കേരളത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു തുറമുഖത്തിന്റെ ആവശ്യകത ബ്രിട്ടീഷ് സർക്കാരിനു ബോദ്ധ്യമായി. അതിനു പരിചയ സമ്പന്നനായ ഒരു തുറമുഖ എൻജീനീയറെ ഇംഗ്ലണ്ടിൽ നിന്ന് എത്തിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 1920 ഏപ്രിൽ 13 ന് റോബർട്ട് ബ്രിസ്റ്റോ കൊച്ചിയിലെത്തി. തീരക്കടലിനപ്പുറം കപ്പൽ നങ്കുരമിട്ട് നിറുത്തിയിട്ട് ചരക്കുകൾ വളളത്തിലും മറ്റുമായി കരക്കെയത്തിക്കുന്ന രീതിയാണ് കൊച്ചിയിലുണ്ടായിരുന്നത്. അതിനു സമാനമായ ഒരു സമ്പ്രദായം ആലപ്പുഴ തുറമുഖത്തും നിലവിലുണ്ടായിരുന്നു.
കായലിലേക്ക് കപ്പലുകൾക്ക് കയറിക്കിടക്കാനുളള സംവിധാനമൊരുക്കിയാൽ കൊച്ചിയെ സുരക്ഷിതമായ ഒരു തുറമുഖമാക്കാമെന്ന് ബ്രിസ്റ്റോ കണ്ടെത്തി. കായലും കടലും ചേരുന്നിടത്ത് മണൽത്തിട്ടയായിരുന്നു. അതായിരുന്നു പ്രധാന വെല്ലുവിളി. കക്ക നിറഞ്ഞ മണ്ണും മൃദുവായ ചെളിയും കൂടികലർന്ന് പാറ പോലെ ഉറച്ചതായിരുന്നു മണൽത്തിട്ട. സാങ്കേതികമായി മാത്രമല്ല പാരിസ്ഥിതികമായും മണൽത്തിട്ടയുടെ നീക്കം ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ പ്രവചനാതീതമായിരുന്നു. വൈപ്പിൻ തീരത്തും വേമ്പനാട്ടുകായലിലും അത് നാശം വരുത്തിയേക്കാം.
പരിചയ സമ്പന്നനും പ്രഗത്ഭനുമായ ബ്രിസ്‌റ്റോയുടെ മനസ്സിൽ ഒരു ഫോർമുല ഉടലെടുത്തു. വൈപ്പിൻ തിരത്തെ കടലാക്രമണത്തെ ചെറുക്കാൻ ഒരു കരിങ്കൽ ഭിത്തി നിർമ്മിച്ചു. മൺസൂൺ കാലത്തുണ്ടായ കടലാക്രമണത്തെ അതിജീവിച്ചു. ബ്രിസ്റ്റോയുടെ ആദ്യ വിജയമായിരുന്നു അത്.
ബ്രിട്ടീഷ് – മദ്രാസ് , തിരുവിതാംകൂർ കൊച്ചി സർക്കാരുകൾ കൊച്ചി തുറമുഖത്തിന്റെ അവകാശികളായിരുന്നു. മദ്രാസ് ഗവർണ്ണർ വെല്ലിംഗ്ടൺ പ്രഭു മുൻ കൈയെടുത്തതോടെ കാര്യങ്ങളെല്ലാം സുഗമമായി. 1925 ൽ തന്നെ നാലു സർക്കാരുകളും സമ്മതം നല്കി. പ്രതിനിധികൾ ചേർന്ന് അന്നുണ്ടാക്കിയ ഉടമ്പടി അറിയപ്പെട്ടത് “ഫോർ പാർട്ടി എഗ്രിമെന്റ്” എന്നാണ്. ബ്രിസ്റ്റോയ്ക്ക് പിന്നീട് വിശ്രമമില്ലായിരുന്നു. വിദഗ്ധമായ പ്രായോഗിക പരിജ്ഞാനം ബ്രിസ്റ്റോയ്ക്കുണ്ടായിരുന്നു. പ്രത്യേക സൗകര്യങ്ങളോടെ രൂപകല്പന ചെയ്ത മണ്ണു മാന്തിക്കപ്പൽ ഇംഗ്ലണ്ടിൽ സ്വന്തം മേൽ നോട്ടത്തിലാണ് ബ്രിസ്റ്റോ നിർമ്മിച്ചത്. 1926 മേയിൽ കൊച്ചിയിലെത്തിച്ച മണ്ണുമാന്തിക്കപ്പലിന് മദ്രാസ് ഗവർണ്ണറുടെ ബഹുമാനാർത്ഥം ” ലോർഡ് വെല്ലിംഗ്ടൺ ” എന്നാണ് നാമകരണം ചെയ്തത്. മണ്ണിളക്കി പൈപ്പുവഴി വലിച്ചെടുത്ത് 4000 അടി അകലെ നിക്ഷേപിക്കാൻ ഈ ട്രഡ്ജറിനു കഴിഞ്ഞിരുന്നു. രണ്ടാമതെത്തിച്ച മണ്ണുമാന്തിക്കപ്പലിന് ലേഡി വെല്ലിംഗ്ടൺ എന്നാണ് പേരു നൽകിയത്. രണ്ടു വർഷക്കാലം ദിവസവും 20 മണിക്കൂർ മണ്ണുമാന്തിക്കപ്പൽ പ്രവർത്തിപ്പിച്ചു. മണൽത്തിട്ട അപ്രത്യക്ഷപ്പെട്ടതോടൊപ്പം വെണ്ടുരുത്തി ദ്വീപിന് വടക്കായി ഒരു പുതിയ ദ്വീപും സൃഷ്ടിക്കപ്പെട്ടു. 1928 മാർച്ച് 30 ന് ഉച്ചയ്ക്ക് മണൽത്തിട്ടയിലെ മണ്ണു മുഴുവൻ നീക്കം ചെയ്തു കഴിഞ്ഞ് ബ്രിസ്റ്റോ 400 വാര നീളത്തിൽ കപ്പൽച്ചാലും കീറി. ആഹ്ലാദം കൊണ്ട് മതിമറന്ന് റോബർട്ട് ബ്രിസ്റ്റോ
” സൊറോത്തിയ ” എന്ന ബോട്ടിൽ അവിടെയാകെ ചുറ്റിയടിച്ചു. 800 ഏക്കർ വിസ്തൃതിയുള്ള പുതിയ തുരുത്തിനെ നാട്ടുകാർ വിളിച്ചത് ” വാർക്കത്തുരുത്ത് ” എന്നാണ്. 1933 ഡിസംബർ 8 ന് നടന്ന സമ്മേളത്തിൽ വച്ച് കൊച്ചി രാജാവാണ് ആ ദ്വീപിന് ‘ വെല്ലിംഗ്ടൺ ഐലന്റ്’ എന്ന പേരിട്ടത്.
പണി പൂർത്തിയായ തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും മുൻപേ 1928 മേയ് 26 ന് ബോംബെയിൽ നിന്നെത്തിയ പദ്മ എന്ന ആവിക്കപ്പൽ തുറമുഖ അധികാരികളുടെ നിരോധനം ധിക്കരിച്ചു കൊണ്ട് ക്യാപ്റ്റൻ ബുളളർ തുറമുഖത്തേയ്ക്ക് കപ്പലോടിച്ചു കയറ്റി. അതോടെ തുറമുഖം തുറക്കപ്പെട്ടതായി കരുതി. ബ്രിസ്റ്റോ എറണാകുളത്തേക്കു താമസം മാറ്റി അവിടെ ലോട്ടസ് ക്ലബ് രൂപീകരിച്ചു. കൊച്ചി ഗേൾസ് ഗൈഡും രൂപീകരിച്ചു. രണ്ടിന്റേയും പ്രസിഡന്റ് ലേഡി ബ്രിസ്റ്റോ ആയിരുന്നു.
ബ്രിസ്റ്റോ ഒരിക്കൽ പ്രസ്താവിച്ചു: കടലിന്റെ അടിത്തട്ടിൽ നിന്ന് പടുത്തുയർത്തിയ ഒരു വലിയ ദ്വീപിലും തുറമുഖത്തുമാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. 1936 ഓഗസ്റ്റ് 17 ന് കൊച്ചിയെ മേജർ തുറമുഖമായി ഉയർത്തി. കൊച്ചിയുടെ ഇതിഹാസവും ബ്രിസ്റ്റോയുടെ
ആത്മകഥയുമാണ് കൊച്ചിൻ പോർട്ടും വെല്ലിംഗ്ടൺ ഐലന്റും. കൊച്ചി തുറമുഖത്തിന്റെ അഭിവൃദ്ധിയോടെ ആലപ്പുഴ തുറമുഖം ക്ഷയിച്ച് നാശോന്മമുഖമായി. ഇംഗ്ലണ്ടിൽ നിന്നെത്തിയ റോബർട്ട് ബ്രിസ്റ്റോ കേരളത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതി.
പ്രൊഫ.ജി.ബാലചന്ദ്രൻ