“ചമയങ്ങളില്ലാതെ കെ.പി. എ.സി. ലളിത യാത്രയായി.”……..

ചമയങ്ങളില്ലാത്ത ‘ലളിത സുന്ദര നടനം’ ബാക്കിയാക്കി കെ.പി.എ.സി. ലളിത യാത്രയായി. കായംകുളം രാമപുരത്ത് കടക്കൽതറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിനാണ് മഹേശ്വരിയമ്മ എന്ന കെ.പി.എ.സി ലളിത ജനിച്ചത് .

“ബലി” എന്ന നാടകത്തിൽ തുടങ്ങിയ ലളിതയെന്ന നടന വിസ്മയം അരങ്ങൊഴിയുമ്പോൾ പ്രേക്ഷക ഹൃദയം തേങ്ങുകയാണ്. അരനൂറ്റാണ്ടുകാലത്തെ സംഭവബഹുലമായ അഭിനയജീവിതത്തിനിടയിൽ ” ഭീഷ്മപർവ്വം” ഉൾപ്പെടെ 550 ലധികം സിനിമകളിലൂടെ ലളിത മലയാളത്തിന്റെ മനസ്സിൽ ഇടം നേടി.

അരങ്ങേറ്റം “കൂട്ടുകുടുംബത്തിലൂടെ” ആയപ്പോൾ തോപ്പിൽ ഭാസി മഹേശ്വരിയമ്മയെ “ലളിത” യാക്കി. “ചക്രവാകവും”, ” നീലക്കണ്ണുകളും” പ്രണയാർദ്രമായപ്പോൾ ലളിതയെ സംവിധായകൻ ഭരതൻ ജീവിത സഖിയാക്കി.

അന്നമ്മയായും ഏലിയാമ്മയായും ഭാരതിയായും, നാരായണിയായും ടീച്ചറായും, കന്യാസ്ത്രീയായും അവർ പ്രേക്ഷക ഹൃദയങ്ങളെ കയ്യിലെടുത്തു. അനായാസ മുഖഭാവങ്ങളും ചടുലചലനങ്ങളും കൂടിയായപ്പോൾ സത്യനും നസീറും മുതൽ മമ്മുട്ടിയും ലാലും വരെയുള്ള മഹാനടൻമാരോടൊപ്പം അവർ അരങ്ങു കീഴടക്കി. ലളിത അനശ്വരമാക്കിയ “മണിച്ചിത്രത്താഴിലെ” ഭാസുരയെയും, “വിയറ്റ്നാംകോളനിയിലെ” പട്ടാളം മാധവിയേയും, “ഗോഡ്ഫാദറിലെ” കൊച്ചമ്മിണിയെയും കേരളക്കര ഓർത്തോർത്ത് ചിരിക്കും

വാത്സല്യത്തിൻ്റെ അമ്മയും , പൂന്തിങ്കളാകുന്ന ഭാര്യയും, പോരടിക്കുന്ന അമ്മായിഅമ്മയുമായി ലളിത സിനിമാ പ്രേമികളുടെ കയ്യടി നേടിയപ്പോൾ പുരസ്കാരങ്ങൾ ഒഴുകിയെത്തി. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം എന്നിവ ആ അഭിനയപ്രതിഭയ്ക്ക് കിട്ടിയ അർഹമായ ആദരവ് തന്നെയാണ്.

“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”യതിൻ്റെ ജ്വലിക്കുന്ന ഓർമകൾകൊണ്ടാവാം അവർ അന്ത്യയാമങ്ങളിലും ചെങ്കൊടിയോട് ചേർന്നു നിന്നു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സൺ എന്ന നിലയിൽ മലയാള നാടകവേദിക്ക് ലളിത നൽകിയ സംഭാവനകൾ സ്മരിക്കപ്പെടും.

കെ.പി. എ. സി. ലളിതയുടെ ആത്മകഥ പോലെ അവരുടെ ” കഥ തുടരും”. ആദരാഞ്ജലി.

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക