ഡി.എം.കെയുടെ പ്രസിഡന്റ് എന്ന അധികാരമുപയോഗിച്ച് ട്രഷററായിരുന്ന എം.ജി.ആറിനോട് അദ്ദേഹം കണക്കുകൾ ആശ്യപ്പെട്ടു. ഇത് എം.ജി.ആറിനെ വേദനിപ്പിക്കുകയും രോഷാകുലനാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സമ്മേളനം നടന്നത്.
കരുണാനിധി എപ്പോഴും സ്വല്പം താമസിച്ചേ സമ്മേളനങ്ങൾക്ക് എത്താറുള്ളു. വേദിയിലും സദസ്സിലും ഇരിക്കുന്നവർ എഴുന്നേറ്റ് തന്നെ ബഹുമാനിക്കുന്നത് അദ്ദേഹത്തിന് കാണണം. കൂപ്പുകൈയ്യും വിടർന്ന ചിരിയുമായി അല്പം നാടകീയമായി അദ്ദേഹം രംഗപ്രവേശം ചെയ്തു.ദിഗന്തം പിളർക്കുന്ന കരഘോഷങ്ങളോടെയാണ് സദസ്യർ കരുണാനിധിയെ സ്വാഗതം ചെയ്തത്. പക്ഷേ ഒരു നിമിഷാർദ്ധത്തിൽ ബ്രേക്കിട്ട മാതിരി കരഘോഷം നിലച്ചു. കാര്യമറിയാതെ കരുണാനിധി അമ്പരപ്പോടെ ചുറ്റും നോക്കി. സാധാരണ തന്റെ സിഗ്നൽ കിട്ടാതെ കരഘോഷം അവസാനിപ്പിക്കാറില്ല. ചുറ്റും നോക്കിയപ്പോഴാണ് അദ്ദേഹത്തിന് കാരണം മനസ്സിലായത്. എം.ജി.ആർ. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുകയോ തന്നെ ഒന്ന് നോക്കുകയോ ചെയ്തില്ല. ‘എം.ജി.ആർ. അണ്ണൻ’ ആദരിക്കാത്ത ഒരാളെ ജനങ്ങൾ എന്തിനാദരിക്കണം?
അടുത്ത നിമിഷം തന്നെ സ്വാഗതം ചെയ്യുന്നത് കൂവലും പൂച്ചകരച്ചിലുമാണെന്ന് മനസ്സിലാക്കിയ ആ തന്ത്രശാലി ഒറ്റകുതിപ്പിന് എം.ജി.ആറിന്റെ മുന്നിലെത്തി പാദങ്ങൾ തൊട്ടുവന്ദിച്ചു. എം.ജി.ആറിന് എഴുന്നേൽക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാവും? എം.ജി.ആർ. എഴുന്നേറ്റതും കരുണാനിധിയുടെ ആലിംഗനത്തിൽ അമർന്നതും ഒന്നിച്ചായിരുന്നു. ഒപ്പം വേദിയിൽ നിന്നും സദസ്സിൽ നിന്നും കരഘോഷത്തിന്റെ മാലപ്പടക്കം ഉയർന്നു.
ഇവിടെ സാങ്കേതികമായി വിജയം കരുണാനിധിക്കായിരുന്നു എന്ന് പറയാമെങ്കിലും എം.ജി.ആറിന്റെ ജനസ്വാധീനത്തെ ഉറക്കെ പ്രഖ്യാപിച്ച മുഹൂർത്തമായിരുന്നു അത്.
തമിഴ് നാട്ടിലെ രാഷ്ട്രീയ കൗശലങ്ങളുടെ ഒരുദാഹരണം മാത്രമാണിത്.
കേരളത്തിലും ഇത്തരം കൗശലങ്ങൾ നേതാക്കളുടെ പിണിയാളുകൾ ചെയ്യുന്നത് പതിവാണ്.
പ്രൊഫ.ജി.ബാലചന്ദ്രൻ.