. രമേശ് ചെന്നിത്തല മഹാത്മാ സ്‌കൂളില്‍ നിന്ന് കെ.എസ്.യുക്കാരനായി ആലപ്പുഴയില്‍ എത്തുമ്പോള്‍ ഞാന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിയാണ്. കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന രൂപവും സംസാരവും. ആവശ്യമായ എല്ലാ പ്രോത്സാഹനവും ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. രമേശ് വീട്ടില്‍ വരുമ്പോള്‍ എന്റെ രണ്ടു മക്കളും ഗേറ്റിന്റെ മുകളിലിരുന്നു കളിക്കുന്ന കുസൃതികളായിരുന്നു. അവരെ വീഴ്ത്താതെ ഗേറ്റു തുറന്ന് അകത്തു വരുന്ന രമേശിന്റെ ചിരിക്കുന്ന മുഖം ഞാനിപ്പോഴും ഓര്‍ക്കുന്നു. ലക്ഷ്യബോധവും അശ്രാന്ത്ര പരിശ്രമവും ദൃഢനിശ്ചയവുമാണ് അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചത്. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കണമെന്ന വാശിയുള്ളയാളാണ്. . ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച രമേശ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ ആയി. കെ.എസ്.യൂ പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് എന്‍.എസ്.യൂ.വിന്റെ സാരഥിയായ ആദ്യത്തെ മലയാളിയാണ്. തന്റെ പ്രവര്‍ത്തന മികവുകൊണ്ട് 1985-ല്‍ രമേശ് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി. അദ്ദേഹത്തെ എം.എല്‍.എ. ആക്കിയതും ആദ്യം മന്ത്രിയാക്കിയതും ലീഡറാണ്.
മന്ത്രിയെന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പ്രതിപക്ഷത്തുള്ള ഗൗരിയമ്മ പോലും പ്രസ്താവിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായി രമേശ് നയിച്ച കാല്‍നട ജാഥ കേരളത്തെ മുഴുവന്‍ ഇളക്കിമറിച്ചു. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റേയും ചടുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. രമേശിന്റെ മിന്നും പ്രകടനം യൂത്ത് കോണ്‍ഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷനായിട്ടായിരുന്നു . കോട്ടയത്തു നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധമായിരുന്നു രമേശിന്. കോട്ടയത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ രണ്ട് ദുരനുഭവങ്ങള്‍ ഉണ്ടായി. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലാകെ നടത്തുകയാണ്. ആവേശോജ്വലമായ സ്വീകരണമാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയ്ക്കും നിയമസഭാ സ്ഥാനാര്‍ത്ഥി ബാബു ചാഴിക്കാടനും ലഭിച്ചത്. ഏറ്റുമാനൂര്‍ മണ്ഡലത്തിലെ പര്യടനം. രമേശ് ചെന്നിത്തലയും ബാബു ചാഴിക്കാടനും ഒരു ജീപ്പില്‍ സഞ്ചരിച്ച് സ്വീകരണം ഏറ്റുവാങ്ങി, ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. കാലാവസ്ഥ പെട്ടെന്ന് മാറി. മഴയും കാറ്റും ഇടിവെട്ടും. 1991 മെയ് 15ന് വൈകുന്നേരം അഞ്ചു മണി. പര്യടനം ആര്‍പ്പൂക്കരയില്‍ നിന്ന് നീണ്ടൂര്‍ പഞ്ചായത്തിലേക്ക് നീങ്ങുന്നു. മാന്നാനത്തിനും അമ്പലക്കവലയ്ക്കും ഇടയ്ക്ക് ഇരുവശവും വയല്‍. അതിന്റെ നടുവിലൂടെയുള്ള പൂഴി റോഡിലൂടെയാണ് സഞ്ചാരം. ചാറ്റല്‍ മഴയും ഇടിമിന്നലും. വഴിയ്ക്കിരുവശവും കുടയും പിടിച്ച് ആളുകള്‍ നില്‍ക്കുന്നുണ്ട്. ജീപ്പില്‍ രമേശ് ചെന്നിത്തലയും ഏറ്റുമാനൂര്‍ സ്ഥാനാര്‍ത്ഥി ബാബു ചാഴിക്കാടനുമുണ്ട്. പെട്ടെന്ന് ഒരു ഇടിമിന്നല്‍ രണ്ടുപേരെയും ഉരസി. ഇരുവരും നിലംപൊത്തി. ബോധക്ഷയം ബാധിച്ച രമേശിന് പ്രഥമ ശുശ്രൂഷകള്‍ ചെയ്തു. ബാബു ചാഴിക്കാടനെ രക്ഷിക്കാനായില്ല. ബാബു ചാഴിക്കാടന്റെ മരണം പ്രവര്‍ത്തകരെ വല്ലാതെ ഉലച്ചു. ആ സംഭവം രമേശിനു താങ്ങാന്‍ കഴിഞ്ഞില്ല.ഒരു സ്ഥാനാര്‍ത്ഥി മരിച്ചാല്‍ ആ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കും. ഏറ്റുമാനൂരിലെ ഇലക്ഷന്‍ മാറ്റിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം ചൂടുപിടിക്കുമ്പോഴാണ് അടുത്ത ദുരന്തം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാജീവ് ഗാന്ധി ശ്രീപെരുംമ്പത്തൂരില്‍ വച്ച് കൊല്ലപ്പെട്ടു. അതേത്തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പും മാറ്റിവച്ചു. അഞ്ചു പ്രാവശ്യം ലോക്‌സഭയിലേക്കു മത്സരിച്ചു. നാലു പ്രാവശ്യം നിയമസഭയിലേക്കും മത്സരിച്ചു. ഉമ്മന്‍ ചാണ്ടിക്കു പുതുപ്പള്ളി പോലെ രമേശ് ഹരിപ്പാടിന്റെ പ്രിയപുത്രനായി. കേരളത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തിളങ്ങുന്ന പ്രവര്‍ത്തനം കാഴ്ചവച്ചു. ഏറ്റവും കൂടുതല്‍ കാലം കെ.പി.സി.സി. പ്രസിഡന്റായി, ചടുലമായ നേതൃത്വമാണ് നല്‍കിയത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചരിത്ര നേട്ടമാണ്. അതിന്റെ സ്ഥാപക ഡയറക്ടറായി എന്നെയാണ് തെരഞ്ഞെടുത്തത്. നെയ്യാറില്‍ പടുത്തുയര്‍ത്തിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഹുനില കെട്ടിടം ഒരു മാതൃകയാണ്. കോണ്‍ഗ്രസ്സ് ആദ്യമായി തിരുവനന്തപുരത്ത് ഒരു വികസന കോണ്‍ഗ്രസ്സ് നടത്തി അതിന്റെ കണ്‍വീനറായി എന്നെയാണ് നിയോഗിച്ചത്. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത ആ വികസന കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ്. ഏറ്റവും പ്രധാനം ഗ്രൂപ്പു മത്സരങ്ങള്‍ക്ക് അതീതമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പാര്‍ട്ടി പ്രസിഡന്റ് രമേശും ഒരുമിച്ചു പ്രവര്‍ത്തിച്ചു എന്നതാണ്. രമേശ് ചെന്നിത്തലയ്ക്ക് ഇന്നും എന്നോട് ഇഷ്ടമാണ്. (DC ബുക്ക്സ് പ്രസിദ്ധീകരിച്ച “ഇന്നലെയുടെ തീരത്ത്” എന്ന എൻ്റെ ആത്മകഥയിൽ നിന്ന്): പ്രൊഫ ജി ബാലചന്ദ്രൻ