മഹാത്മാവിൻ്റെ ജന്മസുകൃതവുമായി വീണ്ടും ഗാന്ധിജയന്തി. . ലോകമാകെ സമാധാനത്തിൻ്റെ പ്രഭ ചൊരിഞ്ഞ ഇന്ത്യൻ ഇതിഹാസത്തെ ലോകം ഇന്നും നെഞ്ചേറ്റുന്നത് ഗാന്ധിജിയുടെ പ്രായോഗികതയിലൂന്നിയ പ്രത്യയശാസ്ത്രം കൊണ്ടാണ്. അതു കൊണ്ട് തന്നെയാണ് “ബുദ്ധനു ശേഷം ഇന്ത്യയും യേശുക്രിസ്തുവിനു ശേഷം ലോകവും ജന്മം നൽകിയ ഏറ്റവും വലിയ മഹാത്മാവാണ് ഗാന്ധിജി ” എന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ അമരക്കാരനായ മൗണ്ട്ബാറ്റണ് പറയേണ്ടി വന്നത്. മനുഷ്യമനസാക്ഷിയെ നടുക്കിയ കണ്ടുപിടുത്തങ്ങൾക്ക് നെടുനായകത്വം വഹിച്ച ഐൻസ്റ്റീൻ ഗാന്ധിയോട് ഐക്യെപ്പെട്ടത്
“രക്ത മാംസാദികളോടുകുടിയ ഇങ്ങനെയൊരു മഹാത്മാവ് ഈ ഭുമുഖത്ത് ജീവിച്ചിരുന്നുവെന്ന് വരും കാല തലമുറകൾ കഷ്ടിച്ച് വിശ്വസിച്ചെങ്കിലായി ” എന്നു പറഞ്ഞു കൊണ്ടാണ്.
വിശ്വസാഹിത്യത്തിലെ അഗ്നി നക്ഷത്രമായ ബർണാഡ് ഷാ ഗാന്ധിയെ പറ്റി പറഞ്ഞ വാക്കുകൾ ഓരോ ഭാരതീയനെയും കോരിത്തരിപ്പിക്കും. “ഗാന്ധിജി മഹാത്മാവാണ് , നല്ലവനായിരിക്കുന്നത് എത്ര അപകടകരമാണെന്ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം തെളിയിച്ചിരിക്കുന്നു ” എന്ന് ഷാ പറയുമ്പോൾ ഗാന്ധിയുടെ ഇടനെഞ്ചിലേക്ക് നിറയൊഴിച്ച മതഭ്രാന്തിനെയോർത്ത് നമുക്ക് തല കുനിക്കാം. .
–
മഹാത്മാവ് എന്ന് രവിന്ദ്രനാഥ ടാഗോറും, രാഷ്ട്ര പിതാവ് എന്ന് സുബാഷ് ചന്ദ്രബോസും സംബോധന ചെയ്ത മഹാത്മായുടെ ദർശനങ്ങൾ ഇന്ന് ദേശാതിർത്തികൾ കടന്ന് വിശ്വമാകെ പ്രഭ ചൊരിയുകയാണ്.
ഇന്ത്യയുടെ രാഷ്ട്രീയ നഭസിൽ പുതിയ ഒരു മേഘശകലം പ്രത്യക്ഷപ്പെട്ടു. അത് അതിവേഗത്തിൽ വളർന്ന് ഇന്ത്യൻ നഭോമണ്ഡലത്തെത്തന്നെ പ്രഭാപൂരിതമാക്കി
എന്ന് വിശ്വ ചരിത്രാവലോകനത്തിൽ – നെഹ്റു പറയുന്നുണ്ട്..
ഇരുട്ടിനെ കീറിമുറിച്ച് നമ്മുടെ കണ്ണുകളിൽ നിന്ന് അന്ധകാരത്തിന്റെ പാട പാടെ മാറ്റിയ പ്രകാശവീചി ഗാന്ധിജിയായിരുന്നു. അദ്ദേഹം മുകളിൽ നിന്ന് ഇറങ്ങി വന്നതല്ല. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ നിന്ന് ഉയർന്ന് വന്നു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് പുതിയൊരു ഉള്ളടക്കവും രൂപവും കൈവരിച്ചു എന്ന് നെഹ്രു കൂട്ടിച്ചേർക്കുന്നു. ലോകത്താകമാനമുള്ള സമാധാനത്തിൻ്റെയും വിപ്ലവത്തിൻ്റെയും നേതൃ പരമ്പരകൾക്ക് ഗാന്ധി ഗുരുതുല്യനായിരുന്നു . അതുകൊണ്ടാണ് ഹോച്ചിമിൻ പോലും ഗാന്ധിക്ക് ശിഷ്യപ്പെടുന്നത്.
ശരിയായ മാർഗ്ഗം ഭാരതീയരെ പഠിപ്പിക്കുകയും തെറ്റിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുകയും ചെയ്ത ആ പ്രകാശം ആചന്ദ്രതാരം അസംഖ്യം ഹൃദയങ്ങൾക്ക് ആശ്വാസം ചൊരിയുകയും വെളിച്ചം പകരുകയും ചെയ്യും: .
…….. ……………………………………….
“ജയ് ജവാൻ ജയ് കിസാൻ” എന്ന മഹത്തായ സന്ദേശം ഇന്ത്യക്ക് നൽകിയ ലാൽ ബഹദൂർ ശാസ്രിയുടെ ജന്മദിനം കൂടിയാണ് ഇന്ന് . ഇന്ത്യയെ നവയുഗത്തിലേക്ക് നയിച്ച മഹാരഥർക്ക് പ്രണാമം.
പ്രൊഫ ജി ബാലചന്ദ്രൻ