പൊതുജനത്തിന് ഇരുട്ടടിയും തലയ്ക്കടിയും നൽകിയ കേന്ദ്ര സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചു കഴിഞ്ഞു. നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രഖ്യാപന പെരുമഴയാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ചിരിക്കുന്നു. കാർഷിക സബ്സിഡി വെട്ടിക്കുറച്ചത് കാർഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും എന്നതിൽ സംശയമില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയോട് ബജറ്റ് കരുണ കാട്ടാഞ്ഞത് ദശലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള സൂചനകളോ, വിലക്കയറ്റം തടയാനുള്ള ആസൂത്രണമോ ബജറ്റിൽ കാണുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാകുന്ന സ്ഥിതി വിശേഷം ഇനിയും തുടരും. മദ്ധ്യവർഗത്തെ തലോടുന്ന ആദായ നികുതി നിർദ്ദേശങ്ങൾ ബജറ്റിനെ തിരഞ്ഞെടുപ്പ് ബജറ്റ് എന്ന വിശേഷണത്തിന് അർഹമാക്കി. കേരളത്തിന് പതിവ് പോലെ കഞ്ഞി കുമ്പിളിൽ തന്നെയാണ്. എയിംസ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രെയിൻ എന്നിവയൊന്നും നീക്കിവച്ചിട്ടില്ല. അംബാനിയും അദാനിയും തഴച്ചു വളരാനും പൊതു മേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനും ബജറ്റ് ആവേശം കാട്ടിയിട്ടുണ്ട്. ശതകോടികൾ വായ്പ്പയെടുത്ത് തകർന്നടിഞ്ഞ അദാനിക്കെതിരെ രോഷം പാർലിമെന്റിന്റെ ഇരു സഭകളിലും ഉയർന്നിരിക്കുന്നു.
കേരള ബജറ്റിൻ്റെ കാര്യം അതി ദയനീയമാണ്. ഭരണകൂടം നടത്തുന്ന അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും പൊതുജനത്തിന് ബാധ്യതയാവുന്നു. കണക്കിൽ കസർത്ത് നടത്തി ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ബാലഗോപാൽ നടത്തിയ വേലകളൊക്കെ പൊളിഞ്ഞു പാളീസായി. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്താനുള്ള തീരുമാനം വിലക്കയറ്റം രൂക്ഷമാക്കും. എല്ലാ അവശ്യവസ്തുക്കളുടേയും സേവനങ്ങളുടെയും നികുതി വർദ്ധിപ്പിച്ചത് ഒരു ഇടത് സർക്കാരിന് ഭൂഷണമല്ല, പാവപ്പെട്ടവർക്കും ദുർബല വിഭാഗത്തിനും വേണ്ടി കൺകെട്ട് വിദ്യക്കപ്പുറത്തുള്ള പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഇല്ല. സംസ്ഥാനം പണത്തിനു വേണ്ടി കൈ നീട്ടുമ്പോഴും കിഫ്ബി , കെ ഫോൺ, കെ റെയിൽ തുടങ്ങിയ മോഹന പദ്ധതികൾ തുടരുമത്രേ. കേന്ദ്ര ബജറ്റിനെതിരെ ചൂട്ടുകത്തിച്ച് പ്രകടനം നടത്തിയ സി.പി.എം, കേരള ബജറ്റിലൂടെ ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിച്ച് അപഹാസ്യരായി, വികസനം പ്രഹസനം മാത്രമായി. മന്ത്രി മന്ദിരം മോഡി കൂട്ടിയും സർക്കാർ തലപ്പത്ത് സ്വന്തക്കാരെ അരിയിട്ടു വാഴിക്കുകയും ചെയ്യുന്ന ഇടത് സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരികയാണ്. ജനവിരുദ്ധ നയങ്ങളിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിൻമാറണം എന്നാണ് എൻ്റെ പക്ഷം.
കേന്ദ്രത്തിന്റേത് ഇലക്ഷൻ ബഡ്ജറ്റ്. കേരളത്തിന്റേത് പൊട്ട ബഡ്ജറ്റ്. കണ്ണിൽ പൊടിയിടാനുള്ള ബഡ്ജറ്റ്.!! കിട്ടാനുള്ള നികുതിപ്പണം പിരിച്ചെടുക്കാൻ പദ്ധതിയില്ല കേരളത്തിലേത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രം. സാമ്പത്തിക അട്ടിമറിയും പുറം വാതിൽ നിയമനവും കാറും കണ്ണാടിയും കാലിത്തൊഴുത്തും വിദേശയാത്രയും മന്ത്രിമാർക്ക്. കരന്റിന്,വെള്ളത്തിന് വീട്ടുകരത്തിന്, മിൽമാ പാലിന്, ഭൂമി കൈമാറ്റത്തിന്, ഭൂവിലയിൽ എല്ലാം വർദ്ധനവ് . അതു മൂലം സമസ്ത സാധനങ്ങൾക്കും വില കൂടും. പോലീസും ആരോഗ്യവും ഇവിടെ ഊർദ്ധ്വ ശ്വാസം വലിക്കുന്നു. പാർട്ടി നേതാക്കളുടെ സെൽ ഭരണം കൊടികുത്തി വാഴുന്നു. റോഡപകടങ്ങളും സ്ത്രീ പീഡനവും പെരുകുന്നു. കടം വാങ്ങിക്കൂട്ടി രാജ്യത്തെ പണയക്കെണിയിലാക്കുന്നു. മദ്യവും മയക്കുമരുന്നും യഥേഷ്ടം ഒഴുകുന്നു. തേവരുടെ ആന കാട്ടിലെ തടി ജനങ്ങൾ വലിയെടാ വലി.
പ്രൊഫ. ജി. ബാലചന്ദ്രൻ