ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. ദുഃഖശമനത്തിന് പോം വഴി തേടി.
ഡെൽഫിയിൽ ഒരു പ്രവചന കേന്ദ്രമുണ്ട്. ഏതു പ്രശ്നത്തിനും പരിഹാരം തേടി ജനങ്ങൾ അവിടെയാണ് എത്തുന്നത്. രാജാവ് ഉത്ക്കണ്ഠയോടെയും പ്രതീക്ഷയോടെയും അവിടെയെത്തി. കളകൂജനം പോലെയൊരു ശബ്ദം……. അശരീരി. രാജാവ് കാതുകുർപ്പിച്ചു. അശരീരി ഇങ്ങനെയായിരുന്നു. “അങ്ങേയ്ക്കു ഒരു പുത്രനുണ്ടായാൽ അവൻ താങ്കളെ വധിക്കും”. കർണ്ണകഠോരമായിരുന്നു ആ അരുളപ്പാട്. രാജാവ് അതീവ ദുഃഖിതനായി കൊട്ടാരത്തിലെത്തി.ദുഃഖം കൊണ്ട് രാജാവ് മൗനിയും മ്ലാനവദനനുമായി. ജെക്കസ്റ്റ രാജ്ഞി ഇതു ശ്രദ്ധിച്ചു. തനിക്ക് പുത്രനുണ്ടായാൽ അവൻ തന്നെ വധിക്കുമെന്ന പ്രവചനക്കാര്യം രാജ്ഞിയിൽ നിന്നു രാജാവ് മറച്ചു വച്ചു.
ഭാര്യയോടൊത്തു ശയിച്ചാൽ അപകടമായിരുക്കുമെന്നു കരുതിയ രാജാവ് രജ്ഞിയിൽ നിന്ന് അകലം പാലിച്ചു. ജക്കസ്‌റ്റാ രാജ്ഞിയെ കിടപ്പറയിൽ നിന്നു മാറ്റി. കാരണം രാജാവു പറയുന്നുമില്ല. ലായിയൂസിൽ നിന്ന് ഒരു പുത്രൻ പിറക്കാൻ രാജ്ഞി കൊതിച്ചു, പ്രാർത്ഥിച്ചു.
ഒരു ആഘോഷ ദിവസം ജക്കസ്റ്റാ രാജ്ഞി അമിതമായി രാജാവിനു വീഞ്ഞു കൊടുത്തു. ഗാഢ മയക്കത്തിലായ രാജാവുമായി രാജ്ഞി കിടപ്പറയിൽ സഹശയനം നടത്തി. ബോധം മറഞ്ഞ രാജാവ് അതറിഞ്ഞതേയില്ല. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു രാജ്ഞി ഗർഭിണിയായി,പ്രസവിച്ചു. രാജാവിനു ആധിയായി തനിക്കു പിറക്കുന്ന പുത്രൻ തന്നെ വധിക്കുമല്ലോ. രാജ്ഞിയറിയാതെ ശിശുവിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. രാജകുമാരന്റെ കാലുകളിൽ ഇരുമ്പു ചങ്ങല തറച്ച് പലകയുമായി ബന്ധിച്ചു. എന്നിട്ട് ഒരു പെട്ടിയിലാക്കി. വിശ്വസ്തനായ ഒരു അനുചരനോട് ആ പേടകം നദിയിൽ ഒഴുക്കാൻ ശട്ടം കെട്ടി.
അയാൾ അതനുസരിച്ചു. നദിയിൽ കുളിച്ചു കൊണ്ടിരുന്ന കോറിന്ത് രാജ്യത്തിലെ രാജ്ഞി പെരിബിയാ ആ പെട്ടി കണ്ടു. ഓളങ്ങളിൽ പെട്ട് ഒഴുകി വരുന്ന പേടകം എടുത്ത് തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ അതുല്യ കാന്തിയുള്ള ഒരു പൈതൽ. രാജ്ഞി ആ കുഞ്ഞിനെയെടുത്തു,ചുംബിച്ചു. കുട്ടികളില്ലാത്ത കോറിന്ത് റാണിയ്ക്ക് അളവറ്റ ആനന്ദമുണ്ടായി. പോളിബൂസ് രാജാവിനും ആനന്ദത്തിനു അതിരില്ലായിരുന്നു. എല്ലാ സുഖ സൗകര്യങ്ങേളാടെയും സ്നേഹ വാത്സല്യത്തോടെയും രാജ്ഞിയും രാജാവും ആ കുട്ടിയെ വളർത്തി. രാജാകുമാരന്റെ സ്നേഹ സൂചകമായി ഒരു വലിയ വിരുന്നു സൽക്കാരം കൊട്ടാരത്തിലൊരുക്കി. മദ്യസല്ക്കാരമായിരുന്നു മുഖ്യം. വിരുന്നിൽ ഏവരുടേയും ശ്രദ്ധാകേന്ദ്രം രാജകുമാരനായിരുന്നു. കുടിച്ചു ലക്കു കെട്ട ഒരതിഥി രാജകുമാരനെ അനാഥ ബാലനെന്നു പറഞ്ഞു ആക്ഷേപിച്ചു. അത് ആ കുമാരന്റെ മനസ്സിനെ മഥിച്ചു. തന്റെ അച്ഛനമ്മമാർ കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും അല്ലേ? രാജകുമാരന് ഉറക്കം വന്നില്ല. താൻ അനാഥനോ,ദത്തുപുത്രനോ? അയാളുടെ മനസ്സ് ദഹിച്ചു കൊണ്ടിരുന്നു. രാജാവും രാജ്ഞിയും എന്തോ മറച്ചു വയ്ക്കുന്നുണ്ട്. താൻ എല്ലായിടത്തും അപമാനിക്കപ്പെടുന്നു. സത്യമറിയാൻ എന്തുണ്ടു മാർഗ്ഗം?
ഡൽഫിയിൽ പ്രവചന കേന്ദ്രമുണ്ട്. അവിടെയെത്തി സത്യാന്വേഷണം നടത്തി. ക്ഷേത്രത്തിലെ പ്രവാചികയായ പൈത്തനസ് അലറിപ്പറഞ്ഞു. “നീചാ ഈ പരിപാവനമായ സ്ഥലത്തു നിന്നു കടന്നു പോകൂ. “നീ നിന്റെ പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കും ” ക്രൂരമായ ഈ വാക്കുകൾ തീത്തൈലം പോലെ കാതുകളിൽ പതിഞ്ഞു. അയാൾ ഒരു പ്രതിജ്ഞയെടുത്തു. ആ പ്രവചനം ഫലിക്കാതിരിക്കാൻ അയാൾ പോളിബൂസ് രാജാവിനേയും പെരിബയാ രാജ്ഞിയേയും കോറിന്ത് രാജ്യത്തേയും ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ യാത്രയായി. ആ ഹതഭാഗ്യനാണ് ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ ” ഈഡിപ്പസ് “
(തുടരും)
പ്രൊഫ.ജി.ബാലചന്ദ്രൻ