കസ്തൂർബാ ഗാന്ധി ഭാരത വനിതാ രത്നം

മഹാത്മാ ഗാന്ധിയെക്കുറിച്ച് ലോക ഭാഷകളിൽ പതിനായിരക്കണക്കിനു കൃതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ പ്രിയ പത്നി കസ്തൂർബാ ഗാന്ധിയെക്കുറിച്ച് പഠനങ്ങളോ ലേഖനങ്ങളോ അധികമുണ്ടായിട്ടില്ല. സൂര്യനെപ്പോലെ ജ്വലിച്ചു നിന്ന മഹാത്മാ ഗാന്ധിയുടെ നിഴൽ പറ്റി ജീവിച്ചതു കൊണ്ടാകാം കസ്തൂർബാ പാർശ്വവല്ക്കരിച്ചു പോയത്. 1869 ൽ ഗുജറാത്തിലാണ് കസ്തൂർബാ ജനിച്ചത്.

ഗാന്ധിജി സത്യാഗ്രഹത്തിന്റെ ശാസ്ത്രവും കലയും അഭ്യസിച്ചത് കസ്തൂർബായിൽ നിന്നാണ്. ആദർശ നിഷ്ഠയിലധിഷ്ഠിതമായ പിടിവാശി ഗാന്ധിജിയ്ക്ക് ജന്മനാ ഉണ്ടായിരുന്നു. 13 വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് മോഹൻദാസ് കസ്തൂർബായെ വിവാഹം കഴിച്ചത്. തന്റെ ചൊല്പടിക്കു നില്ക്കുന്നവളായിരിക്കണം തന്റെ വധുവെന്ന് മോഹൻദാസ് പറഞ്ഞിരുന്നു. വിവാഹിതയാകുമ്പോൾ കസ്തൂർബായ്ക്ക് അക്ഷരാഭ്യാസമോ ലോക ഗ്രാഹ്യമോ ഇല്ലായിരുന്നു. മോഹൻ ദാസിന്റെ അമ്മയാണ് പുരാണ കഥകൾ കസ്തൂർബായ്ക്ക് പറഞ്ഞു കൊടുത്തത്.

ബാല്യകാല ലീലകളായിരുന്നു അവർക്കു ദാമ്പത്യം. മോഹൻ ദാസിനേക്കാൾ മൂന്നാലു മാസം മൂത്തതായിരുന്നു കസ്തൂർബാ. കൗമാരത്തിൽ, 16ാം വയസ്സിൽ ഗർഭിണിയായി. ആദ്യ ആൺകുഞ്ഞ് ജനിച്ച് അധികം താമസിയാതെ മരിച്ചു. പിൽക്കാലത്ത് അവർക്ക് നാലു മക്കളുണ്ടായി – ഹീരാലാൽ, മണിലാൽ, രാംദാസ് , ദേവദാസ്. അവരെ വളർത്താൻ കസ്തൂർബാ കുറച്ചേറെ കഷ്ടതയനുഭവിച്ചു. കുടുംബ കാര്യം ശ്രദ്ധിക്കാൻ മോഹൻ ദാസിനു നേരമുണ്ടായിരുന്നില്ല. കസ്തൂർബാ ഏറെ വ്യസനിച്ചു. ഒറ്റപ്പൊടലിന്റേയും ഏകാന്തതയുടേയും കാലം. പതിവ്രതയായ കസ്തൂർബാ ഭർത്താവിനെ കൺ കണ്ട ദൈവമായി കരുതി ജീവിച്ചു.

മോഹൻദാസ് അവരെ ഗുജറാത്തി ഭാഷ പഠിപ്പിച്ചു. ദിനപ്പത്രങ്ങൾ വായിക്കാനും ഭഗവത് ഗീത വായിക്കാനും പരിശീലിപ്പിച്ചു. ഇതിനിടയ്ക്ക് മൂന്നു വർഷം ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിക്കാൻ ഗാന്ധിജി ഇംഗ്ലണ്ടിലേക്കു പോയി. ജ്യേഷ്ഠന്റ സംരക്ഷണയിലായിരുന്നു കസ്തൂർബാ. തിരിച്ചു വന്ന ഗാന്ധി വ്യവഹാര സംബന്ധമായി ദക്ഷിണാഫിക്കയിലേയ്ക്കു പോയി. ദത്തശ്രദ്ധനായാണ് ഗാന്ധി ഏതു കാര്യവും ചെയ്യുക. എല്ലാം മറന്ന് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജരുടെ മോചനത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചു. 1877 ൽ കുടുംബത്തെ ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടു പോയി. നാലു മക്കളുണ്ടായതിനു ശേഷം ഗാന്ധിജി ബ്രഹ്മചര്യം അനുഷ്ഠിക്കാൻ തീരുമാനിച്ചു. പാവം കസ്തൂർബാ എന്തു ചെയ്യും. അനുസരിക്കാനല്ലേ പറ്റൂ. ഗാന്ധിജിക്ക് മുപ്പത്താറു വയസ്സായതോടെ അവർ ഭൗതിക ജീവിതത്തിൽ നിന്ന് പിൻവാങ്ങി. ബ്രഹ്മചര്യാവ്രതത്തിൽ കസ്തൂർബാ തന്നെ സഹായിച്ചിട്ടുണ്ടെന്ന് ഗാന്ധി ആത്മകഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. കസ്തൂർബായെ “ബാ” എന്നാണ് ഗാന്ധിജി വിളിച്ചു പോന്നത്.

ഗാന്ധിജിയുടെ ചില നിഷ്ഠകൾ കടുത്തതായിരുന്നു. അലോപ്പതി ചികിത്സയെ അദ്ദേഹം വെറുത്തിരുന്നു. കളിമണ്ണ് ദേഹമാസകലം പൂശി വെയിൽ കൊണ്ടും ചില നാടൻ പച്ച മരുന്നുകളുടെ ചാറു കഴിച്ചുമാണ് രോഗം ഭേദമാക്കുന്നത്. മൂത്ത മകന് കലശലായ പനി പിടിപെട്ടപ്പോൾ അലോപ്പതി ചികിത്സ കൊടുക്കാൻ കസ്തൂർബാ നിർബ്ബന്ധിച്ചെങ്കിലും ഗാന്ധിജി വഴങ്ങിയില്ല. മൂത്ത മകന് എൻജിനീയറിംഗിലായിരുന്നു താത്പര്യം. എൻജിനിയറിംഗ് കോളേജിൽ ഒരു അഡ്മിഷന് ശുപാർശ ചെയ്യാൻ അമ്മയും മകനും അപേക്ഷിച്ചിട്ടും ഗാന്ധിജി തയ്യാറായില്ല. മക്കൾക്കു വേണ്ടിപ്പോലും വിട്ടുവീഴ്ച ചെയ്തില്ല. പിന്നെങ്ങനെ മക്കൾ ഗാന്ധിയെ സ്നേഹിക്കും. കുടുംബ ബന്ധത്തെപ്പോലും തള്ളിപ്പറയാൻ പര്യാപ്തമായിരുന്നു ഗാന്ധിജിയുടെ ആത്മീയ നിഷ്ഠ. നാലുമക്കളും സമരത്തിൽ അറസ്റ്റു വരിച്ചു. എന്നാൽ അവർ രാഷ്ട്രീയത്തിൽ ഒരു പദവിയും സ്വീകരിച്ചില്ല. കാമ, ക്രോധ, ലോഭ, മദമാത്സര്യങ്ങൾ വികാരത്തിൽ നിന്നുണ്ടാകുന്നതാണെന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. അതുകൊണ്ടു തന്നെ ദൈവത്തിന്റെ ഉൾവിളി അനുസരിച്ചേ അദ്ദേഹം പ്രവർത്തിച്ചിരുന്നുള്ളു. മദ്യവും മാംസവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തിട്ടാണ് ഗാന്ധി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയത്. അതുകൊണ്ടു തന്നെ മാംസം കലർന്നതൊന്നും ഗാന്ധി മരിക്കുന്നതു വരെ ഉപയോഗിച്ചില്ല. ഡോക്ടർമാർ ക്ഷീണിതനായ ഗാന്ധിക്ക് ആട്ടിൻ സൂപ്പു നിർദ്ദേശിച്ചപ്പോഴും ഗാന്ധി അതിനു തയ്യാറായില്ല. കസ്തൂർ ബായ്ക്ക് കലശലായ രോഗബാധയുണ്ടായപ്പോൾ ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. ജീവൻ നിലനിർത്താൻ അതാവശ്യമായിരുന്നു. അവരോട് ആട്ടിൻ സൂപ്പു കഴിക്കാൻ ഡാക്ടറന്മാർ ഉപദേശിച്ചപ്പോൾ മരിച്ചാലും താനതു കഴിക്കുകയില്ലെന്നു കസ്തൂർബാ ശാഠ്യം പിടിച്ചു.

കസ്തൂർബാ മുൻകയ്യെടുത്തു സ്ഥാപിച്ച ആശ്രമത്തിൽ ഒരു ഹരിജൻ കുടുംബത്തെ താമസിപ്പിച്ചതിനെച്ചൊല്ലി കസ്തൂർബാ പിണങ്ങി.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പൈതൃകമായി പരിശീലിച്ച കസ്തൂർബാ ഒടുവിൽ ഹരിജൻ താമസിച്ച കക്കൂസു വൃത്തിയാക്കാൻ പോലും സന്നദ്ധയായി. മാത്രമല്ല ലക്ഷ്മി എന്ന ഹരിജൻ ബാലികയെ ദത്തെടുത്ത് വളർത്തി. പിന്നീട് വിവാഹം ചെയ്തയച്ചു.

ഗാന്ധിജിയുടെ ജീവിതവുമായും ആശയങ്ങളുമായും സമരങ്ങളുമായും സന്തോഷത്തോടെ കസ്തൂർബാ സമരസപ്പെട്ടു. സത്യാഗ്രഹത്തിന്റെ വഴിയിൽ ചിലപ്പോൾ നിരാഹാരത്തിന്റെ പാത ഇരുവരും സ്വീകരിച്ചു. എല്ലാ സമരങ്ങളിലും കസ്തൂർബാ പങ്കെടുത്ത് അറസ്റ്റു വരിച്ചു,ജയിലിൽ പോയി.

കസ്തൂർബാ മുൻ കൈയ്യെടുത്താണ് ഫീനിക്സ് ആശ്രമം സ്ഥാപിച്ചത്. പിന്നീട് സബർമതി സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. അതിന്റെ കാര്യ ദർശിയായും കസ്തൂർബാ പ്രവർത്തിച്ചു.

ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജിയും കസ്തൂർബായും അറസ്റ്റിലായി. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ കിടക്കുമ്പോഴാണ് കസ്തൂർബാ ദിവംഗതയായത്. ഗാന്ധിജിയുടെ മടിയിൽ കിടന്നാണ് 1944 ഫെബ്രുവരി 22 ന് വൈകുന്നേരം കസ്തൂർബാ അന്ത്യ ശ്വാസം വലിച്ചത്.

കസ്തൂർബായായിരുന്നു ഗാന്ധിജിയുടെ ശക്തിസ്രോതസ്സ്. ഇന്ത്യൻ ചരിത്രത്തിൽ തിളങ്ങി നില്ക്കുന്ന കസ്തൂർബാ ഗാന്ധിയെ നാം ആരാധിക്കേണ്ടതാണ്.വനിതാ ദിനത്തിൽ മാത്രമല്ല, എന്നും.

പ്രൊഫ.ജി.ബാലചന്ദ്രൻ

#Kasthurba

#gandhiji

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ