ഇന്ന് മമ്മൂട്ടിയുടെ ജന്മദിനമാണ്. കൈരളിയുടെ നടന വിസ്മയത്തിന് ഹൃദയപൂർവ്വമായ ഭാവുകങ്ങൾ. മലയാള സിനിമയെ ലോകത്തിൻ്റെ നെറുകെയിലെത്തിച്ച അഭിനയ ചക്രവർത്തി. സർവ്വോപരി ഒരു ചന്തിരൂർകാരൻ. ഒരിക്കൽ ഒരു സർഗ വിരുന്നിനിടെ മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യം ഞാന്‍ ചോദിച്ചു: ചിരിച്ചു കൊണ്ടാണ് അതിന് മറുപടി പറഞ്ഞത്: ഖദറിട്ടാൽ മാത്രം പോര, മനസ്സു നന്നാവണം! ഞാനാകെ ചമ്മിപ്പോയി. നിത്യഹരിത നായകനെക്കുറിച്ച് പറയുമ്പോഴെല്ലാം എൻ്റെ മനസ്സിൽ ഓടിയെത്തുക ഉദയാ സ്റ്റുഡിയോയും ശാരംഗപാണിയുമാണ്. അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും രചിച്ച തീരം തേടുന്ന തിരയിൽ പ്രേംനസീറിനൊപ്പം മമ്മൂട്ടിയും അഭിനയിച്ചിരുന്നു. അന്നത്തെ പ്രതിഫലം പതിനായിരം രൂപയായിരുന്നുവെത്രെ! ഉദയാ സ്റ്റുഡിയോയുടെ ജീവ നാഡിയായിരുന്നു ശാരംഗപാണി. രണ്ടേകാൽ രൂപ ഫീസു കൊടുക്കാനില്ലാത്തതു കൊണ്ട് അഞ്ചാം ക്ലാസിൽ വെച്ച് പഠനം നിർത്തി, തയ്യൽക്കാരനായി. പക്ഷെ പച്ച പിടിച്ചില്ല. അപ്പോഴാണ് കുഞ്ചാക്കോ ഉദയായിലേക്ക് തയ്യൽക്കാരൻ്റെ റോളിൽ 90 രൂപ മാസ വേതനത്തില്‍ ശാരംഗപാണിയെ വിളിക്കുന്നത്. തയ്യൽക്കാരൻ്റെ വേഷത്തിൽ നിന്ന് തിരക്കഥാകൃത്തിലേക്കുള്ള ശാരംഗപാണിയുടെ കുതിപ്പ് ശര വേഗത്തിലായിരുന്നു. എന്നോട് ഒരു അനുജനോടുള്ള വാത്സല്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്റ്റുഡിയോടെ അകത്ത് സജ്ജീകരിച്ച മലയും, പുഴയും, കൊട്ടാരവും എല്ലാം ഏറെ ആവേശത്തോടെ ചേട്ടനോടൊപ്പം നടന്നു കണ്ടിട്ടുണ്ട്. ഒരിക്കൽ ശാരംഗപാണിച്ചേട്ടൻ പറഞ്ഞു തുടങ്ങി: കുഞ്ഞേ, സിനിമ സകല കലാമേളയാണ് ഇതിൽ എല്ലാമുണ്ട്. പ്രേമവും, പാട്ടും , നൃത്തവും, ചിരിയും, കള്ളും, പെണ്ണും, വഞ്ചനയും, ഒറ്റും എല്ലാം. ഇതിലൊന്നും കുഞ്ഞ് വന്ന് ചാടരുത്. ഒരിക്കൽ കുഞ്ചാക്കോയോട് ചേട്ടൻ വേതനം കൂട്ടി ചോദിച്ചു. 100 രൂപയ്ക്ക് തിരക്കഥയെഴുതുന്ന തയ്യൽക്കാരെ വേറെ കിട്ടാനുണ്ടോ എന്ന് ഞാൻ നോക്കട്ടേയെന്നാണ് കുഞ്ചാക്കോ പറഞ്ഞത്. അത് വല്ലാതെ വേദനിപ്പിച്ചതായ് അദ്ദേഹം പറഞ്ഞിരുന്നു. ഉമ്മ എന്ന സിനിമയ്ക്ക് ശാരംഗപണി രചിച്ച സംഭാഷണം സൂപ്പറായി. പണമൊന്നുമില്ലെങ്കിലും സിനിമ ഒരു ഗമയാണെന്നാണ് ചേട്ടൻ പറഞ്ഞത്. “കഥ , തിരക്കഥ , സംഭാഷണം ശാരംഗപാണി” എന്ന് അഭ്രപാളികളിൽ തെളിയുമ്പോൾ അദ്ദേഹം ഉള്ളു തുറന്ന് ചിരിച്ചു. അതേ! കലാകാരൻ്റെ സമ്പാദ്യം ആത്മനിർവൃതി തന്നെയാണ്. ഉദയാ സ്റ്റുഡിയോയുടെ ഉദയാസ്തമയത്തെപറ്റി – എൻ്റെ ആത്മകഥ “ഇന്നലെയുടെ തീരത്തിൽ” കുറിച്ചിട്ടുണ്ട്.
പ്രൊഫ ജി ബാലചന്ദ്രൻ