ആദ്യന്തം അതീവ ഗംഭീരമായി നടന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒടുവിൽ ചില കുബുദ്ധികൾ ഉണ്ടാക്കിയ കല്ലുകടിയും അലോസരവും നിന്ദ്യവും നീചവുമായിരുന്നു. സദ്യയുടെ കാര്യത്തിൽ നാളിതുവരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ല. അപ്പോഴാണ് ചിലർക്ക് മാംസാഹാരം വിളമ്പണമെന്ന് ശാഠ്യമുണ്ടായത്. അതിനെ അനുകുലിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയും എരിതീയിൽ എണ്ണയൊഴിച്ചു. എന്റെ അഭിപ്രായത്തിൽ ഇത് മുസ്ലിം സമുദായത്തിനെതിരെ സ്പർദ്ദയുണ്ടാക്കാനേ ഉപകരിക്കു. വെറും ചിക്കൻ വേണോ ഹലാൽ ചിക്കൻ വേണോ തുടങ്ങിയ ചർച്ചകളും പൊന്തിവരും. പശുവിറച്ചിയുടെ പേരിൽ ഹൈന്ദവ സംഘടനകൾ എതിർക്കുകയും ചെയ്യും. മറ്റു ചിലർ പന്നിയിറച്ചിക്ക് വേണ്ടിയും വാദിക്കും. അതൊക്കെ ഇപ്പോഴുള്ള സൗഹാർദ്ദത്തെ ഉലയ്ക്കും. ഈ ചർച്ച തുടങ്ങിവച്ചവർ നിരുപാധികം പിൻവലിച്ച് മാപ്പു പറയണം. സൗജന്യമായി നല്കുന്ന ഭക്ഷണം ആവശ്യമില്ലാത്തവർ പുറത്തു നിന്ന് മാംസാഹാരം കഴിക്കട്ടെ.
1957-ൽ യൂത്ത് ഫെസ്റ്റിവെലിൽ പങ്കെടുത്ത മത്സരാർത്ഥികൾ 200 മാത്രം. ഇപ്പോൾ 61-ാമത് യുവജനോത്സവത്തിൽ 14000 പേർ മറ്റുരയ്ക്കാൻ എത്തിയിരുന്നു. 239 ഇനങ്ങളിലായിരുന്നു മത്സരം. 3000 പേർക്ക് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വിഭവ സമൃദ്ധമായ സദ്യ. പഴയിടം നമ്പൂതിരിക്ക് നന്ദി.
945 പോയിന്റ് നേടി കോഴിക്കോട് 117 പവന്റെ സ്വർണ്ണക്കപ്പു കരസ്ഥമാക്കി. ലോക ഫുട്ബാളിൽ മാത്രമല്ല യുവജനോത്സവത്തിനും സ്വർണ്ണക്കപ്പ് നമുക്കു അഭിമാനകരമല്ലേ! വൈലോപ്പിള്ളിയുടെ നിർദ്ദേശമനുസരിച്ച് ചിറയിൻകീഴ് ശ്രീകണ്ഠൻ രൂപകല്പന ചെയ്തു നിർമ്മിച്ച ആ സ്വർണ്ണക്കപ്പിൽ ഉന്നം വച്ച് കൊച്ചു കലാകാരന്മാർ എത്തി.
മൂന്നു വർഷം കോവിഡ് മൂലം മത്സരം നടന്നില്ല.
ഇത്തവണ കോഴിക്കോട്ടു വച്ചു യൂത്ത്ഫെസ്റ്റിവൽ നടത്തിയപ്പോൾ കേരളം മുഴുവൻ നേരിട്ടും മാദ്ധ്യമങ്ങളിലൂടെയും ആ കലാകേളി കണ്ടു. 3000 സംഘാടകർ കഠിനാദ്ധ്വാനം ചെയ്തു വിജയിപ്പിച്ച യുവജനോത്സവത്തിന്റെ സംഘാടകർക്കും കോഴിക്കോട് നിവാസികൾക്കും മത്സരാർത്ഥികൾക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. വിജയമല്ല, പങ്കാളിത്തമാണ് മത്സരത്തിൽ പ്രധാനം.
” ക്ഷീരമുള്ളളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിനു കൗതുകം “
പ്രൊഫ. ജി. ബാലചന്ദ്രൻ