പണ്ടു പണ്ട് വെട്ടത്തു നാട്ടിൽ ഒരു മുത്തശ്ശിയുണ്ടായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുമുറ്റത്ത് ഒരു മാവ് വെച്ചു വളർത്തി സമൃദ്ധമായി കായ്ക്കുന്ന മാവ്. മാമ്പഴത്തിന് നല്ല മധുരമാണ്. മുത്തശ്ശി മാവിന് ഒരു പേരിട്ടു: ചക്കരച്ചിമാവ്. അതിനെ പരിപാലിക്കുന്നതിലായിരുന്നു മുത്തശ്ശി സായൂജ്യം കണ്ടെത്തിയത്. പഴുത്തു വീഴുന്ന മാമ്പഴം മുത്തശ്ശി എല്ലാവർക്കുമായി പങ്കുവെച്ചു കൊടുത്തു. കൂടുതലും കൊടുത്തത് കുട്ടികൾക്കാണ്. മുത്തശ്ശിയെ നാട്ടുകാർക്ക് ഇഷ്ടമായിരുന്നു.
എന്നാൽ കുസൃതികളായ പിള്ളേർ കല്ലും കമ്പും ഉപയോഗിച്ച് മാമ്പഴം എറിഞ്ഞു വീഴ്‌ത്തി. മുത്തശ്ശി എത്ര പറഞ്ഞിട്ടും അവർ വഴങ്ങിയില്ല. മാവിൻ്റെ ചില്ലകൾ പോലും ഒടിഞ്ഞു വീണു. മുത്തശ്ശിയ്ക്ക് ദു:ഖം സഹിക്കാനായില്ല. അവർ ജലപാനം പോലുമില്ലാതെ പ്രാർത്ഥിച്ചു, പിന്നെ തപസ്സു ചെയ്തു. സംപ്രീതയായ ദേവി പ്രത്യക്ഷപ്പെട്ടു. ദേവി ചോദിച്ചു: എന്തു വരം വേണം. മുത്തശ്ശി പറഞ്ഞു. മാവിൽ എറിയുന്ന കുരുത്തം കെട്ടവരെ മാവിൽ ലയിപ്പിക്കണം. വരം ഫലിച്ചു.
കാലം മുന്നോട്ടു പോയി. മുത്തശ്ശിയ്ക്ക് ഒത്തിരി പ്രായമായി. ജനിച്ചാൽ മരിക്കാതെ പറ്റില്ലല്ലോ? കാലൻ കാലപാശവുമായി എത്തി. മുത്തശ്ശിയോട് മരിക്കാൻ തയ്യാറാവാൻ കൽപ്പിച്ചു. മുത്തശ്ശി വലിയ ബുദ്ധിമതിയാണ്. അവർ കാലനോട് പറഞ്ഞു: തനിയ്ക്ക് ഒരു അന്ത്യാഭിലാഷം ഉണ്ട്. കാലൻ പറഞ്ഞു: ചോദിച്ചോളൂ. എനിക്ക് മാവിൽ നിന്ന് ഒരു പഴുത്ത മാമ്പഴം പറിച്ചു തരണം. കാര്യം നിസാരം. കാലൻ മാങ്ങാ പറിക്കാൻ ആഞ്ഞു. അതാ കാലൻ മാവിൽ ലയിച്ചു. മുത്തശ്ശിയ്ക്ക് പണ്ടു കിട്ടിയ വരദാനം ഗുണമായി. കാലനില്ലാതായി. കാലനില്ലാത്ത കാലം നാട്ടിൽ നടുക്കം ഉണ്ടാക്കി. ജനം പെരുകി. മൂത്ത് മുരടിച്ച് മരണമില്ലാതെ നാട് നിറഞ്ഞു. ജനങ്ങളുടെ പ്രാർത്ഥന കേട്ട് ദേവി പ്രത്യക്ഷപ്പെട്ടു. ലോകം മുടിയും.! കാലനെ മോചിപ്പിക്കണം. പകരം എന്തു വേണം ! ദേവി മുത്തശ്ശിയോട് ചോദിച്ചു. മുത്തശ്ശി പറഞ്ഞു. എനിയ്ക്ക് ജരാനര ബാധിക്കരുത്. മരണവും സംഭവിക്കരുത്. മാവിനും നാശമരുത്. ദേവി സമ്മതിച്ചു.
ആ മാവാണ് മഹത്തായ ഭാരതത്തിന്റെ പ്രതീകം.
പ്രൊഫ ജി ബാലചന്ദ്രൻ