പുതുവർഷത്തോടൊപ്പം കലാലയങ്ങളിലെ കഠാര രാഷ്ട്രീയം വീണ്ടും മറ നീക്കി പുറത്തു വന്നിരിക്കുന്നു. ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകം ഏറെ ദുഃഖകരവും എതിർക്കപ്പെടേണ്ടതുമാണ്. അക്രമത്തിന് പിന്നിൽ ആരായാലും ശിക്ഷിക്കപ്പെടണം. കലാലയങ്ങളെ അക്രമോത്സുകമാക്കുന്ന രീതി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. നല്ല നാളെയുടെ പ്രതീക്ഷകളുമായ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾ രാഷ്ട്രീയത്തിൻ്റെ ചോരക്കത്തിയിൽ എരിഞ്ഞൊടുങ്ങുന്നത് സാക്ഷര കേരളത്തിന് അപമാനമാണ്. കലാലയ തിരഞ്ഞെടുപ്പുകളുമായ് ബന്ധപ്പെട്ടാണ് കത്തിക്കുത്തും ചോരക്കളിയും നടക്കുന്നത്. ഞാൻ രണ്ട് കോളേജുകളിൽ യൂനിയൻ ചെയർമാനായിരുന്നു. അന്നും സംഘട്ടനം ഉണ്ടായിരുന്നു. ഇന്നും അതു തുടരുന്നു . അക്രമവും പ്രത്യാക്രമണവും കലാലയ സംസ്കാരത്തിന് ഭൂഷണമല്ല. കൊടിയുടെ നിറഭേദമില്ലാതെ എല്ലാവരും കലാലയ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരയും വേട്ടക്കാരനും ആയിട്ടുണ്ട്. കലാലയ രാഷ്ട്രീയത്തിൽ സജീവമായ് പങ്കെടുക്കുന്നവർ 20 ശതമാനം മാത്രമാണ്. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. ജനാധിപത്യം പഠിക്കാനുള്ള കളരിയാണ് കലാലയങ്ങൾ. ഇത്തരം അക്രമങ്ങളെ വികാരപരമായി നേരിട്ടാൽ അത് ശാശ്വത പരിഹാരമാവില്ല. എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാനുള്ള കളം ഒരുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സംയമത്തോടെ സഹകരിക്കണമാണെന്നാണ് എൻ്റെ വിനീതാഭ്യർത്ഥന.
പ്രൊഫ ജി ബാലചന്ദ്രൻ