കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ പ്രബുദ്ധ കേരളത്തിൽ അരങ്ങേറിയത് നിഷ്ഠൂരമായ ആറ് രാഷ്ടീയ കൊലപാതകങ്ങളാണ്. ആലപ്പുഴയിലും പാലക്കാട്ടും ഈയിടെ നടന്ന കൊലപാതകങ്ങൾ കേരളത്തിൻ്റെ പൊതു മന:സാക്ഷിയെ ഞെട്ടിച്ചു. അക്രമരാഷ്ട്രീയത്തിൻ്റെ കുടിപ്പകയ്ക്കിടയിൽ ശ്വാസം നിലച്ചു പോയവർ പ്രതിനിധാനം ചെയ്യുന്ന കൊടിയുടെ നിറം ഏതായലും ചിതറിവീണ ഹൃദയരക്തത്തിന് ഒരു നിറമേ ഉള്ളൂ. അവരുടെ കുടുംബാംഗങ്ങളുടെ നിലയ്ക്കാത്ത വിലാപത്തിന് ഒരു സ്വരമേയുള്ളൂ. എന്തിനാണിവർ ഇങ്ങനെ അരുംകൊല ചെയ്യുന്നത്? ആശയത്തിൻ്റെ പേരിലാണോ, മുൻ വൈരാഗ്യത്തിൻ്റെ പേരിലാണോ? അതോ ലഹരിക്ക് അടിമപ്പെട്ടിട്ടോ? വെട്ടും കുത്തും അക്രമവും മോഷണവും സ്ത്രീപീഡനവും നാട്ടിൽ ക്രമാതീതമായി പെരുകിയിട്ടുണ്ട്. ക്രൗഞ്ച മിഥുനങ്ങളിലെ ആൺ പക്ഷിയെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോട് മാനിഷാദാ (അരുത് കാട്ടാളാ) എന്ന് മനമുരുകി പറഞ്ഞ വാത്മീകി മഹർഷി രാമായണമെന്ന മഹാകാവ്യം രചിച്ച ഇതിഹാസ ഭൂമിയാണിത്. അക്രമവും കൊള്ളയും സ്ത്രീകളെ അപമാനിക്കലും ഭരണാധികാരികളുടെ അഹങ്കാരവും ശരിയല്ലെന്ന് പറയുക തന്നെയായിരുന്നു യോഗവാസിഷ്ഠം ഉൾപ്പെടെയുള്ള രാമായണത്തിൻ്റെ ദൗത്യം. കുരുക്ഷേത്രയുദ്ധത്തിൻ്റെ വർണനകളേക്കാൾ : രക്തച്ചൊരിച്ചിലും, മാംസ ഗന്ധവും, ദീനരോദനങ്ങളും ഇനിയും ഭാരത മണ്ണിൽ വേണ്ടെന്നുള്ള വ്യാസമഹർഷിയുടെ ഇരുകൈയുമുയർത്തിയുള്ള പ്രഖ്യാപനമായിരുന്നു മഹാഭാരതം. ധർമ്മത്തിൻ്റെ ഗീത ഓതിയ ഭഗവാൻ കൃഷ്ണൻ്റെ യദുകുലം പോലും നശിച്ചു പോയിട്ടും നമ്മളെന്തോ പഠിക്കാത്തത്? ‘ രാജാധികാരം ത്യജിച്ച് ലോക നന്മക്കായി ഇറങ്ങിത്തിരിച്ച ശ്രീബുദ്ധൻ്റെ നാട്ടിൽ നിന്നും ഇനിയും മനുഷ്യപ്പകയുടെ വാർത്തകൾ കേൾക്കണോ. അഹിംസ ജീവിത വ്രതമാക്കിയ സബർമതിയിലെ സന്യാസിയുടെ നാട്ടിൽ ഇനിയും ഹിംസയുടെ രാഷ്ട്രീയം വാഴ്ത്തപ്പെടണോ. നിന്നെപോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് പഠിപ്പിച്ച യേശുദേവൻ്റെ ലോകമാണിത്. സ്നേഹവും സാഹോദര്യവും സഹനവുമാണ് ജീവിതം എന്ന് ഉരുവിട്ട നബി തിരുമേനിയുടെ വാക്കുകൾ തിരയടിക്കുന്ന ഭൂമികയാണിത്. മതമേതായാലും മനുഷ്യൻ നന്നയാൽ മതി എന്ന് അരുൾ ചെയ്ത ശ്രീ നാരായണ ഗുരുവിന്റെ നാടാണിത്. ഈ ദർശനങ്ങളെല്ലാം പ്രകാശംപരത്തി നിൽക്കുന്ന ഇവിടെ പരസ്പരം പടവെട്ടി മനുഷ്യർ മരിക്കുന്നു. കില്ലർ സ്ക്വാഡും , ക്വട്ടേഷൻ സംഘവും മാഫിയാ സംഘവും അഴിഞ്ഞാടുന്നതിൻ്റെ പിന്നിൽ പാർട്ടികളുണ്ട്. ഇവർക്ക് ലഭിക്കുന്ന പണത്തിൻ്റെ ഉറവിടം കണ്ടെത്തണം. ഇതെല്ലാം ആർക്ക് വേണ്ടി. ? ഹിംസ ഒന്നിനും ഒരു പരിഹാരമല്ല. ഈ ക്ഷണികമായ ജീവിതത്തിൽ നമുക്ക് നമ്മുടെ നാടിനെ സ്നേഹ ഭൂമിയാക്കിക്കൂടേ.
പ്രൊഫ ജി ബാലചന്ദ്രൻ