1948 ജനുവരി 30 … മഹാത്മജിയുടെ ഇഹലോക ജീവിതത്തിലെ അവസാന ദിനം! പതിവു പോലെ സൂര്യോദയത്തിന് മുമ്പ് ഗാന്ധിജി ഉണർന്നു. ഗീതാപാരായണവും പ്രാർത്ഥനയും പൂർത്തിയാക്കി .. തുടർന്ന് തനിക്ക് വന്ന എഴുത്തുകുത്തുകൾക്ക് മറുപടി തയ്യാറാക്കുന്ന തിരക്കിലായി.. അപ്പോൾ ശിഷ്യരിൽ ഒരാൾ ഒരു കത്ത് ഗാന്ധിജിക്ക് എത്തിച്ചു കൊടുത്തു. തുറന്ന് നോക്കിയപ്പോൾ അദ്ദേഹം ഏറെ വിഷണ്ണനായി ! . കത്തിലെ ഉള്ളടക്കം ഇതായിരുന്നു ….. ” നെഹ്രു മന്ത്രിസഭയിൽ നിന്ന് രാജി വച്ചിരിക്കുന്നു എന്ന സർദാർ വല്ലഭായി പട്ടേൽ എഴുതിയ രാജിക്കത്തിൻ്റെ പകർപ്പ് .. രാജി തീരുമാനം അറിഞ്ഞ വൈസ്രോയി മൌണ്ട് ബാറ്റൺ ഗാന്ധിജിയെ കാണാൻ ബിർളാഹൗസിൽ എത്തി . നെഹ്‌റുവും പട്ടേലുമായി അനുരഞ്ജന ചർച്ച നടത്താൻ ഗാന്ധി മൗണ്ട് ബാറ്റനെ ഏൽപ്പിച്ചെങ്കിലും , പട്ടേലിനെ അനുനയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല .അതിന് മഹാത്മാവിനേ കഴിയൂ എന്നായിരുന്നു വൈസ്രോയിയുടെ പക്ഷം. ഗാന്ധി തന്റെ ഒരു അനുയായിയെ നെഹ്‌റുവിൻ്റെയും പട്ടേലിന്റെയും അടുത്തേക്ക് അയച്ച് അവരോട് 3 മണിക്ക് തന്നെ വന്ന് കാണാൻ ആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കൃത്യം 3 മണിക്ക് തന്നെ ഗാന്ധിജിയുടെ അടുത്തെത്തി.. നെഹ്രുവും പട്ടേലും ആശയപരമായി ഭിന്നരാണെന്ന് ബോധ്യപ്പെട്ടു. അനുനയ ശ്രമങ്ങൾ ഏറെ നടത്തിയിട്ടും പട്ടേൽ തൻ്റെ നിലപാടുകളിൽ നിന്ന് അയഞ്ഞില്ല..ചർച്ചയുടെ ഇടയ്ക്കെല്ലാം ഗാന്ധി ചർക്ക കൊണ്ട് നൂൽ നൂറ്റു. ..ചർച്ച നീണ്ടു പോയി. മഹാത്മജിക്ക് തൻ്റെ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാനുള്ള സമയമായി. മണി 0510 ആയപ്പോൾ ” എന്നെ സ്വതന്ത്രനാക്കൂ.. എനിക്ക് ദൈവ യോഗത്തിനുള്ള സമയമായി ” എന്നു പട്ടേലിനോട് പറഞ്ഞു കൊണ്ട് ഗാന്ധി ഇറങ്ങി..സമയം വൈകിപ്പിച്ചതിൽ മനുവിനോടും , ആഭയോടും ഉള്ള നീരസം ഗാന്ധിജി മറച്ചുവച്ചില്ല.. പ്രാർത്ഥനാ ഹാളിലേക്ക് പോവുമ്പോൾ എന്നും കൂടെയുണ്ടാവാറുള്ള സുശീല നയ്യാർ പെഷവാർ യാത്ര കഴിഞ്ഞ് തിരികെ എത്തിയിരുന്നില്ല .. അംഗരക്ഷകനായിരുന്ന ഡി.ഐ.ജി. മെഹറ അവധിയിലായിരുന്നു. പകരം ചുമതലയുള്ള ആൾ മറ്റൊരു അത്യാവശ പോലീസ് കോൺഫ്രൻസിനും പോയി. മഹാത്മാവ് പ്രസംഗപീഠത്തിലേക്ക് നടന്നു….ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു യുവാവ് ” നമസ്തെ ഗാന്ധിജി എന്നു പറഞ്ഞ് മുന്നോട്ടു കുതിച്ചു. മനുവിനെ തള്ളി മാറ്റി. ഉന്നം പിഴയ്ക്കാതെ അയാൾ വെടി ഉതിർത്തു.. 3 തവണ … മഹാത്മാവിൻ്റെ ഹൃദയത്തിലേക്ക് .. അല്ല , ഇന്ത്യയുടെ ഹൃദയത്തിലേക്ക് … ഹേ …. റാം… എന്ന പ്രാർത്ഥനയോടെ ആ യുഗപുരുഷൻ കണ്ണടച്ചു..1948 ജനുവരി 30, വൈകിട്ട് 05:17 ന്
പ്രൊഫ ജി ബാലചന്ദ്രൻ