ദേശീയ രാഷ്ട്രീയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി കേരളത്തിൽ കാലുറപ്പിക്കുന്ന ശ്രീ എ.കെ. ആൻ്റണിക്ക് ആശംസകൾ.
ചേര്‍ത്തലയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഏ.കെ. ആന്‍റണി ജനിച്ചത്. അറയ്ക്കപ്പറമ്പില്‍ കുര്യന്‍റേയും ഏലിക്കുട്ടിയുടേയും മകന്‍. ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്‍റെ ഉത്തുംഗശൃംഗത്തില്‍ ഏ.കെ. ആന്‍റണി നിലയുറപ്പിച്ചിട്ട് പതിറ്റാണ്ടുകളായി.
സി.എം. സ്റ്റീഫനെപ്പോലുള്ള ആജാനബാഹുക്കള്‍ മറുവശത്തു നിരന്നപ്പോള്‍ഇപ്പുറത്ത് മുന്‍നിന്നത് കൃശഗാത്രനായ ഏ.കെ. ആന്‍റണിയാണ്. ജീവന്‍ ത്യജിച്ചും കൂടെ പടവെട്ടാന്‍ ഒരു പറ്റം ചുണക്കുട്ടന്‍മാര്‍ ഒപ്പമുണ്ട്. അതാണദ്ദേഹത്തിന്‍റെ ശക്തി.
ഏ.കെ. ആന്‍റണി ചേര്‍ത്തലയിലെ സ്കൂള്‍ രാഷ്ട്രീയത്തിലും ഞാന്‍ ആലപ്പുഴയിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരുന്നു. തൃശൂരില്‍ വച്ചു നടന്ന കെ.എസ്.യൂ. തെരഞ്ഞെടുപ്പിലൂടെയാണ് ഞങ്ങള്‍ മിത്രങ്ങളായത്. അദ്ദേഹം കെ.എസ്.യൂ പ്രസിഡന്‍റും ഞാന്‍ വൈസ് പ്രസിഡന്‍റുമായതോടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ സഹയാത്രികരായി. അക്കാലത്താണ് ഏ.കെ. ആന്‍റണി എന്ന നേതാവിന്‍റെ താരോദയം.
ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേക്ക് ജീവിതം പറിച്ചു നട്ട ഏ.കെ. ആന്‍റണി സജീവമായി. കെ.എസ്.യൂ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ചെല്ലുമ്പോള്‍ മിക്കപ്പോഴും ആന്‍റണി എനിക്ക് ഊണ് വാങ്ങിത്തരും. ഒപ്പം വണ്ടിക്കൂലിക്കു രണ്ടു രൂപയും. അന്ന് എറണാകുളം, ആലപ്പുഴ ബസ്സ്കൂലി ഒരു രൂപ തൊണ്ണൂറു പൈസയാണ്. ഞങ്ങളുടെ സ്നേഹബന്ധം വളര്‍ന്നു.
ആലപ്പുഴയില്‍ നടന്ന ഭക്ഷ്യ സമരത്തെത്തുടര്‍ന്ന് പല കേസുകളില്‍ പ്രതിയായ ഞാന്‍ ഏ.കെ. ആന്‍റണിയുടെ അടുത്താണ് അഭയം തേടിയത്.
പഠനത്തില്‍ ആന്‍റണി സമര്‍ത്ഥനായിരുന്നു. എല്‍.എല്‍.ബി. പാസ്സായി. കോടതിയില്‍ പ്രാക്ടീസാരംഭിച്ചു. പിന്നീടതുപേക്ഷിച്ച് പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. തുടര്‍ന്നുള്ള യാത്ര സമരങ്ങളുടെ തീവഴികളിലൂടെയായിരുന്നു. ഇ.എം.എസ്സിന്‍റെ രണ്ടാം മന്ത്രിസഭയുടെ കാലത്തു നടത്തിയ വെളുത്തുള്ളിക്കായല്‍ സമരം ആണ് ആന്‍റണിയെ ഹീറോ ആക്കിയത്. ചേര്‍ത്തലയ്ക്ക് വടക്കുമാറി ചന്തിരൂര്‍ കേന്ദ്രീകരിച്ചായിരുന്നു സമരം. ആലപ്പുഴയില്‍ നിന്ന് ഞങ്ങളില്‍ പലരും സമര രംഗത്തുണ്ടായിരുന്നു. അരൂരിലെ ഒരു ഓണംകേറാ മൂലയിലെ 108 ഏക്കര്‍ വെളുത്തുള്ളിക്കായല്‍ പാര്‍ട്ടിക്കാര്‍ക്കായി പതിച്ചുകൊടുക്കുന്നതിനെതിരെയുണ്ടായ സമരം മന്ത്രിസഭയെ പിടിച്ചുകുലുക്കി. ആന്‍റണിയെ പോലീസുകാര്‍ തല്ലിച്ചതച്ചു. ആ സമരത്തെത്തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏ.കെ. ആന്‍റണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു. രാഷ്ട്രീയരംഗത്ത് രണ്ടാം ഘട്ടത്തിലേക്കുള്ള ആന്‍റണിയുടെ വളര്‍ച്ച അവിടെ നിന്നായിരുന്നു.
അക്കാലത്ത് കോണ്‍ഗ്രസ്സ് ഓഫീസുകളില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് പ്രവേശനമില്ല. ഉറ്റവരും ഉടയവരുമില്ല. കേള്‍പ്പോരും കേള്‍വിയുമില്ല. ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ സി.കെ.ജി.യുടെ അനുഗ്രഹാശിസ്സുകളോടെ കെ.എസ്.യൂ., യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവരുടെ ശക്തി തെളിയിച്ചുകൊണ്ട് മുന്നേറി. കോണ്‍ഗ്രസ്സ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യുവശക്തികള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിലയുറപ്പിച്ചു. കെ.കെ. വിശ്വനാഥന്‍, കെ.പി.സി.സി. പ്രസിഡന്‍റായിരിക്കവേ ഏ.കെ. ആന്‍റണി ജനറല്‍ സെക്രട്ടറിയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണികള്‍ തമ്മിലായിരുന്നു മത്സരം. അച്യുതമേനോന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സ് ചേരണമെന്ന് മുതിര്‍ന്നവരും വേണ്ടെന്ന് യുവാക്കളും നിലപാടെടുത്തു. സമുദായ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ്സ് അംഗത്വം കൊടുക്കരുതെന്നും തോട്ടം വ്യവസായങ്ങള്‍ ദേശസാല്‍ക്കരിക്കണമെന്നും വിദ്യാഭ്യാസരംഗത്ത് ഡയറക്ട് പേമെന്‍റ് ഏര്‍പ്പെടുത്തണമെന്നുമെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ ആന്‍റണി വിഭാഗം മുന്നോട്ടു വച്ചു.
പാര്‍ട്ടിക്ക് സ്വന്തമായൊരു ദിനപ്പത്രം ആന്‍റണിയുടെ സ്വപ്നമായിരുന്നു. അതിനായി ഷെയര്‍ പിരിച്ചും ലോണെടുത്തും വീക്ഷണം പത്രം തുടങ്ങി. സി.പി. ശ്രീധരനായിരുന്നു ചീഫ് എഡിറ്റര്‍. അതിലെ ചില എഡിറ്റോറിയലുകള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായ കരുണാകരന് എതിരായിരുന്നു.
ആന്‍റണി വിനയാന്വിതനാണ്. ലളിതവേഷം, സൗമ്യ ഭാഷ. സിംപിള്‍, നോബിള്‍, ഹോണസ്റ്റ് എന്നീ വിശേഷണങ്ങള്‍ അനുയായികള്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു.
ഗോഹട്ടിയില്‍ വച്ചു നടത്തിയ ഏ.ഐ.സി.സി. സമ്മേളനത്തില്‍ സഞ്ജയഗാന്ധിക്കെതിരെ ഒളിയമ്പ് എയ്തതോടെ ആന്‍റണി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഏ.കെ. ആന്‍റണിയെ പെണ്ണുകെട്ടിക്കാന്‍ മുന്‍കൈ എടുത്തത് ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹത്തിന്‍റെ ഭാര്യ മറിയാമ്മയോടൊപ്പം ബാങ്കില്‍ ജോലി ചെയ്തിരുന്ന എലിസബത്തായിരുന്നു വധു.
അകത്തുനിന്നും പുറത്തുനിന്നും ഇന്ദിരാഗാന്ധിക്കെതിരായ പടയൊരുക്കം രൂക്ഷമായി. ഷാ കമ്മിഷന്‍ ഇന്ദിരയെ വേട്ടയാടാന്‍ തുടങ്ങി. പാര്‍ട്ടി രണ്ടായശേഷം ഇന്ദിരയ്ക്കനുകൂലമായ തരംഗമുണ്ടായി. ഇന്ദിരയ്ക്ക് ചിക്കമംഗ്ലൂരില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയ ഹൈക്കമാന്‍റ് നടപടിയില്‍ പ്രതിഷേധിച്ച് ആന്‍റണി മുഖ്യമന്ത്രിപദം രാജിവച്ചു. അപ്രതീക്ഷിതമായിരുന്നു ആ നടപടി. അദ്ദേഹത്തിന്‍റെ എല്ലാ നടപടിയിലും ഒരു നാടകീയതയുണ്ട്. ഇതിന്‍റെയൊക്കെ ന്യായാന്യായങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ആന്‍റണി മെനക്കെടാറില്ല. ആന്‍റണിയുടെയും സംഘത്തിന്‍റെയും പിന്നീടുള്ള യാത്രയില്‍ നിന്ന് ഞാന്‍ അകന്നു. പാര്‍ട്ടി രണ്ടായി. കോണ്‍ഗ്രസ്സ് കലങ്ങിമറിഞ്ഞു. പലരും മലക്കം മറിഞ്ഞു. ആന്‍റണി ഗ്രൂപ്പ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. ഭരണത്തില്‍ പങ്കാളികളായി. ദീര്‍ഘകാലം അവര്‍ സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്സിലായിരുന്നു. ഒടുവില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ആന്‍റണിയടക്കമുള്ളവര്‍ ഇന്ദിരയുടേയും രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്‍റെയും വിശ്വസ്തരായി.
ആന്‍റണി കേന്ദ്രനേതൃത്വത്തിലേക്കുള്ള പടവുകള്‍ കയറിയത് വിസ്മയിപ്പിക്കുന്ന വേഗതയിലാണ്. ഭാഗ്യവും വിധിയും അദ്ദേഹത്തിന് അനുഗ്രഹമായി. അദ്ദേഹം ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായി. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ രണ്ടാമനായി. തന്‍റെ കൈയ്യില്‍ അഴിമതിയുടെ കറ പുരളരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.
കെ.പി.സി.സി. പ്രസിഡന്‍റായ ഏ.കെ. ആന്‍റണി മുഖ്യമന്ത്രിയാകണമെന്ന് ഞാന്‍ ഒരു പ്രസ്താവന നടത്തി. മാതൃഭൂമി പത്രത്തില്‍ അത് അച്ചടിച്ചു വന്നു. അതിന്‍റെ പേരില്‍ ലീഡറും തച്ചടി പ്രഭാകരനും എനിക്കെതിരെ തിരിഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സി. സുബ്രഹ്മണ്യത്തെയാണ് കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് നിയോഗിച്ചത്. ഇന്ദിരാഗാന്ധിയുടെ മൗനാനുവാദത്തോടെ സുബ്രഹ്മണ്യം ആന്‍റണിയെ മുഖ്യമന്ത്രിയാക്കി. ആന്‍റണി പോലും പ്രതീക്ഷിക്കാത്ത സ്ഥാനലബ്ധി.
നീതിയുക്തമായ ഒരു സല്‍ഭരണം കാഴ്ചവയ്ക്കുകയായിരുന്നു ആന്‍റണിയുടെ ലക്ഷ്യം. മുന്‍ ഗവണ്‍മെന്‍റിന്‍റെ തുടര്‍ച്ചയല്ല തന്‍റെ ഗവണ്‍മെന്‍റെന്ന് ആന്‍റണി പറഞ്ഞു.
പ്രായോഗിക രാഷ്ട്രീയത്തിന്‍റെ പേരില്‍ ആദര്‍ശത്തെ വിസ്മരിക്കാന്‍ ആന്‍റണി തയ്യാറല്ലായിരുന്നു. ആന്‍റണിക്ക് സംശയമുണ്ടാകുമ്പോള്‍ ചില രോഗങ്ങളും മൗനവ്രതവും അദ്ദേഹത്തെ തുണയ്ക്കും.
വേളി ഹോസ്റ്റലില്‍ വച്ചു നടത്തിയ ഏ കോണ്‍ഗ്രസ്സിന്‍റെ നേതൃയോഗത്തില്‍ ആന്‍റണി നാടകീയമായി തീരുമാനം പ്രഖ്യാപിച്ചു: ”നമുക്ക് ഒരുമിച്ച് പ്രതിപക്ഷത്തിരിക്കാം “: വിസ്മയകരമായ ഉള്‍വിളികളാണ് അദ്ദേഹത്തെ നയിച്ചത്. രാഷ്ട്രീയത്തിലെ ചേരിതിരിവുകള്‍ക്കു പുതിയ മാനങ്ങള്‍ വന്നു. സോണിയയുടേയും രാജീവിന്‍റെയും രാഹുല്‍ ഗാന്ധിയുടെയും വിശ്വസ്തനായി. തക്ക സമയത്തു തക്ക തീരുമാനമെടുക്കാനുള്ള കഴിവും രാഷ്ട്രീയതന്ത്രങ്ങളും ആന്‍റണിക്കു ജന്മസിദ്ധമാണ്. മറ്റു രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തമായ പ്രതിച്ഛായ അദ്ദേഹം എന്നും കാത്തുസൂക്ഷിക്കുന്നു. പാറപോലെ ഉറച്ചു നില്‍ക്കുന്ന ഏ ഗ്രൂപ്പുകാര്‍ ആന്‍റണിയുടെ നിലനില്‍പ്പിന്‍റെയും വളര്‍ച്ചയുടെയും ശക്തി സ്രോതസ്സുകളായിരുന്നു.
പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ ഇരുപത്തിയഞ്ചു ലക്ഷം കോടി രൂപയുടെ പ്രതിരോധച്ചെലവില്‍ അഴിമതിയുടെ പോറലേല്‍പ്പിക്കാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ആന്‍റണിയുടെ മെയ് വഴക്കം കൊണ്ടു മാത്രമാണ്. വി.കെ. കൃഷ്ണമേനോനുശേഷം പ്രതിരോധ മന്ത്രിയാകുന്ന മലയാളിയാണ് എ.കെ. ആന്‍റണി. മൂന്നു എ.കെ.കള്‍ അപകടകാരികളാണെന്ന് പണ്ട് നരേന്ദ്രമോദി പറഞ്ഞിട്ടുണ്ട്. ഏ.കെ. 47, അരവിന്ദ് കെജരിവാള്‍, ഏ.കെ. ആന്‍റണി. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആന്‍റണിയെ വിശേഷിപ്പിച്ചത് ജീവിച്ചിരിക്കുന്ന ഗാന്ധി എന്നാണ്.
ആന്‍റണിയുടെ ആദര്‍ശവും പ്രവര്‍ത്തനശൈലിയും കണ്ട് അതില്‍ ആകൃഷ്ടരായാണ് എന്നെപ്പോലെയുള്ള ചെറുപ്പക്കാര്‍ എടുത്തുചാടിയത്. ആന്‍റണിയെപ്പോലെയുള്ളവരുടെ ശിരസ്സില്‍ ദൈവം സ്വര്‍ണ്ണപ്പേനകൊണ്ടാണെഴുതിയതെന്ന് ചിലര്‍ പറയാറുണ്ട്.
ജനാധിപത്യത്തില്‍ ഭരണ നിര്‍വ്വഹണത്തിനു വേണ്ടത് ആദര്‍ശ രാഷ്ട്രീയമല്ല, പ്രായോഗിക രാഷ്ട്രീയമാണ്.
മൂന്നാം പ്രാവശ്യം മുഖ്യമന്ത്രിയായത് ചേര്‍ത്തലയില്‍ മത്സരിച്ചു ജയിച്ചാണ്. അന്ന് ഞാന്‍ ആലപ്പുഴ ഡി.സി.സി. പ്രസിഡന്‍റായിരുന്നു. അദ്ദേഹത്തെ ജയിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രിയുടെ ജില്ലയില്‍ മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരന്‍ പ്രസിഡന്‍റാകണമെന്നു ചിലർ വാദിച്ചു. അതിന് കെ. മുരളീധരന്‍ വഴങ്ങി. അങ്ങനെ എന്‍റെ ഡി.സി.സി പ്രസിഡന്‍റ് പദം തെറിപ്പിച്ചു. 2004 ൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് ആന്‍റണി മുഖ്യമന്ത്രിപദം രാജിവച്ചു. രാജിയ്ക്കു ശേഷമാണ് പലരും അക്കാര്യമറിയുന്നത്.
പിന്നീട് ഏ.കെ. ആന്‍റണി ഏ.ഐ.സി.യുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി. ഉപദേശത്തിനും നയരൂപീകരണത്തിലും അദ്ദേഹത്തിന് സുപ്രധാന റോളുണ്ട്. എന്നാലും കേരളത്തിലെ സംഘടനാ കാര്യത്തില്‍ ഇടപെടാറില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന മാതൃകാ നേതാവാണ് ഏ.കെ. ആന്‍റണി.
പ്രൊഫ ജി ബാലചന്ദ്രൻ.
#ഇന്നലെയുടെ_തീരത്ത്(ആത്മകഥ)