ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയുടെ നല്ല ഓർമ്മകളുമായ് വീണ്ടുമൊരു ക്രിസ്തുമസ്. അത്യുന്നതങ്ങളിലെ ദൈവത്തിന് സ്തുതി പറയുമ്പോൾ ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം കൈവരും. എന്നും സന്തോഷവും സമാധാനവും ഹൃദയങ്ങളില്‍ സൂക്ഷിക്കുന്നവർക്കുള്ള പ്രാർത്ഥന നിരതമായകാലം കൂടിയാണിത്. മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുമ്പോൾ ക്രിസ്തുമസിൻ്റെ സന്തോഷം കൊണ്ട് നാട് ഉത്സവഛായയിലാവും. ഭൂമിയെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്ന സ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ് ക്രിസ്തുമസ്. സ്‌നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ നല്ല ഓര്‍മ്മകളുടെ കാലം. ക്രിസ്തുമസ് രാത്രികളിൽ കൈ നിറയെ മിഠായികളുമായ് എത്തുന്ന സാന്താക്ലോസ് കാലങ്ങൾക്കിപ്പുറവും കുട്ടിത്തം വിടാത്തവരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. ക്രിസ്തുമസ് കുട്ടികൾക്ക് സമ്മാനങ്ങളും സാന്താക്ലോസുമാണ്.
കൂടെയുള്ളവർ ഒറ്റുകാരാണെന്നറിഞ്ഞിട്ടും സ്നേഹത്തിൽ അടിയുറച്ച് വിശ്വസിച്ച് പാപികളോട് പൊറുത്ത ദൈവ പുത്രൻ ലോകത്തിൻ്റെ മാതൃകയാണ്. ഇന്ന് ജാതി മത ഭേദമന്യേ എല്ലാ വിഭാഗങ്ങളും ക്രിസ്തുമസ് ആലോഷങ്ങളിൽ പങ്കെടുക്കുന്നത് ഒരു നല്ല സ്നേഹക്കാഴ്ചയാണ്. ഈ സ്നേഹവും സാഹോദര്യവും സഹിഷ്ണുതയും എന്നും നിലനിൽക്കട്ടെ. .എല്ലാവർക്കും നന്മയും ക്ഷേമവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ നേരുന്നു. ( *ആശംസാ ചിത്രം വരച്ചത് എൻ്റെ കൊച്ചുമകൻ ജിഷ്ണു* ) . സ്നേഹത്തോടെ . പ്രൊഫ ജി ബാലചന്ദ്രൻ