ഡിസംബർ 28 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 137-ാം സ്ഥാപകദിനമാണ്. 136 സംവത്സരങ്ങൾ പൂർത്തിയാക്കിയ കോൺഗ്രസ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ്. ജനാധിപത്യ പ്രസ്ഥാനത്തിനകത്ത് ശക്തിയും ദൗർബല്യവും ഉണ്ടാവാം . ഗാന്ധിജി നയിച്ച കോൺഗ്രസ് സഹന സമരത്തിലൂടെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. മതത്തിൻ്റെയും ജാതിയുടേയും ഭാഷയുടേയും ആചാരങ്ങളുടേയും അടിസ്ഥാനത്തിൽ വിഭക്തമായി വിഘടിച്ചു നിന്ന ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യ മോഹവും ഐക്യവും മതനിരപേക്ഷ ലക്ഷ്യവും നൽകാൻ പ്രതിഭാധനരായ നേതാക്കൾക്ക് കഴിഞ്ഞു. ഇപ്പോൾ 135 കോടിയിൽ പരം ജനങ്ങൾ ഉള്ള ഇന്ത്യയെ നയിക്കാനും നിയന്ത്രിക്കാനും ഭരിക്കാനും കഴിയുന്ന പാർട്ടി ഇപ്പോൾ കളത്തിനു പുറത്താണ്. അതിൻ്റെ കാര്യകാരണങ്ങളുടെ വിശകലനത്തിലേക്ക് കടക്കേണ്ടതില്ലല്ലോ?. അധികാരത്തിൽ വന്നവർ ഏകാധിപത്യത്തിൻ്റെ തേർവാഴ്ച നടത്തുന്ന കാലമാണിത്. കോൺഗ്രസിന് അഖിലേന്ത്യാടിസ്ഥാനത്തിൻ ഒരു പുനസംഘടനയും കെട്ടുറപ്പുള്ള നേതൃത്വവും അനിവാര്യമാണ്. സോണിയയും രാഹുലും പ്രിയങ്കയും നയിക്കുന്ന പാർട്ടിയ്ക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിനുള്ള അവസരമാണ് കൈവരുന്നത്. മുഖ്യശത്രുവിനെതിരെ ഇടതുപക്ഷ പാർട്ടികളെ ഏകോപിപ്പിച്ച് കൊണ്ട് വരുമ്പോൾ കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി പുറം തിരിഞ്ഞു നിൽക്കുന്നു. വീണ്ടുമൊരു രാഷ്ട്രീയ മണ്ടത്തരത്തിന് അവസരം ഉണ്ടാക്കാതെ ഒരുമിച്ച് നിന്നാൽ മാത്രമേ ഫാസിസത്തെ നേരിടാനാവൂ. അടുത്ത വർഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസ് മാറ്റുരയ്ക്കേണ്ടത്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ചടുലമായ ഒരു പ്രവർത്തന ശൈലി സ്വീകരിച്ചത് ശുഭോദർക്കമാണ്. ഇപ്പോൾ കോൺഗ്രസ് പാർട്ടി ജനങ്ങളോട് അടുക്കേണ്ട സന്ദർഭമാണ് . അടിസ്ഥാന വർഗത്തിൻ്റെ ഉന്നതിക്ക് വേണ്ടി രംഗത്തിറങ്ങി ജനങ്ങമുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സേവനം നടത്താനും ഭവനങ്ങൾ സന്ദർശിക്കാനും പ്രവർത്തകരെ സജ്ജരാക്കണം. ശക്തിമാൻ്റെ കൂടെയെ ജനങ്ങൾ നിൽക്കൂ. പാർട്ടിയിൽ നിന്ന് പുറത്ത് പോയവരേയും മറ്റു പാർട്ടികളിൽ ഉള്ളവരേയും കോൺഗ്രസിലേക്ക് ആകർഷിക്കണം. വികസനം ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ളതാണ്. അത് അപഗ്രഥിച്ച് അതിൻ്റെ കാര്യകാരണങ്ങൾ ചർച്ച ചെയ്ത് ഒരു സമീപനം ഉണ്ടാക്കേണ്ടത് ആവശ്യമാണ്.
പ്രൊഫ ജി ബാലചന്ദ്രൻ