മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാൻ മലയാള കവിതയ്ക്ക് പുതിയ രാജപാത വെട്ടിത്തെളിച്ചു. മലയാളത്തിൻ്റെ മഹത്വം വിശ്വത്തോളം ഉയർത്തിയ മഹാകവിയാണ് ആശാന്‍. ബ്രിട്ടനിലെ വെയ്ത്സ് രാജകുമാരൻ മദ്രാസ് സർവ്വകലാശാലയിൽ വച്ച് ആശാന് ഒരു തങ്ക വളയും പട്ടും നൽകി ആദരിച്ചു. ആ തങ്കവളയിൽ മ. രാ . രാ (മഹാരാജ. രാജാധി രാജൻ ) ശ്രീ കുമാരനാശാൻ ഈഴവ കവി അവർകൾക്ക് എന്ന് ആലേഖനം ചെയ്തിരുന്നു. ഇംഗ്ലണ്ടിൽ വച്ച് ഡോ പൽപ്പു നൽകിയ കാവ്യ വിവർത്തനങ്ങൾ വായിച്ചാണ് ആശാൻ കവിതകൾ രാജകുമാരൻ പഠിച്ചത്. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ തങ്കവള പ്രദർശനത്തിനു വച്ചിരുന്നു. ഗ്ലാസ് ഷോകേസിൻ്റെ പൂട്ട് പൊട്ടിച്ച് തങ്കവള ആരോ മോഷ്ടിച്ചു കൊണ്ടു പോയി. അന്നത്തെ സാംസ്കാരിക മന്ത്രി ടി.കെ രാമകൃഷ്ണൻ്റെ നിർദ്ദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കി. കള്ളനെ കിട്ടി. ഒരു നളൻ. പക്ഷെ തങ്കവള അവൻ സ്വർണ്ണക്കടയിൽ വിറ്റു. അവർ അത് മുറിച്ചു. പോലീസ് പിടിച്ചെടുത്ത സ്വര്‍ണം സ്മാരകത്തിന് നല്‍കി. ഞാൻ ആശാൻ സ്മാരകത്തിൻ്റെ പ്രസിഡന്റായിരുന്നപ്പോൾ തങ്കവളയുടെ മാതൃകയിൽ പുതിയ ഒരെണ്ണം നിർമ്മിച്ചു തന്നു. അതിന് ഒരു ഡ്യുപ്ളിക്കേറ്റ് വെളളിയിൽ തീർത്ത് സ്വർണം പൂശി, ഒറിജിനൽ ലോക്കറിലും,പകർപ്പ് പ്രദർശനത്തിനും വെച്ചു. ഇനിയും കളവ് ആവർത്തിക്കരുതല്ലോ?
ഉള്ളൂരിനും വള്ളത്തോളിനും പട്ടും വളയും മഹാരാജാവ് സമ്മാനിച്ചപ്പോൾ ആശാനെ ആ ഗണത്തിൽ പെടുത്തിയില്ല. ജാതി വിവേചനമായിരുന്നു കാരണം. കവിക്കും കവിതയ്ക്കും ജാതി മത ദേശാതിർത്തികളില്ല.
പഴയ കാലഘട്ടത്തിലെ ജാതി മത ലഹളയുടെ പശ്ചാത്തലത്തിൽ എഴുതിയ ആശാന്റെ ദുരവസ്ഥയിലെ പാരാമർശം സാധൂകരിക്കാവുന്നതേയുളളു.
പ്രൊഫ. ജി. ബാലചന്ദ്രന്‍
ഇന്നലെയുടെ തീരത്ത് (ആത്മകഥ)