ഭൂമിയിലെ ജനങ്ങൾക്ക് അഗ്നി എത്തിച്ചു കൊടുത്ത പ്രൊമിത്യൂസിനെ സിയൂസ് ശിക്ഷിച്ചു. കൈകാലുകൾ ബന്ധിച്ച് പർവ്വതത്തിൽ തള്ളി. മാത്രമല്ല പ്രൊമിത്യൂസിന്റെ കരൾ കൊത്തിത്തിന്നാൻ ഓരോ ദിവസവും ഒരു കഴുകൻ എത്തും. വേദന കൊണ്ട് പുളയുമ്പോഴും പ്രൊമിത്യൂസ് താൻ ചെയ്ത ശരിയിൽ ഉറച്ചു നിന്നു. അതുപോലെയാണ് സത്യത്തിനും ധർമ്മത്തിനും അഹിംസയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എല്ലാ ശിക്ഷയും അനുഭവിച്ചു കൊണ്ട് രാഹുൽ ഉറച്ചു നില്ക്കുന്നത്.
മഹാത്മാ ഗാന്ധി ഒരിക്കലും പാർലിമെന്റ് അംഗമായിരുന്നില്ല. പത്തു വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷമാണ് നെഹ്റുജി പാർലിമെന്റിൽ പോകുന്നത്. ഇന്ത്യയുടെ ആത്മാവിനു വേണ്ടിയുള്ള സമരമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്. അധികാരത്തിന്റെ മധുരം നുണയാനല്ല രാഹുൽ ഗാന്ധി 4080 കിലോ മീറ്റർ ഇന്ത്യൻ മണ്ണിൽ ഓരോ അടിയും വച്ചു നീങ്ങിയത്. കന്യാകുമാരി മുതൽ കാശ്മീരത്തിലൂടെ ലഡാക്കിലെത്തിയത് ഇന്ത്യൻ ജനതയെ രോമാഞ്ചമണിയിച്ചു. അവർ ഒരു നേതാവിന്റെ ഉയിർത്തെഴുന്നേല്പു കണ്ടു. വെറുപ്പിന്റെ മാർക്കറ്റിൽ നിന്ന് സ്നേഹത്തിന്റേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും രാജപാതയിലാണ് നിർഭയനായ രാഹുൽ ഗാന്ധി. ഒരു ഭരണകൂടത്തിനെതിരെ പോരാടുകയാണ് അദ്ദേഹം. അദാനി – മോദി ബന്ധവും അഴിമതിയും ചൂണ്ടിക്കാട്ടി അതിനെ അദ്ദേഹം നിരന്തരമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു. അദാനി ബന്ധത്തെക്കുറിച്ച് ജെ.പി.സിയെ കൊണ്ടന്വേഷിപ്പിക്കാൻ കേന്ദ്ര സർക്കാർ ഭയപ്പെടുന്നു. എതിർ ശബ്ദങ്ങളുടെ വായടപ്പിക്കാനും എതിർക്കുന്നവരുടെമേൽ കേസും കേസിനു മേൽ കേസും നടത്തി തുറുങ്കിലടയ്ക്കാനും ശ്രമിക്കുന്നു. ഒടുവിലിതാ അനിൽ ആന്റണിയും പീഡാനുഭവങ്ങളുടെ പെസഹയിൽ ഒറ്റുകാരനായി വന്നിരിക്കുന്നു. ബൈബിളിലെ മുടിയനായ പുത്രനെപ്പോലെ അനിൽ ആന്റണിയും ബി.ജെ.പിയിൽ ചേക്കേറി. പാർലിമെന്റ് അംഗത്വവും ഔദ്യോഗിക വസതിയുമല്ല, ഇനി കുരിശിലേറ്റിയാൽ പോലും മൂന്നാം നാൾ പൂർവ്വാധികം ശക്തിയോടെ ഉയർത്തെണിക്കുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. അത് അന്തസ്സില്ലാത്ത അനിൽ ആൻറണിമാർക്ക് കാലെകൂട്ടി നൽകിയ മറുപടിയാണ്.
രാഹുലിന്റെ 14ാം വയസ്സിൽ സ്വന്തം അമ്മൂമ്മ ഇന്ദിരാ ഗാന്ധി വെടിയുണ്ടകളാൽ കൊലചെയ്യപ്പെട്ടു. 20ാം വയസ്സിൽ സ്വന്തം പിതാവ് രാജീവ് ഗാന്ധി മനുഷ്യ ബോംബു സ്ഫോടനത്തിൽ ചിന്നിച്ചിതറിപ്പോയി. എന്നിട്ടും രാഹുൽ എന്ന ചെറുപ്പക്കാരൻ നിർഭയനായി ഇന്ത്യയെന്ന മഹാസമുദ്രം നീന്തിക്കയറി. കൂടെ നിന്നവർ പലരും കൂറുമാറി. കൃഷ്ണ മുതൽ സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ വരെ .. എന്നിട്ടും തീയിൽ കരുത്ത രാഹുൽ ഗാന്ധി വെയിലത്തു വാടുകയില്ലെന്ന് കാലം തെളിയിക്കുന്നു.
സൂചി കുത്താൻ പോലും ധർമ്മിഷ്‌ഠരായ പാണ്ഡവർക്ക് ഇടം നല്കുകയില്ലെന്നു പറഞ്ഞ ദുര്യോധനനെപ്പോലെ ഭരണകൂടം പ്രവർത്തിക്കുന്നത് നിരാശാജനകമാണ്. സർക്കാർ ഇപ്പോഴും
വേട്ടയാടൽ തുടരുന്നു. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഫോൺ കണക്ഷനും വിച്ഛേദിച്ചു.
പുതിയ ഇന്ത്യയിൽ ആത്മാന്വേഷണമാണ് രാഹുൽ ഗാന്ധി നടത്തുന്നത്.ആരു പോയാലും എന്തു സംഭവിച്ചാലും താൻ മുന്നോട്ടു തന്നെയെന്നു രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. സത്യവും ധർമ്മവുമാണ് തന്റെ മതം. അഹിംസയും സ്നേഹവുമാണ് തന്റെ മാർഗ്ഗം. ഇത് വിജയിക്കാതിരിക്കില്ല.
പ്രൊഫ.ജി.ബാലചന്ദ്രൻ