ലോകത്തിനാകെ അത്ഭുതം പകർന്ന് കൊണ്ട് ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രന്റെ നിറുകയിൽ ഉമ്മ വച്ചിരിക്കുന്നു.1700 കി.ഗ്രാം തൂക്കമുള്ള ചന്ദ്രയാൻ 3 ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻ്റിംഗ് നടത്തി. ചന്ദ്രഗർത്തങ്ങളിലെ രഹസ്യങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ലോകം മുഴുവൻ ശ്വാസമടക്കിക്കാണുന്ന സ്പേസ് വിസ്മയം, പ്രത്യേകിച്ച് 140 കോടി ജനങ്ങളുടെ സ്വപ്ന സാഫല്യം, രോമാഞ്ചത്തോടെയാണ് ഓരോ ഇന്ത്യക്കാരനും ചാന്ദ്ര ദൗത്യം വീക്ഷിച്ചത്. ഇനി ചന്ദ്രോത്സവം ആഘോഷിക്കാം. മലയാളിയുടെ മനസ്സിൽ കാവ്യ ഭാവനയുടേയും പ്രണയത്തിന്റേയും ജോത്സ്യത്തിന്റേയും വിസ്മയായിരുന്ന അമ്പിളി അമ്മാവന്റെ അകപ്പൊരുളറിയാനുള്ള അന്വേഷണത്തിലാണ് ISRO. റഷ്യയുടെ ലൂണാ തകർന്നു വീണപ്പോൾ ചന്ദ്രനിൽ ആദ്യം എത്താനുള്ള അവരുടെ സ്വപ്നം അസ്തമിച്ചു. ഇന്ത്യയുടെ അഭിമാനത്തിന്റേയും ആഹ്ലാദത്തിന്റേയും പൂത്തിരി കത്തിച്ചു കൊണ്ടാണ് ചന്ദ്രയാന്റെ പ്രയാണത്തിന്റെ ഓരോ കുതിപ്പും ലോകം ജിജ്ഞാസയോടെ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നു. ശാസ്ത്ര രംഗത്ത് ഇന്ത്യയുടെ യുഗപ്പിറവി ഇനി സൂര്യനിലേക്കാണ് ഉന്നം വയ്ക്കുന്നത്. ചന്ദ്രനിൽ ജലാംശമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇനി അവിടെ ജീവവാസയോഗ്യമാണോ എന്ന് കണ്ടറിയണം. 42 ദിവസം കൊണ്ടാണ് ചന്ദ്രയാൻ 3 ചന്ദ്രനിലെത്തിയത്. ചന്ദ്രയാൻ 4, 5, 6 പുതിയ സത്യങ്ങൾ തേടാൻ സജ്ജമായിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെ ഉള്ളറരഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോഴത്തെ ദൗത്യം. ഇനിയും എത്ര എത്ര അന്യഗ്രഹ രഹസ്യങ്ങൾ ശാസ്ത്ര ബുദ്ധി കൊണ്ട് മനുഷ്യൻ കണ്ടെത്താനിരിക്കുന്നു. ഇപ്പോൾ തന്നെ ചന്ദ്രനിലേക്കു പോകാൻ പലരും ടിക്കറ്റെടുത്ത് കാത്തിരിക്കുകയാണ്. പരുപരുത്ത പാറ മാത്രമല്ല മറ്റു പല മൂലകങ്ങളും കണ്ടെത്താൻ കഴിയുമെന്ന പ്രത്യാശയാണ് ശാസ്ത്രജ്ഞർക്ക്.ക്ഷണനേരം കൊണ്ട് ഗോളാന്തര യാത്രകൾ സാദ്ധ്യമാകും. ഗണപതിയും സുബ്രഹ്മണ്യനും തമ്മിൽ ലോകം ചുറ്റാനുള്ള മത്സരത്തിലേർപ്പെട്ട ഒരു കഥ പുരാണത്തിലുണ്ട്. മിത്തുകൾ സത്യമാവുന്ന ഗോളാന്തര സഞ്ചാരങ്ങൾക്ക് കാത്തിരിക്കാം.
പ്രൊഫ.ജി.ബാലചന്ദ്രൻ
#Chandrayaan3