ചെങ്കിസ്ഖാന്റെ പേരു കേട്ടാൽ പതിനൊന്നും പന്ത്രണ്ടും നുറ്റാണ്ടുകളിൽ രാജ്യങ്ങൾ കിടിലം കൊണ്ടിരുന്നു. മംഗോളിയയിൽ 1167-ൽ ജനിച്ച തെമുജീനാണ് പില്ക്കാലത്ത് ചെങ്കിസ് ഖാനായത്. ഉരുക്കിന്റെ പോരാട്ടവീര്യവും കരിങ്കല്ലിന്റെ ഹൃദയവും അമ്പരിപ്പിക്കുന്ന യുദ്ധതന്ത്രവും കൊണ്ട് ചെങ്കിസ്ഖാൻ പടയോട്ടം നടത്തി. ആ മംഗോൾ ഗോത്രാധിപൻ ലോകത്തിന്റെ പകുതി ഭാഗവും തന്റെ ചുവട്ടടിയിലാക്കി. ദയാരാഹിത്യവും ക്ഷീണിക്കാത്ത വീര്യവും അടങ്ങാത്ത വിജയ ലക്ഷ്യവുമായിരുന്നു ചെങ്കിസ്ഖാന്റെ മുഖമുദ്ര. മംഗോളിയയിൽ നിന്നാരംഭിച്ച ജയ ഘോഷയാത്ര യൂറോപ്പിലോളം ചെന്നെത്തി.നാലു തലമുറകളാണ് അടക്കിവാണത്. മംഗോൾ ഗോത്രങ്ങൾ തമ്മിൽ നിരന്തര യുദ്ധത്തിലായിരുന്നു. ചെങ്കിസ്ഖാന് ഒൻപതുവായസ്സായപ്പോൾ തന്റെ പിതാവിനെ ശത്രു ഗോത്രക്കാരായ മെർക്കിത്തുകൾ വിഷം കൊടുത്തു കൊന്നു. ഗോത്രം ചിതറിപ്പോയി. അമ്മ ഹോലൂണുമായി മക്കൾ പലായനം ചെയ്തു. ഒളിവു ജീവിത കാലത്ത് എലികളേയും ….. കുരങ്ങുകളേയും ചുട്ടുതിന്നാണ് ജീവൻ നിലനിർത്തിയത്.
മംഗോൾ ഗോത്രങ്ങൾ പരസ്പരം പോരടിക്കുന്ന കാലം. ഒളിവു ജീവിതത്തിലെ കഠിന പരീക്ഷണങ്ങൾ ചെങ്കിസ്ഖാനെ കരുത്തനും ഹൃദയ ശുന്യനും പ്രതികാര ദാഹിയുമായി വളർത്തി. പാരമ്പര്യം വീണ്ടെടുക്കാനുള്ള പ്രേരണ അമ്മ നല്കിപ്പോന്നു. ഒരിക്കൽ താൻ ചൂണ്ടയിൽ കോർത്ത ചെറുമീൻ കടന്നെടുത്ത ബാലനെ ചെങ്കിസ്ഖാൻ കൊന്നു കളഞ്ഞു.
ബന്ധു ബലത്തിനായി ബോർത്തിയുമായി വിവാഹം നടത്തി. ആൾബലം നേടിയ ചെങ്കിസ്ഖാനെ കിയാത്ത് ഗോത്ര നായകനായി തെരഞ്ഞെടുത്തു. വലിയ ഒരു പടയൊരുക്കം നടത്തി. വിഭക്തമായി വിഘടിച്ചു നിന്ന മംഗോൾ ഗോത്രങ്ങളെ തന്റെ വരുതിക്കുള്ളിലാക്കി. ചെങ്കിസ്ഖാൻ എന്ന വാക്കിനർത്ഥം ചക്രവർത്തിമാരുടെ ചക്രവർത്തി — സമുദ്രജേതാവ് എന്നാണ്. അച്ചടക്കമുളള ഒരു സൈന്യത്തെ അദ്ദേഹം വാർത്തെടുത്തു. സംഘടിപ്പിച്ച സൈന്യത്തെ മരണ ഭീതിയിൽ നിർത്തി. കൊളളയും കൊലയും കൊള്ളിവയ്പ്പുമായി അയൽ നാടുകൾ കീഴടക്കി. ആ മഞ്ഞപ്പടയ്ക്കു മുന്നിൽ എല്ലാ ഗോത്രങ്ങളും തകർന്നടിഞ്ഞു. ചെങ്കിസ്ഖാൻ ചൈനയിലെ സിസിയാ ക്വീൻ, നാച്യൂങ്ങ് എന്നീ രാജവംശങ്ങളേ ഉന്മൂലനം ചെയ്തു. അഞ്ചുവർഷത്തെ യുദ്ധം കൊണ്ട് ഖാൻ ചൈനയെ തകർത്തു. ബെയ്ജിംഗ് പിടിച്ചടക്കി. ഇസ്ലാമിക ഭരണാധികാരിയായ മുഹമ്മദിനെ വധിച്ചു. വിശാലമായ ഒരു ഏഷ്യൻ സാമ്രാജ്യം സ്ഥാപിച്ച് എതിരാളികളെ ഇല്ലാതാക്കി. ചൈനയിലെ ഗോത്രങ്ങൾ സംയുക്തമായി നടത്തിയ മുന്നേറ്റത്തെ നേരിട്ടപ്പോഴാണ് കുതിരപ്പുറത്തു നിന്നു വീണ് ചെങ്കിസ്ഖാന് പരിക്കു പറ്റിയത്. കുറേക്കഴിഞ്ഞ് മരണത്തിലേക്കു പതിച്ചു. ചെങ്കിസ്ഖാന് ഏഴ് ആൺ മക്കളുണ്ടായിരുന്നു. മക്കൾ ഐക്യത്തോടെ പല ദേശങ്ങൾ കീഴടക്കാൻ തുടങ്ങി. പാരമ്പര്യ വീര്യവും ശൗര്യവും അവർക്കുണ്ടായിരുന്നു. പുത്രന്മാരും പൗത്രന്മാരും വലിയ യുദ്ധസന്നാഹങ്ങളുമായി സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ശാന്ത സമുദ്രം മുതൽ കരിങ്കടൽ വരെയുള്ള സാമ്രാജ്യമായിരുന്നു അവരുടേത്. പിടിച്ചടക്കിയ രാജ്യങ്ങളിലൊക്കെ ജല വിതരണ സമ്പ്രദായവും – ഭരണ വ്യവസ്ഥകളും തകിടം മറിച്ചു. ചെറുമകൻ കുബ്ലൈ ഖാനായിരുന്നു വീരശൂര പരാക്രമി. കുബ്ലൈയുടെ സഹോദരൻ ബാഗ്ദാദ് പിടിച്ചടക്കി.
ചെങ്കിസ്ഖാൻ യുദ്ധത്തിനു വേണ്ടി വെട്ടിത്തുറന്ന പാതയിലൂടെയാണ് പില്ക്കാലത്ത് യൂറോപ്യന്മാർ ഏഷ്യയിലേക്കു വന്നത്. ചൈനയിലെ വെടിമരുന്നും മഹത്തായ സംസ്കാരവും ഖാൻമാർ വഴി യൂറോപ്പിലെത്തി. മറ്റൊരു മാരണ രോഗം കുടി മംഗോൾ സൈനികരിലൂടെ യൂറോപ്പിൽ പടർന്നു. പ്ലേഗ് യൂറേഷ്യൻ ജനതയുടെ മൂന്നിലൊന്ന് പേരുടെ മരണത്തിൽ കലാശിച്ചു. ചെങ്കിസ്ഖാനു ശേഷം സാമ്രാജ്യത്വ വാഴ്ചയിലേക്കു വഴിമാറി.
ഒരു കാലഘട്ടത്തെ നടുക്കിയ ചെങ്കിസ് ഖാന്റെ പോരാട്ട വീര്യവും ക്രൂരതയും ചരിത്രത്തിൽ ഇന്നും ഉൾക്കിടലമുണ്ടാക്കുന്നതാണ്.
പ്രൊഫ. ജി. ബാലചന്ദ്രൻ