1982 ഡിസംബർ 28. :.. ആലപ്പുഴയിൽ ലജ്നത്ത് മുഹമ്മദീയ നബിദിന ജാഥ നടത്തുകയാണ്… റാലിക്കിടയിലേക്ക് വെളിവില്ലാത്ത ഒരുത്തൻ ലോറി കുത്തിക്കയറ്റി… ജാഥാംഗങ്ങൾ കോപാകുലരായി ഡ്രൈവറെ മർദ്ദിച്ചു.. രംഗം ശാന്തമാക്കാൻ എത്തിയ ഇൻസ്പെക്ടർ രാജഗോപാലിനും മർദ്ദനമേറ്റു .. “ബോലോ തക്ബീർ അള്ളാഹു അക്ബർ” വിളികൾ മുഴങ്ങി.. ചിലർ കണ്ണിൽ കണ്ടതൊക്കെ അടിച്ചു തകർത്തു.. പോലീസിനെ ആക്രമിച്ചു. വാൻ മറിച്ചിട്ട് കത്തിച്ചു. രംഗം കലാപ കലുഷിതമായി … പോലീസ് വെടിവെച്ചു. മക്കിഡിഷാ പള്ളിക്കടുത്ത് രണ്ടു പേർ കൊല്ലപ്പെട്ടു മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി… മന്ത്രിമാരായ വയലാർ രവിയും, ഇ അഹമ്മദും രാത്രിയോടെ എത്തി ..വയലാർ രവി എന്നെ വിളിപ്പിച്ചു. പ്രശ്നം ശാന്തമാക്കാൻ ഇടപെടണം എന്ന് പറഞ്ഞ് അവർ മടങ്ങി .. അടുത്ത ദിവസം മുസ്ലീംങ്ങൾ ഹർത്താൽ പ്രഖ്യാപിച്ചു .. ജനക്കൂട്ടം മെഡിക്കൽ കോളേജിലേക്ക് ഇരച്ചു കയറി.. ഇൻക്വിസ്റ്റ് തയ്യാറാക്കാനെത്തിയ DySP ഹാരിസ് സേവ്യറെ തടഞ്ഞുവെച്ചു… വയർലസ് തല്ലിപ്പൊട്ടിച്ചു. DySP യെ രക്ഷിക്കാൻ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ പോലീസ് മാർച്ച് ചെയ്തു വരുന്നു … ആ സമയം ഞാൻ ആശുപത്രിക്കകത്തായിരുന്നു: ക്ഷുഭിതരായ ജനക്കൂട്ടം ആശുപത്രിയിൽ കൂട്ടിയിട്ട വിറക് മുട്ടിയും കമ്പും എടുത്ത് ചെറുത്തു നിൽക്കുന്നു. എൻ്റെ ഉള്ളൊന്നു കാളി.. പോലീസിനെ ആക്രമിച്ചാൽ അവർ വെടിവെയക്കും.? രോഗികളും ബന്ധുക്കളും ചിതറിയോടും .. ഒരു കൂട്ടക്കുരുതി തന്നെയാവും. ഞാൻ ചിന്തിച്ചു, ”’ ഈ ദുരവസ്ഥ മനക്കണ്ണിൽ കണ്ടപ്പോൾ ഞാൻ ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് ഓടി.. തോക്കുമേന്തി വരുന്ന പോലീസിനെ തടയാൻ ശ്രമിച്ചു. കരഞ്ഞു കൊണ്ട് ഞാൻ സെബാസ്റ്റ്യൻ്റെ. അരയിൽ പിടിച്ചു.. എന്നെ വലിച്ചിഴച്ചു കൊണ്ട് അയാൾ മുന്നോട്ട് നീങ്ങി. ഒരു കൂട്ടക്കുരുതി ഉണ്ടാക്കരുത് എന്ന് ഞാൻ കൈ കൂപ്പിപ്പറഞ്ഞു : എൻ്റെ ദൈന്യത കണ്ട എസ്‌ഐ “ എങ്കിൽ സാറ് പോയി ഹാരിസ് സാറിനെ ഇറക്കിക്കൊണ്ടു വാ”.. ഉടനെ ഞാൻ ആശുപത്രിയിലേക്കോടി.. ഒരു വിധത്തിൽ ഹാരിസിനെ പുറത്തേയ്ക്ക് കൊണ്ടുവന്നു പോലീസിനെ കണ്ട ജനങ്ങൾ വീണ്ടും കലി തുള്ളി സ്ഫോടനാത്മകമായ സ്ഥിതി… ഞാൻ പെട്ടെന്ന് പാലസ് പള്ളിയിലേക്ക് കാല്‍കഴുകിയശേഷം ഓടിക്കയറി… ബാങ്ക് വിളിക്കുന്ന മൈക്ക് കയ്യിലെടുത്തു .. ഉറക്കെ പറഞ്ഞു .. ആളുകൾ പിരിഞ്ഞു പോകണം. ” ആരു കേൾക്കാൻ! ‘ ഞാൻ സ്വരം കടുപ്പിച്ചു… ” ഞാൻ ബാലചന്ദനാണ്: നാം ശാന്തരാകണം: ഡെഡ് ബോഡിയുമായ് വിലാപയാത്ര നടത്താൻ തയ്യാറാവണം” … അവർ എന്നെ കേട്ടു ഭാഗ്യം.. പള്ളിക്കടുത്ത് കൂടിയ എല്ലാവരും ആശുപത്രിക്കടുത്തേക്ക് പോയി.. സ്ഥിതി ശാന്തമായി .. ഞാനും ആ വിലാപയാത്രയിൽ പങ്കെടുത്തു…
പ്രൊഫസർ ജി ബാലചന്ദ്രൻ
#ഇന്നലെയുടെ_തീരത്ത് (ആത്മകഥ) #