അഞ്ച് വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് കർണ്ണാടകയിൽ കോൺഗ്രസ്സ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജയിച്ചയുടനെ ആ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള നടപടികളും ആരംഭിച്ചു.
സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ബി.ജെ.പിയുടെ കൈയ്യിൽ നിന്ന് ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞു. അതിനുതകിയ പ്രവർത്തനവും ആസൂത്രണവും അടിതൊട്ടു മുടിവരെ കേന്ദ്രീകരിച്ചപ്പോൾ കോൺഗ്രസ്സ് വിജയശ്രീലാളിതരായി.. സിദ്ധരാമയ്യ ജനകീയനാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം പ്രഖ്യാപിച്ചു: ‘മുഖ്യമന്ത്രിയുടെ യാത്രയ്ക്കു വേണ്ടി വഴി തടയുകയോ ഗതാഗതം മുടക്കുകയോ ചെയ്യരുത് ‘. കേരളത്തിലെ മുഖ്യമന്ത്രി പത്തു കാറുകളുടെ അകമ്പടിയോടെ വഴികളെല്ലാം അടച്ച് യാത്ര ചെയ്യുന്നതു കാണുമ്പോഴാണ് കർണ്ണാടക മുഖ്യമന്ത്രിയുടെ ഈ നടപടി. കർണ്ണാടകയിലെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളിലെ ഒട്ടുമിക്ക നേതാക്കളും പങ്കെടുത്തു. അത് വിശാലമായ ഒരു പ്രതിപക്ഷ ഐക്യത്തിനു വഴിമരുന്നിട്ടു.
ഭരണ വിരുദ്ധ വികാരവും അഴിമതിയും കമ്മീഷൻ രീതിയും ന്യൂനപക്ഷ ഏകീകരണവും വോട്ടാക്കി മാറ്റാൻ കർണ്ണാടകയിലെ കോൺഗ്രസ്സിനു കഴിഞ്ഞു. സിദ്ധരാമയ്യയും ശിവകുമാറും ഒരേ വീറോടെ കൊടുങ്കാറ്റു പോലെ പ്രവർത്തനത്തിനു ഊർജ്ജം പകർന്നു. പ്രധാനമന്ത്രി മോദി വന്നു റോഡ് ഷോ നടത്തിയിട്ടും കോൺഗ്രസ്സിന്റെ അടിത്തറയിളക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ്സിനു ഇതൊരു അനുഭവ പാഠമായിരിക്കണം.
AlCC യുടെ പ്രവർത്തനം ഏകോപിപ്പിച്ച് എല്ലാവരേയും കോർത്തിണക്കാനുമുള്ള പരിപാടികൾ ആവിഷ്ക്കരിക്കണം. പ്രവർത്തനശേഷിയും വാക്‌ധോരണിയും ഉള്ളവരെ വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണം. രാജസ്ഥാനിൽ ഗെലോട്ടും സച്ചിനും തമ്മിലടി രൂക്ഷമാണ്. കേരളത്തിൽ പല നേതാക്കളും പലസ്വരത്തിലാണ് സംസാരിക്കുന്നത്. കീഴ്ക്കമ്മറ്റികൾ ഇതുവരെ പുന:സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സമരങ്ങളെല്ലാം നല്ലതു തന്നെ. ബൂത്ത് – മണ്ഡലം – ബ്ലോക്ക് കമ്മിറ്റികൾ പുന:സംഘടിപ്പിച്ച് പദയാത്രകളോ കോർണർ മീറ്റിംഗുകളോ നടത്തണം. അഴിമതിക്കഥകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം.
പോഷക സംഘടനകളും പുന:സംഘടനയിൽ ഉണ്ടായ അപാകതകൾ പരിഹരിക്കണം.
അടുത്ത ആറു മാസത്തിനുള്ളിൽ ഛത്തീസ്ഗഢ്, രാജസ്ഥാൻ, മിസോറാം ജമ്മു കാശ്മീർ,തെലുങ്കാന എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുകയാണ്. CPIM കർണ്ണാടകയിൽ നാലിടത്തു മത്സരിച്ചെങ്കിലും ആയിരത്തിൽ താഴെ വോട്ടുകളേ പിടിക്കാൻ കഴിഞ്ഞുള്ളൂ.. വോട്ടുകൾ ഭിന്നിപ്പിക്കാനേ അവർക്കായുള്ളൂ. അടുത്ത ഒരു വർഷത്തിനുള്ളിൽ ലോക് സഭാ തെരഞ്ഞെടുപ്പു നടക്കാൻ പോകുകയാണ്. അതിന് പാർട്ടിയെ സജ്ജമാക്കണം. ഒത്തിരി മുന്നൊരുക്കങ്ങൾ ചെയ്യാനുണ്ട്. ജയിക്കാൻ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കണം. ഹിന്ദുത്വ അജന്റ കർണ്ണാടകയിൽ ചിലവായില്ല. മതേതര ജനാധിപത്യ ചേരികളുടെ ഐക്യം കെട്ടിപ്പടുത്ത് മുന്നോട്ടു പോയാലെ കോൺഗ്രസ്സിനു പിടിച്ചു നില്ക്കാനാവുകയുള്ളു. കോൺഗ്രസ്സാണ് ഇന്ത്യയുടെ ജീവനാഡി. കോൺഗ്രസ്സ് ക്ഷയിച്ചാൽ മതേതരത്വത്തിനും ബഹുസ്വരതയ്ക്കും കോട്ടമുണ്ടാകും. അതുകൊണ്ട് കോൺഗ്രസ്സിലെ പുഴുക്കുത്തുകൾ പരിഹരിച്ച് മുന്നോട്ടു പോകണം.
എട്ടു വർഷത്തിന് മുമ്പ് കേന്ദ്രം നോട്ടുകൾ പിൻവലിച്ച ദുരന്തങ്ങൾ ചില്ലറയല്ല. ഇപ്പോഴിതാ 2000 രൂപ നോട്ടുകൾ പിൻവലിച്ചിരിക്കുന്നു. ഇത്തരം തുഗ്ലക്ക് നയം ഒരു രാജ്യത്തിനും ഭൂഷണമല്ല..
പ്രൊഫ.ജി.ബാലചന്ദ്രൻ.