W.C ബാനർജി മുതൽ മല്ലികാർജ്ജുൻ ഗാർഖെ വരെ കോൺഗ്രസ്സിന്റെ പ്രസിഡന്റന്മാരായിരുന്നു. മഹാത്മാഗാന്ധി, നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, സുബാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാരഥന്മാരുടെ പാരമ്പര്യമാണ് കോൺഗ്രസ്സിനുളളത്. സവർക്കറും വാജ് പൈയും മോദിയും ഹിന്ദുത്വ അജന്റയുമായി നയിക്കുന്ന ബി.ജെ.പി അധികാരത്തിലാണ്. കാക്കത്തൊള്ളായിരം പാർട്ടികൾ. ജാതിയും മതവും പ്രാദേശികത്വവും പറഞ്ഞ് മതേതരത്വത്തിന്റെ അടിത്തറ തകർക്കുന്നു. ബഹുസ്വരതയാണ് ഭാരതത്തിന് അഭികാമ്യം. സർവ്വതന്ത്ര സ്വതന്ത്രമായ ജനാധിപത്യത്തിന് ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. കോൺഗ്രസ്സ് പാർട്ടി പ്രതിസന്ധിയിലാണ്. പലരും എഴുതിത്തള്ളിയിരുന്നു. അധികാരത്തിന്റെ ഇടനാഴികളിൽ ആവോളം അധികാരവും സുഖഭോഗങ്ങളും ആസ്വദിച്ചവർ ഭരണം നഷ്ടപ്പെട്ടപ്പോൾ മറ്റു പാർട്ടികളിലേക്കു ചേക്കേറി.
ഒരു പ്രബലനായ നേതാവിനെ അന്വേഷിച്ചിരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി തന്റെ സ്വത്വം കണ്ടെത്തി ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യാ പര്യടനം നടത്തിയത്. ഇനിയുമിതാ ഗുജറാത്ത് മുതൽ ആസാം വരെ വീണ്ടുമൊരു യാത്രയ്ക്ക് പദ്ധതിയിടുന്നു.
അദാനിയും അംബാനിയുമെക്കെ സാമ്പത്തിക മന്നന്മാരായി വിലസുന്നു. 22% ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ബാങ്കുകളിൽ നിന്ന് വൻ വായ്പ്പാതട്ടിപ്പു നടത്തിയ മല്ലയ്യാ മുതൽ അദാനി വരെ മുതലക്കൂപ്പു നടത്തി. ബാങ്കുകളെ കബിളിപ്പിച്ചു. അദാനിയെ മോദി സർക്കാർ വഴിവിട്ട് സംരക്ഷിക്കുന്നു. അദാനിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് രാഹുൽ ഗാന്ധി ചെയ്ത പ്രസംഗം സമയോചിതമായിരുന്നു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. മാത്രമല്ല രാഹുലിന്റെ പ്രസംഗം സഭാ നടപടിയിൽ നിന്നുതന്നെ നീക്കം ചെയ്യ്തു.
ഇനിയുമൊരു തിരിച്ചു വരവിനു സാദ്ധ്യതയുണ്ട്. അതിന് മുകൾത്തട്ടിലെ പ്രവർത്തനമല്ല താഴെത്തട്ടിലെ പ്രവർത്തനം ആണ് ഇന്ന് ആവശ്യം. ഭരണത്തിലേറിയില്ലെങ്കിലും ശക്തമായ ഒരു പ്രതിപക്ഷകഷിയാകാനെങ്കിലും കോൺഗ്രസ്സിന് കഴിയണം.
പ്രതിപക്ഷ പാർട്ടികൾ വിഘടിച്ചു വിഭക്തമായി നില കൊള്ളുന്നു. അവർക്കു ഒരുമിക്കാൻ കഴിയുന്നില്ല. മാർക്സിസ്റ്റ് പാർട്ടി പോലും ബംഗാളിലും ത്രിപുരയിലും കോൺഗ്രസ്സിനോട് കൂട്ടുകൂടന്നു. എന്നിട്ടും കേരളത്തിന് കോൺഗ്രസ്സുമായി കൈകോർക്കാൻ അവർ തയ്യാറല്ല. ഭരണത്തിന്റെ ശർക്കരക്കുടത്തിൽ കൈ ഇടാനാണ് താല്പര്യം.
ജനാധിപത്യത്തിന്റെ രക്ഷയ്ക്കും ജനങ്ങളുടെ അഭ്യുന്നതിയ്ക്കും രാജ്യ പുരോഗതിക്കും കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റം അത്യാവശ്യമാണ്. അതിനുതകുന്ന കർമ്മ പദ്ധതികൾ രാജ്യ സ്നേഹമുള്ളർ ആവിഷ്കരിക്കണം. അതിനു രാഹുൽ ഗാന്ധിയിൽ മാത്രമാണ് അവസാന പ്രതീക്ഷ.
കേരളത്തിലാകട്ടെ കോൺഗ്രസ്സിന് ഭാവിയുണ്ട്. പക്ഷെ സംഘടനാ തലത്തിൽ അഴിച്ചു പണി നടത്താൻ തീരുമാനിച്ചിട്ട് ഒരു വർഷമായി. കേന്ദ്ര-കേരള ബഡ്ജറ്റുകൾക്കെതിരെയുള്ള സമരങ്ങൾ പോലും ക്ലച്ച് പിടിക്കുന്നില്ല എവിടയോ പിശകുണ്ട് മാറ്റിയെടുക്കാൻ KPCC തയ്യാറാകണം. അതിലും ഗ്രൂപ്പും ചേരിതിരിവും ഇറങ്ങിപ്പോക്കുമൊക്കെ നടക്കുന്നത് നാണക്കേടാണ്.
പ്രതിപക്ഷങ്ങൾ പരസ്പരം ചർച്ച ചെയ്തും സന്ധി ചെയ്തും മുന്നേറിയാൽ നാടിന് നന്ന്
പ്രൊഫ.ജി.ബാലചന്ദ്രൻ