ഗാന്ധിജിയുടെ പരീക്ഷണശാല : 21 വർഷം ദക്ഷിണാഫ്രിക്കയിൽ

ഇംഗ്ലണ്ടിൽ നിന്ന് ബാരിസ്റ്റർ പരീക്ഷ പാസ്സായി ഇന്ത്യയിലെത്തിയ മോഹൻ ദാസിന് വലിയ സ്വപ്നങ്ങളായിരുന്നു. പക്ഷേ തിക്താനുഭവങ്ങൾ മൂലം എന്തെങ്കിലും ഗുമസ്തപ്പണിയോ അദ്ധ്യാപക ജോലിയോ തരപ്പെടുമോ എന്നന്വേഷിച്ചു. നിരാശ തന്നെ ഫലം.

ഈയവസരത്തിലാണ് തെക്കേ ആഫ്രിക്കയിൽ നിന്ന് സേഠ് അബ്ദുൽ കരീം ത്സാവരി എന്ന മുസ്ലിം വ്യാപാര പ്രമുഖന്റെ കമ്പി സന്ദേശം കിട്ടിയത്. സേഠ് മറ്റൊരു വ്യാപാരിയുമായി കൊടുക്കൽ വാങ്ങൽ വ്യവഹാരമുണ്ടായി. സേഠിന്റെ വക്കീൽ പറഞ്ഞു: നിങ്ങൾ ഗുജറാത്തുകാർ ഗുജറാത്തി- ഉറുദു ഭാഷകളിലാണ് എഴുത്തുകുത്തുകൾ നടത്തുന്നത്. അത് ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു കിട്ടിയാലേ കേസ് മുന്നോട്ടു പോകൂ. അതനുസരിച്ച് ഗുജറാത്തിലുള്ള കേസ് കെട്ട് ഇംഗ്ലീഷിലാക്കാനാണ് മോഹൻ ദാസിനെ നിയോഗിച്ചത്. ഇന്ത്യയിൽ ഒരു ജോലിയും കിട്ടാത്തതു കൊണ്ട് ഗതികെട്ട് തന്റെ രണ്ടു മക്കളെയും ഭാര്യയേയും ജ്യേഷ്ഠന്റെ സംരക്ഷണയിൽ വിട്ടിട്ട് ദക്ഷിണാഫ്രിക്കയ്ക്ക് കപ്പൽ കയറി. പ്രതിമാസം നൂറ്റിയഞ്ചു പൗണ്ട് ശമ്പളവും ആഹാരവും താമസവും, വരാനും പോകാനുമുള്ള ചെലവും കമ്പനി വാഗ്ദാനം ചെയ്തു. സേഠിനു മറ്റൊരു വ്യവസായ സ്ഥാപനം 40000 പൗണ്ട് കൊടുക്കാനുള്ള കേസിന്റെ പേപ്പർ ഇംഗ്ലീഷിലാക്കി ഇംഗ്ലീഷുകാരനായ അഭിഭാഷകന് കൊടുക്കണം. കോടതിയിൽ എല്ലാവരേയും പരിചയപ്പെടുത്തുന്നതിനിടയിൽ വെള്ളക്കാരനായ മജിസ്ട്രേറ്റ് കോപാകുലനായി മോഹൻ ദാസിന്റെ തലപ്പാവ് ഊരാൻ ആജ്ഞാപിച്ചു.

ഒരു പക്ഷെ ഈ അവഹേളനമായിരിക്കാം പിൽക്കാലത്ത് അവരെ മുട്ടുകുത്തിക്കാൻ അദ്ദേഹത്തിനു ആത്മ ചൈതന്യം നല്കിയത്. ഇതേക്കുറിച്ച് അദ്ദേഹം ലേഖനമെഴുതി. അതോടുകൂടി മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന കൊച്ചു മനുഷ്യൻ തെക്കേ ആഫ്രിക്കയിലുണ്ടെന്ന് ലോകം അറിഞ്ഞു. ആ തലപ്പാവ് പ്രശ്നമായിരുന്നു തെക്കേ ആഫ്രിക്കയിലെ വിപ്ലവത്തിനു തുടക്കം.

ഇന്ത്യൻ കുലികൾക്ക് ഒന്നും രണ്ടും ക്ലാസ്സുകളിൽ ട്രെയിൻ യാത്രയ്ക്കു അനുവാദമില്ലായിരുന്നു. ഒന്നാം ക്ലാസ്സ് ടിക്കറ്റെടുത്ത് ദർബാനിൽ നിന്ന് യാത്ര ചെയ്ത ഗാന്ധിയെ അവിടെ നിന്നും ഇറക്കിവിട്ടു. മൂന്നാം ക്ലാസ്സിലോ ചരക്കു വാഹനത്തിലോ കയറണമെന്ന് കല്പിച്ചു. അതിനെ ചോദ്യം ചെയ്ത ഗാന്ധിയെ അവിടെ നിന്നും ഇറക്കിവിട്ടു. അതിനെ ചോദ്യം ചെയ്ത ഗാന്ധിയെ ട്രെയിനിൽ നിന്ന് തള്ളിയിറക്കി. തണുത്തു വിറങ്ങലിച്ച രാത്രി. മണ്ണിന്റെ മക്കളായ നീഗ്രോകളെ മൃഗങ്ങളെപ്പോലെ കണക്കാക്കിയ വെള്ളക്കാരുടെ വർണ്ണ വെറിയോട് ഗാന്ധിക്ക് അമർഷവും വിരോധവും ജ്വലിച്ചുയർന്നു. ഒരു ബാരിസ്റ്ററായിട്ടു പോലും നിന്ദ്യമായ അനുഭവങ്ങൾ ഗാന്ധിയെ നോവിച്ചു. ഒരിക്കലല്ല പല പ്രാവശ്യം. ഒരു ഹോട്ടലിലും ഇന്ത്യക്കാരനു പ്രവേശനമില്ല. ഇംഗ്ലീഷുകാർ ആഹാരം കഴിക്കുന്ന പൊതു മേശയിലും ഇരിക്കാൻ ഗാന്ധിയെ അനുവദിച്ചില്ല.

തെക്കേ ആഫ്രിക്കയിലേക്ക് ഇന്ത്യക്കാർ കുടിയേറിയതിന് ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. വൻതോതിൽ കുടിയേറ്റമുണ്ടായത് 1860 ലാണ്. ഭൂവുടമകൾ സൂളു താഴ്‌വരയിൽ വൻതോതിൽ കരിമ്പുകൃഷിയും ഓറഞ്ച് കൃഷിയും നടത്തി വൻ ലാഭമുണ്ടാക്കി. അതിനാണ് അടിമവേലയ്ക്കു ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്തത്. അഞ്ചു വർഷത്തെ ഉടമ്പടി കഴിഞ്ഞവർ അവിടെത്തന്നെ കൂടി. അങ്ങനെ ആയിരക്കണക്കിനാളുകൾ കുടിയേറ്റക്കാരായി, സ്ഥിരതാമസമാക്കി. അവരുടെ പൗരത്വത്തിനെതിരെ ഇംഗ്ലീഷുകാർ തിരിഞ്ഞു. എതിർപ്പുകളുടെ ഫലമായി വെടിവെയ്പ്പ് പോലുമുണ്ടായി. അവിടെയെത്തിയ ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സംഘടിച്ചു.

ഇന്ത്യക്കാർ കുളിക്കത്തും നനയ്ക്കത്തുമില്ല; അവരുടെ ശുചിത്വമില്ലായ്മയാണ് ഇംഗ്ലീഷുകാരുടെ വെറുപ്പിനു പ്രധാന കാരണം. കൂലി വെട്ടിക്കുറച്ചു. നികുതികൂട്ടി. അതിനെതിരെ ഗാന്ധി പ്രതികരിച്ചു. ഒരു വർഷത്തേക്കായിരുന്നു ഗാന്ധിയുടെ സേഠുവുമായുള്ള കരാർ. ഇതിനകം കേസിൽ ഉൾപ്പെട്ട ഇരു കക്ഷികളേയും വിളിച്ച് കോടതിക്കു വെളിയിൽ കേസ് ഒത്തുതീർപ്പാക്കി. അതു മൂലം കാല താമസവും അനാവശ്യച്ചെലവും ലാഭിക്കാൻ കഴിഞ്ഞു. തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ ഗാന്ധിയ്ക്കു വമ്പിച്ച യത്രയപ്പു നല്കിയ വേളയിൽ യാദൃച്ഛികമായി ഒരു പത്രത്തിന്റെ ഒരു കോണിലുള്ള കൊച്ചു വാർത്ത ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടു. ഇതിനകം നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് രൂപീകരിച്ചിരുന്നു. മുനിസിപ്പൽ – കോർപ്പറേഷനിലുള്ള വോട്ടവകാശം റദ്ദു ചെയ്ക്കാനുള്ള ബില്ല് കൊണ്ടു വരുന്ന വാർത്ത കണ്ടു. അതിനു മുൻപ് വരെ അവിടുത്തെ ഇന്ത്യാക്കാർ പത്രം വായിച്ചിരുന്നത് കമ്പോള നിലവാരം അറിയാൻ വേണ്ടിമാത്രമായിരുന്നു. അതറിഞ്ഞു ജനങ്ങൾ പ്രക്ഷുബ്ദ്ധരായി. ഇതിനെതിരെ നേതൃത്വം നല്ക്കാൻ ഗാന്ധി ആ നാട്ടിൽ തന്നെ വേണമെന്നും അതിനു എത്ര പണം ചെലവായാലും തങ്ങൾ സംഭരിച്ചു നല്കാമെന്നു അവർ ഒന്നടങ്കം പ്രഖ്യാപിച്ചു. മുസ്ലിംങ്ങളാണ് തിർപ്പിന്റെ മുൻപന്തിയിൽ നിന്നത്. ക്രിസ്ത്യാനികളും ആഗ്ലോ ഇൻഡ്യാക്കാർ മൃദു സമീപനമാണ് ഇംഗ്ലീഷുകാരോട് പുലർത്തിയിരുന്നത്. അവരെക്കൂടി അനുനയിപ്പിച്ച് നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്സിൽ ചേർത്തു. ഗാന്ധിയിൽ അഭിഭാഷകന്റെ വേഷവും ബുദ്ധിയും ജ്വലിച്ചുയർന്നു.

കറുത്ത ശരീരമുള്ളവരെ വെള്ളക്കാർ ക്രൂരമായി മർദ്ദിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത കാലം. പ്രശ്നാധിഷ്ഠിതമായി ഗാന്ധി ഓരോന്നിലും ഇടപെടുകയും ലേഖനമെഴുതുകയും ചെയ്തപ്പോൾ ഇംഗ്ലീഷുകാരായ പലർക്കും സഹാനുഭൂതിയുണ്ടായി. ഒരു കരാർത്തൊഴിലാളിക്കു വേണ്ടി ഒരു ബ്രിട്ടീഷുകാരനെ ശിക്ഷിപ്പിക്കാൻ ഗാന്ധിയുടെ ഇടപെടലുകൾ കൊണ്ടു കഴിഞ്ഞു. ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു അത്. ഇന്ത്യാക്കാരുടെ ക്ഷമാശീലമാണ് ബ്രിട്ടൻ ഭയപ്പെടുന്ന ഏറ്റവും വലിയ ആയുധം എന്ന സത്യം ഗാന്ധി മനസ്സിലാക്കി.

ഗാന്ധി ദക്ഷിണാഫ്രിക്കയിലെ കോടതിയിൽ വക്കീലാകാൻ അപേക്ഷ കൊടുത്തു ഹൈക്കോടതിയിൽ പ്രാക്ടിസ് നടത്തുമ്പോൾ തലപ്പാവ് ഊരണമെന്നാണ് മജിസ്ട്രേറ്റ് സൗമ്യമായി നിർദ്ദേശിച്ചപ്പോൾ തലപ്പാവ് ഊരിക്കൊണ്ടാണ് തന്റെ സമരയാത്ര തുടർന്നത്.

നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്സിന്റെ പ്രവർത്തനത്തിന് ഒരു രൂപരേഖയുണ്ടാക്കി. പ്രവർത്തന ഫണ്ട് സംഭരിക്കുന്നതിനും അതു കൈകാര്യം ചെയ്യുന്നതിനും പ്രത്യേക വ്യവസ്ഥ വച്ചു. സേഠിന്റെ വിശാലമായ മുറി സംഘടനയുടെ പ്രവർത്തന കേന്ദ്രമായി. വിഭക്തമായി വിഘടിച്ചു നിന്ന ഹിന്ദു മുസ്ലിം ക്രിസ്ത്യൻ, പാർസി, സിക്ക്,മദ്രാസി, മറാത്തി എന്നിവരെല്ലാം ഭാരതമക്കളാണെന്ന് ഗാന്ധി ഉദ്ബോധിപ്പിച്ചു. അങ്ങനെ അവരിൽ ഐക്യം ഊട്ടി ഉറപ്പിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരവുമായി ദക്ഷിണാഫ്രിക്കൻ ജനതയും വികാരപരമായി യോജിക്കണമെന്ന് ഗാന്ധി അദ്യർത്ഥിച്ചു. ദക്ഷിണാഫ്രിക്കയിലെ ജനങ്ങളുടെ സാംസ്ക്കരികോന്നമനത്തിനു പല പദ്ധതികളും ആവിഷ്ക്കരിച്ചു.

സേഠ് അബ്ദുള്ളയുടെ കേസു കാര്യത്തിന് ഒരു വർഷത്തേക്ക് ദക്ഷിണാഫ്രിക്കയിൽ വന്ന ഗാന്ധി തന്റെ കൂടുംബത്തെപ്പോലും വിസ്മരിച്ചു. ജനങ്ങൾ നേരിടുന്ന വിഷമതകൾ ലേഖനങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചു ഇതിനിടയിൽ ഒരിക്കൽ അദ്ദേഹം ഇന്ത്യയിലെത്തി. പല കാര്യങ്ങളിലും ജാഗരൂകനായി. കുടുംബവുമായി വീണ്ടും തെക്കേ ആഫ്രിക്കയിലേക്കു തിരിച്ചു. 21 വർഷം ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിച്ച(അതൊരു പരീക്ഷണ ശാലയാക്കിയ) ശേഷമാണ് ഗാന്ധി ഇന്ത്യയിലെത്തിയത്.

അതിനകം അദ്ദേഹം മാനസിക ശിക്ഷണവും ശാരീരിക ശിക്ഷണവും നേടിയിരുന്നു.

അതിനു ശേഷം കണ്ടും പഠിച്ചും പ്രവർത്തിച്ചും ജനഹൃദയങ്ങളിൽ ഗാന്ധിജി മഹാത്മാവായി.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക